ഐറിഷ് കാർ വിപണിയിലെ അപ്രമാദിത്വം തുടർന്ന് ടൊയോട്ട; എന്നാൽ ഏറ്റവുമധികം പേർ വാങ്ങിയത് ഹ്യുണ്ടായുടെ ഈ മോഡൽ!

അയര്‍ലണ്ടില്‍ പുതിയ കാറുകളുടെ വില്‍പ്പന ഒരു വര്‍ഷത്തിനിടെ 15% ഉയര്‍ന്നു. ഇക്കഴിഞ്ഞ ജനുവരി മാസത്തില്‍ 31,470 പുതിയ കാറുകളുടെ രജിസ്‌ട്രേഷനാണ് രാജ്യത്ത് നടന്നത്.

പുതിയ ഇലക്ട്രിക് കാറുകളുടെ വില്‍പ്പന വീണ്ടും ഉയരുന്നതാണ് വിപണിയിലെ ഇപ്പോഴത്തെ ട്രെന്‍ഡ്. 2023 ജനുവരിയില്‍ 3,674 ഇ-കാറുകളുടെ വില്‍പ്പനയാണ് നടന്നതെങ്കില്‍ ഈ ജനുവരിയില്‍ അത് 4,109 ആയി ഉയര്‍ന്നു. ആകെ വില്‍ക്കപ്പെടുന്ന പുത്തന്‍ കാറുകളില്‍ 13% ആണ് ഇവികള്‍.

അതേസമയം നിലവില്‍ പെട്രോള്‍ ഉപയോഗിക്കുന്ന കാറുകള്‍ തന്നെയാണ് വില്‍പ്പനയില്‍ മുന്നില്‍- 32% ആണ് ഇവയുടെ വിപണി പങ്കാളിത്തം. പെട്രോള്‍- ഇലക്ട്രിക് ഹൈബ്രിഡുകള്‍ 24%, ഡീസല്‍ 22% എന്നിങ്ങനെയാണ് മറ്റ് കാറുകളുടെ വില്‍പ്പന. ജനുവരിയിലെ ആകെ വില്‍പ്പനയില്‍ 8% പ്ലഗ്-ഇന്‍ ഹൈബ്രിഡ്‌സ് (PHEVs) ആണ്.

അയര്‍ലണ്ടില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുന്ന ഇവി ഹ്യുണ്ടായിയുടെ Kona EV ആണ്. Volkaswagen ID.4, BYD Sea, MG4, VW ID.3, Skoda Enyaq എന്നിവയാണ് പിന്നാലെ.

അതേസമയം രാജ്യത്ത് ഏറ്റവുമധികം വില്‍ക്കപ്പെടുന്ന കാര്‍ ബ്രാന്‍ഡായി ടൊയോട്ട തുടരുകയാണ്. ജനുവരിയില്‍ 5,457 ടൊയോട്ട മോഡലുകളാണ് വിറ്റുപോയത്. 3,796 കാറുകള്‍ വിറ്റ ഹ്യുണ്ടായിയാണ് രണ്ടാം സ്ഥാനത്ത്. 3,005 വില്‍പ്പനകളോടെ ഫോക്‌സ്‌വാഗണ്‍ മൂന്നാമതെത്തി.

അയര്‍ലണ്ടില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന കാര്‍ മോഡല്‍ ഇത്തവണയും ഹ്യുണ്ടായ് Tuscon ആണ്. 1,899 പേരാണ് ജനുവരിയില്‍ ഈ മോഡല്‍ സ്വന്തമാക്കിയത്.

Share this news

Leave a Reply

%d bloggers like this: