പ്രതിഷേധങ്ങൾക്കിടെ പേരുമാറ്റി കോർക്കിലെ ഏറ്റവും വലിയ സ്റ്റേഡിയം; ഇനി അറിയപ്പെടുക ‘SuperValu Pairc Uí Chaoi’ എന്ന പേരിൽ

കോര്‍ക്കിലെ ഏറ്റവും വലിയ സ്‌റ്റേഡിയമായ Pairc Uí Chaoimh ഇനി അറിയപ്പെടുക ‘SuperValu Pairc Uí Chaoi’ എന്ന പേരില്‍. സൂപ്പര്‍മാര്‍ക്കറ്റ് ഭീമന്മാരായ SuperValu-വുമായി 10 വര്‍ഷത്തെ കരാറില്‍ ഏര്‍പ്പെട്ടതിനെത്തുടര്‍ന്നാണ് പേരുമാറ്റമെന്ന് Cork GAA (Gaelic Athletic Association) അറിയിച്ചു.

അതേസമയം സൂപ്പര്‍മാര്‍ക്കറ്റിന്റെ പേര് സ്റ്റേഡിയത്തിനൊപ്പം ചേര്‍ക്കാനുള്ള നീക്കത്തിനെതിരെ നേരത്തെ GAA ആരാധകര്‍, രാഷ്ട്രീയക്കാര്‍ മുതലായവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അയര്‍ലണ്ടിന്റെ സ്വാതന്ത്രത്തിനായി പോരാടിയ Pádraig Ó Caoimh-ന്റെ പേരാണ് സ്റ്റേഡിയത്തിന് നല്‍കിയിരിക്കുന്നത്. മുന്‍ GAA ജനറല്‍ സെക്രട്ടറിയുമായിരുന്നു അദ്ദേഹം. Ó Caoimh-ന്റെ ചെറുമകനും പേരുമാറ്റം നടത്തുന്നതിനെതിരെ രംഗത്ത് വന്നിരുന്നു.

ഇതെത്തുടര്‍ന്ന് സര്‍ക്കാര്‍ സഹായം ലഭിച്ച സ്‌റ്റേഡിയങ്ങള്‍ക്ക് വാണിജ്യാവശ്യങ്ങള്‍ക്കായി പേര് മാറ്റാന്‍ സാധിക്കില്ലെന്ന് സര്‍ക്കാര്‍ നിലപാടെടുക്കുകയും ചെയ്തിരുന്നു. 30 മില്യണ്‍ യൂറോയുടെ സര്‍ക്കാര്‍ ധനസഹായമാണ് വികസനപ്രവര്‍ത്തനങ്ങള്‍ക്കായി Pairc Uí Chaoimh സ്റ്റേഡിയത്തിന് ലഭിച്ചത്.

എന്നാല്‍ കഴിഞ്ഞ ദിവസം കോര്‍ക്ക് കൗണ്ടി ബോര്‍ഡ് ഇക്കാര്യം ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന യോഗത്തില്‍ പേരുമാറ്റത്തിന് അംഗങ്ങളെല്ലാവരും ഏകകണ്ഠമായി യോജിപ്പ് അറിയിച്ചതായും, ഉടനടി പേരുമാറ്റ നടപടികളിലേയ്ക്ക് കടക്കുകയാണെന്നും Cork GAA അറിയിക്കുകയായിരുന്നു. സര്‍ക്കാരുമായി കൂടിയോലോചിച്ച ശേഷമാണ് തീരുമാനമെന്നും GAA പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: