അയർലണ്ടിൽ അനധികൃത കുടിയേറ്റത്തിനെതിരെ കർശന നടപടി: കുടിയേറ്റം കുറയുമോ?

അയര്‍ലണ്ടിലേയ്ക്കുള്ള കുടിയേറ്റത്തിന് എതിരല്ല സര്‍ക്കാരെന്നും, അതേസമയം അനധികൃത കുടിയേറ്റത്തിനെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്നും പ്രധാനമന്ത്രി ലിയോ വരദ്കര്‍. അയര്‍ലണ്ടിലെ ‘അയഞ്ഞ സംവിധാനങ്ങള്‍’ മുതലെടുക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയാണ് നടപടിയെന്നും ഡബ്ലിനില്‍ നടന്ന ഒരു പരിപാടിയില്‍ അദ്ദേഹം വ്യക്തമാക്കി.

അയര്‍ലണ്ടില്‍ ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന്‍ അപേക്ഷ നല്‍കുന്നവരുടെ എണ്ണം പത്ത് മടങ്ങ് വര്‍ദ്ധിച്ചതായി വരദ്കര്‍ പറഞ്ഞു. സാധാരണയായി 2000-3000 അപേക്ഷകളാണ് ഒരു വര്‍ഷം ലഭിക്കാറ്. എന്നാല്‍ ഇത് പതിന്മടങ്ങായി വര്‍ദ്ധിച്ചിരിക്കുകയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യമാണ്.

അതേസമയം അനധികൃത കുടിയേറ്റത്തിനെതിരെ ശക്തമായ നടപടിയെടുക്കുന്നതിന്റെ ഭാഗമായി പൊതുവില്‍ അയര്‍ലണ്ടിലേയ്ക്കുള്ള കുടിയേറ്റം കുറയുമോ എന്ന ചോദ്യത്തിന്, അക്കാര്യത്തില്‍ ഉറപ്പില്ലെന്നാണ് പ്രധാനമന്ത്രി മറുപടി നല്‍കിയത്. നിലവിലുള്ള അയര്‍ലണ്ടിലെ കുടിയേറ്റ നയം നല്ലതാണെന്ന് അഭിപ്രായപ്പെട്ട വരദ്കര്‍, എല്ലാ കാലത്തും നമ്മള്‍ കൂടുതല്‍ പേരെ സ്വീകരിക്കുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

ഓരോ വര്‍ഷവും 40,000-ഓളം കുടിയേറ്റക്കാര്‍ക്കാണ് അയര്‍ലണ്ടില്‍ താമസിക്കാനും, ജോലി ചെയ്യാനുമായി സര്‍ക്കാര്‍ അനുമതി നല്‍കുന്നത്.

അതേസമയം ഈയിടെയായി കുടിയേറ്റ വിരുദ്ധരായ തീവ്രവലതുപക്ഷവാദികള്‍ വലിയ പ്രതിഷേധങ്ങള്‍ അയര്‍ലണ്ടില്‍ പലയിടത്തും നടത്തിവരികയാണ്. അഭയാര്‍ത്ഥികളെ താമസിപ്പിക്കുന്ന കെട്ടിടങ്ങള്‍ക്ക് മുമ്പില്‍ പ്രതിഷേധം നടത്തിവരുന്നതിനിടെ ഈയിടെ രണ്ട് കെട്ടിടങ്ങള്‍ക്ക് അജ്ഞാതര്‍ തീവെയ്ക്കുകയും ചെയ്തിരുന്നു.

Share this news

Leave a Reply

%d bloggers like this: