അയർലണ്ടിൽ ഗാർഡ നിങ്ങളെ അറസ്റ്റ് ചെയ്താൽ ചെയ്യേണ്ടത് എന്തെല്ലാം? നിങ്ങളുടെ അവകാശങ്ങളും നിയമവശങ്ങളും അറിയാം…

അഡ്വ. ജിതിൻ റാം

അയര്‍ലണ്ടില്‍ ഗാര്‍ഡ നമ്മളെ അറസ്റ്റ് ചെയ്‌താല്‍ എന്തെല്ലാമാണ് നമ്മള്‍ ചെയ്യേണ്ടത്? നമ്മുടെ അവകാശങ്ങള്‍ എന്തെല്ലാമാണ്? നമ്മുടെ മാതൃരാജ്യത്തെ അവകാശങ്ങളെ കുറിച്ച് പോലും നമ്മളില്‍ ആരെല്ലാമാണ് പൂര്‍ണ്ണമായും ബോധവാന്മാരായിട്ടുള്ളത്? അങ്ങനെയുള്ള നമ്മളില്‍ പലരും വിദേശ രാജ്യങ്ങളിലെത്തുമ്പോള്‍ നിയമങ്ങള്‍ അറിയാതെ അബദ്ധങ്ങളില്‍ ചെന്ന് ചാടാറുണ്ട്.

ഗാർഡയുടെ അറസ്റ്റിലാവുകയും എന്നാൽ നിയമത്തെ പറ്റിയും അവകാശങ്ങളെ പറ്റിയും കാര്യമായ അറിവില്ലാത്തതിനാൽ ബുദ്ധിമുട്ട് അനുഭവിക്കുകയും ചെയ്ത മലയാളി സുഹൃത്തുക്കൾ അടക്കമുള്ളവരുടെ അനുഭവം അറിഞ്ഞതാണ് ഇങ്ങനെ ഒരു ലേഖനം എഴുതാൻ കാരണമായത്.

നിങ്ങള്‍ പ്രായപൂര്‍ത്തിയായ ഒരു വ്യക്തിയാണെങ്കില്‍ അയര്‍ലണ്ടില്‍ ഗാര്‍ഡ അറസ്റ്റ് ചെയ്‌താല്‍ ഐറിഷ്, യൂറോപ്പ്യന്‍ നിയമങ്ങൾ പ്രകാരം നിങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള അവകാശം നിങ്ങള്‍ക്കുണ്ട്. അതിനായി നമുക്ക് എന്തെല്ലാം മാര്‍ഗങ്ങള്‍ സ്വീകരിക്കാം എന്നത് നോക്കാം.

  1. പ്രതികരിക്കാതിരിക്കാനുള്ള അവകാശം (right to remain silent)

നിങ്ങളെ ഏതെങ്കിലും കുറ്റത്തിനോ അല്ലെങ്കില്‍ കുറ്റകൃത്യം ചെയ്തതായി സംശയിക്കപ്പെടുന്നതിന്റെ പേരിലോ ഗാര്‍ഡ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെയിരിക്കാനുള്ള അവകാശം നിങ്ങള്‍ക്കുണ്ട്. അതേ സമയം നിങ്ങള്‍ എന്തെങ്കിലും സംസാരിക്കുന്നുണ്ട് എങ്കില്‍ അതെല്ലാം ഗാര്‍ഡ എഴുതി എടുക്കുകയും കോടതിയില്‍ തെളിവിനായി സമര്‍പ്പിക്കുകയും ചെയ്യുന്നതാണ്.

  1. വക്കീലിനെ വയ്ക്കുന്നതിനുള്ള അവകാശം (right to a lawyer)

നിങ്ങള്‍ ഗാര്‍ഡ സ്റ്റേഷനില്‍ ആയിരിക്കുമ്പോള്‍ നിങ്ങളെ സഹായിക്കാന്‍ ഒരു വക്കീലിനെ വയ്ക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഗാര്‍ഡയെ അത് അറിയിക്കുക. നിങ്ങള്‍ക്ക് അറിയുന്ന അഭിഭാഷകന്‍ ഇല്ലാത്ത പക്ഷം ഗാര്‍ഡ അടുത്തുള്ള അഭിഭാഷകരുടെ ലിസ്റ്റ് നിങ്ങള്‍ക്ക് തരേണ്ടതാണ്. അതില്‍ നിന്ന് നിങ്ങള്‍ക്ക് ഒരാളെ തിരഞ്ഞെടുക്കാം. നിങ്ങളുടെ വക്കീല്‍ വന്നതിനു ശേഷം മാത്രം അവരെയും കൂടെ റൂമില്‍ ഇരുത്തി ഗാര്‍ഡയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം കൊടുക്കാനുള്ള അവകാശവും നിങ്ങള്‍ക്കുണ്ട്.

അതേ സമയം നിങ്ങളുടെ വരുമാനം ഒരു നിശ്ചിത തുകയ്ക്ക് താഴെ ആണെങ്കില്‍ നിങ്ങള്‍ക്ക് സൗജന്യമായി ഒരു വക്കീലിനെ ലഭിക്കുന്നതാണ്.

നിങ്ങളുടെ അഭിഭാഷകനെ ബന്ധപ്പെടാന്‍ കഴിയാതെ വന്നാല്‍ നിങ്ങള്‍ക്ക് ഗാര്‍ഡയോട് ആവശ്യപ്പെടാവുന്ന കാര്യങ്ങള്‍ ഇതെല്ലാമാണ്
• അഭിഭാഷകന് ഒരു സന്ദേശമയക്കുക
• ഒരിക്കല്‍ കൂടി അഭിഭാഷകനുമായി ബന്ധപ്പെടുക
• മറ്റൊരു അഭിഭാഷകനെ നിയമിക്കാന്‍ ശ്രമിക്കുക

  1. വിവര്‍ത്തകനെ വയ്ക്കുന്നതിനുള്ള അവകാശം (right to an interpreter and translation of certain documents)

നിങ്ങള്‍ക്ക് ഇംഗ്ലീഷ് അറിയില്ല എങ്കില്‍ ഒരു വിവര്‍ത്തകനെ ഗാര്‍ഡ നിങ്ങള്‍ക്ക് ലഭ്യമാക്കി തരുന്നതാണ്. നിങ്ങളുടെ ഭാഷയില്‍ ഇതിനായുള്ള രേഖകള്‍ നിങ്ങളുടെ കയ്യില്‍ ആവശ്യമാണ്. ആവശ്യമെങ്കിൽ ഒരു ആംഗ്യ ഭാഷാ വിധഗ്ദ്ധനെയും ഇപ്രകാരം ലഭിക്കുന്നതാണ്. ഈ സേവനങ്ങള്‍ തികച്ചും സൗജന്യമാണ്. എന്നാല്‍ അറസ്റ്റിലായ ഉടന്‍ തന്നെ നിങ്ങള്‍ ഈ കാര്യം ഏതെങ്കിലും രീതിയില്‍ ഗാര്‍ഡയെ അറിയിക്കേണ്ടതാണ്.

  1. എംബസ്സി അല്ലെങ്കില്‍ കോണ്‍സുലേറ്റും ആയി ബന്ധപ്പെടാനുള്ള അവകാശം (right to contact your embassy or consulate)

നിങ്ങള്‍ ഒരു ഐറിഷ് പൌരന്‍ അല്ലാത്ത പക്ഷം ഗാര്‍ഡയോട് സംസാരിച്ച് നിങ്ങളുടെ രാജ്യത്തിന്‍റെ എംബസ്സിയുമായോ അല്ലെങ്കില്‍ കോണ്‍സുലേറ്റുമായോ ബന്ധപ്പെടുന്നതിനും നിങ്ങളെ സ്റ്റേഷനില്‍ തടവില്‍ വച്ചിരിയ്ക്കുന്ന കാര്യം അറിയിക്കുന്നതിനും ഉള്ള അവകാശമുണ്ട്.

  1. നിങ്ങള്‍ എവിടെയാണെന്ന് ആരെയെങ്കിലും അറിയിക്കുന്നതിനും അവര്‍ വന്ന്‍ കാണുന്നതിനും ഉള്ള അവകാശം (right to tell someone that you are at the garda station and receive a visit)

നിങ്ങള്‍ എവിടെയാണെന്ന് നിങ്ങളുടെ വക്കീലിനെ അല്ലാതെ മറ്റൊരാളെ കൂടി നിങ്ങള്‍ക്ക് അറിയിക്കണം എന്നുണ്ടെങ്കില്‍ നിങ്ങള്‍ക്കത് ഗാര്‍ഡയോട് പറയാവുന്നതാണ്. അവരുമായുള്ള സംഭാഷണം കേള്‍ക്കുന്നതിനുള്ള അവകാശം ഗാര്‍ഡക്കില്ല. എന്നാല്‍ അന്വേഷണത്തെ ബാധിക്കുന്ന രീതിയില്‍ എന്തെങ്കിലും സംഭവിക്കുമെന്ന് സംശയമുള്ള പക്ഷം ഇതിനുള്ള അവസരം ഗാര്‍ഡ നിഷേധിക്കുന്നതാണ്. അത്തരം സന്ദർഭങ്ങളിൽ ഗാർയുടെ മേൽനോട്ടത്തിൽ അവരുമായുള്ള കൂടിക്കാഴ്ച്ചക്ക് നിങ്ങള്‍ക്ക് അവകാശമുണ്ട്.

  1. എന്തിനാണ് നിങ്ങളെ അറസ്റ്റ് ചെയ്തിരിക്കുന്നത് എന്ന്‍ അറിയുന്നതിനുള്ള അവകാശം (right to know why you have been arrested)

എന്തുകൊണ്ടാണ് നിങ്ങളെ അറസ്റ്റ് ചെയ്യുന്നത് എന്ന കാര്യം അറസ്റ്റ് ചെയ്യുമ്പോള്‍ അല്ലെങ്കില്‍ ചെയ്യപ്പെട്ട ഉടന്‍ തന്നെ നിങ്ങളും നിങ്ങളുടെ വക്കീലും അറിഞ്ഞിരിക്കണം. എങ്കിലേ നിങ്ങള്‍ക്ക് മുന്നോട്ട് എന്താണ് ചെയ്യാന്‍ കഴിയുക എന്ന്‍ മനസ്സിലാക്കാന്‍ കഴിയൂ.
• നിങ്ങള്‍ നടത്തി എന്ന്‍ വിശ്വസിക്കുന്ന കുറ്റകൃത്യം ഏത് തരത്തിലുള്ളതാണ്
• എന്ന്, എവിടെ വെച്ച് നിങ്ങള്‍ ഈ കുറ്റം ചെയ്തതായാണ് അവര്‍ കരുതുന്നത്
• എന്തുകൊണ്ടാണ് നിങ്ങളാണ് ആ കുറ്റം ചെയ്തതതെന്ന് അവര്‍ വിശ്വസിക്കുന്നത്
• എന്തുകൊണ്ടാണ് നിങ്ങളെ സ്റ്റേഷനില്‍ തടവില്‍ വയ്ക്കണം എന്ന് അവര്‍ ചിന്തിക്കുന്നത്
എന്നീ കാര്യങ്ങള്‍ നിങ്ങളെ അറിയിക്കാൻ ഗാർഡ ബാധ്യസ്ഥരാണ്.

  1. ത്ര നേരം നിങ്ങളെ തടവില്‍ വയ്ക്കും എന്ന്‍ അറിയുന്നതിനുള്ള അവകാശം (right to know about how long you can be detained)

നിങ്ങളെ എത്ര നേരം വരെ തടവില്‍ വെയ്ക്കും എന്നത് ഗാര്‍ഡ നിങ്ങളോട് വെളിപ്പെടുത്തണം. അത് അറിയുന്നതിനുള്ള അവകാശം നിങ്ങള്‍ക്ക് ഉണ്ട്. 6 മണിക്കൂര്‍ മുതല്‍ 7 ദിവസം വരെ നിങ്ങള്‍ ചെയ്തു എന്ന്‍ പറയപ്പെടുന്ന കുറ്റത്തിന്റെ ഗൗരവം കണക്കിലെടുത്ത് നിങ്ങളെ തടവില്‍ വെയ്ക്കാവുന്നതാണ്. ഉയര്‍ന്ന ഗാര്‍ഡ മേധാവി അല്ലെങ്കില്‍ ജില്ലാ അല്ലെങ്കില്‍ സര്‍ക്യൂട്ട് കോടതി എന്നിവയില്‍ നിന്നുള്ള ഉത്തരവ് ലഭിക്കുന്ന പക്ഷം കൂടുതല്‍ സമയം നിങ്ങളെ തടവില്‍ വയ്ക്കുന്നതിനും ഗാര്‍ഡക്ക് കഴിയും.

നിങ്ങളുടെ അഭിഭാഷകനുമായി ബന്ധപ്പെട്ട് ഇതിനെ കുറിച്ചുള്ള വിശദവിവരങ്ങള്‍ നിങ്ങള്‍ക്ക് അറിയാവുന്നതാണ്.

സ്റ്റേഷനിലെ തടവ് കാലാവധി കഴിഞ്ഞാൽ

• അടുത്ത 28 ദിവസത്തിനുള്ളില്‍ കോടതിയില്‍ ഹാജരാവണം എന്ന വ്യവസ്ഥയില്‍ ചുമതലയിലുള്ള ഗാര്‍ഡ ഉദ്യോഗസ്ഥന്‍ നിങ്ങള്‍ക്ക് സ്റ്റേഷന്‍ ജാമ്യം നല്‍കുന്നു.
• നിങ്ങളുടെ പേരില്‍ കുറ്റം ചുമത്തിയ ശേഷം തൊട്ടടുത്ത സിറ്റിങ്ങില്‍ ജില്ലാ കോടതിയില്‍ ഹാജരാക്കുന്നു
• കുറ്റം ചുമത്താതെ നിങ്ങളെ വിട്ടയക്കുകയും ഗാര്‍ഡ പിന്നീട് ഇത് സംബന്ധിച്ച ഫയല്‍ Director of public prosecution-ന് സമര്‍പ്പിക്കുകയും ചെയ്യുന്നു.
• ഗാര്‍ഡയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ അല്ലെങ്കില്‍ കോടതി എന്നിവയുടെ സമ്മതത്തോടെ നിങ്ങളെ കൂടുതല്‍ കാലത്തേക്ക് അന്വേഷണത്തിനായി റിമാന്‍ഡില്‍ വയ്ക്കുന്നു.

മേൽ പറഞ്ഞവയില്‍ ഏതെങ്കിലും ഒന്ന് നിങ്ങളെ തടവില്‍ വയ്ക്കുന്നതിന്റെ സമയം അവസാനിക്കുന്നതോടെ നടപ്പിലാക്കുന്നതാണ്.

നിങ്ങളുടെ തടവില്‍ വയ്ക്കുന്നതിനുള്ള കാലാവധി നീട്ടികിട്ടാനായി താഴെ പറയുന്ന കാര്യങ്ങള്‍ ഗാര്‍ഡ കോടതിയെ ബോധ്യപ്പെടുത്തേണ്ടതാണ്
• ഗാര്‍ഡയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥന് നിങ്ങളെ തടവില്‍ വയ്ക്കുന്നതിനുള്ള സമ്മതം തരാന്‍ കഴിയാത്ത പക്ഷം കാലാവധി നീട്ടി കിട്ടുന്നതിനായി നിങ്ങളെ കോടതിയില്‍ ഹാജരാക്കണം
• എന്തുകൊണ്ട് നിങ്ങളെ കൂടുതല്‍ സമയം തടവില്‍ വെയ്ക്കണം എന്നതിനെ കുറിച്ചും നിങ്ങള്‍ക്കെതിരെയുള്ള തെളിവുകളെ കുറിച്ചും അടങ്ങുന്ന രേഖകള്‍ ഗാര്‍ഡ നിങ്ങള്‍ക്ക് നല്‍കണം.
• നിങ്ങളെ തടവില്‍ വയ്ക്കുന്നത് ആവശ്യമാണെന്നും നിങ്ങള്‍ക്കെതിരെയുള്ള അന്വേഷണം സൂക്ഷ്മമായും കുറ്റമറ്റതാണെന്നും കോടതിക്ക് ബോധ്യമാകണം.

  1. തെളിവുകളെ കുറിച്ച് അറിയുന്നതിനുള്ള അവകാശം (right to know about evidence)

ചോദ്യം ചെയ്യലില്‍ നിങ്ങളെ അറസ്റ്റ് ചെയ്യാന്‍ കാരണമായ തെളിവുകള്‍ എതെല്ലാമാണോ അവ ഗാര്‍ഡ നിങ്ങളെ അറിയിക്കേണ്ടതാണ്, അവ നിങ്ങള്‍ക്കും നിങ്ങളുടെ അഭിഭാഷകനും ലഭ്യമാക്കേണ്ടതുമാണ്.

  1. വൈദ്യ സഹായം ലഭിക്കുന്നതിനുള്ള അവകാശം (right to medical help)

തടവില്‍ ഉള്ള സമയത്ത് നിങ്ങള്‍ക്ക് ഏതെങ്കിലും രീതിയിലുള്ള വൈദ്യ സഹായം ആവശ്യമായി വരികയാണെങ്കില്‍ ഗാര്‍ഡയോട് അറിയിക്കുന്ന പക്ഷം അവര്‍ നിങ്ങളെ ഹോസ്പിറ്റലില്‍ എത്തിക്കുകയോ അല്ലെങ്കില്‍ സ്റ്റേഷനില്‍ ഡോക്ടറുടെ സഹായം ലഭ്യമാക്കുകയോ ചെയ്യേണ്ടതാണ്. നിങ്ങള്‍ മരുന്നുകള്‍ ഉപയോഗിക്കുന്ന ആളാണ്‌ എങ്കില്‍ നിങ്ങളുടെ കയ്യിലുള്ള മരുന്നുകള്‍ ഗാര്‍ഡയുടെ പരിശോധനയ്ക്ക് ശേഷം നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതുമാണ്

  1. ജാമ്യത്തിന് അപേക്ഷിക്കുന്നതിനുള്ള അവകാശം (right to apply for bail)

നിങ്ങളില്‍ ഏതെങ്കിലും രീതിയിലുള്ള കുറ്റം ആരോപിക്കപ്പെടുന്ന പക്ഷം നിങ്ങള്‍ക്ക് ജാമ്യത്തിന് അപേക്ഷിക്കാവുന്നതാണ്. കോടതി അല്ലെങ്കില്‍ സ്റ്റേഷന്‍റെ ചുമതലയുള്ള ആള്‍ എന്നിവര്‍ക്ക് നിങ്ങളുടെ ജാമ്യം അനുവദിക്കുന്നതിനോ നിഷേധിക്കുന്നതിനോ ഉള്ള അധികാരമുണ്ട്.
ജാമ്യം എന്നുള്ളത് നിങ്ങളുടെ ഉത്തരവാദിത്തത്തിലോ അല്ലെങ്കില്‍ മറ്റൊരാളുടെ ആള്‍ ജാമ്യത്തിലോ കോടതി വിചാരണയ്ക്കായി കോടതിയില്‍ ഹാജരാവും എന്ന ഉറപ്പിന്മേല്‍ വിട്ടയക്കുന്നതാണ്. കുറ്റം ചുമത്തപ്പെട്ടയാള്‍ അത് ചെയ്തു എന്ന് നിരുപാധികം തെളിയിക്കപ്പെട്ടാല്‍ മാത്രമേ അയാള്‍ ശിക്ഷക്ക് അര്‍ഹനാവുന്നുള്ളൂ എന്ന തത്വം അടിസ്ഥാനപ്പെടുത്തിയാണ് ജാമ്യം അനുവദിക്കുന്നത്.

ഗാര്‍ഡ സ്റ്റേഷനില്‍ നിങ്ങള്‍ തടവിലായിരിക്കുമ്പോള്‍ നിങ്ങള്‍ക്ക് ലഭ്യമാകേണ്ട സൗകര്യങ്ങള്‍ താഴെ പറയുന്നവയാണ്.

1) നിങ്ങളുടെ ജയിലറ
തടവില്‍ ആയിരിക്കുമ്പോള്‍ നിങ്ങളെ പാര്‍പ്പിച്ചിരിക്കുന്നത് ഒരു ജയില്‍ മുറിയില്‍ ആയിരിക്കണം. മാത്രമല്ല അത് വൃത്തിയുള്ളതും, ഇളം ചൂടുള്ളതും, വെളിച്ചം ഉള്ള മുറിയുമായിരിക്കണം. നിങ്ങളുടെ കിടക്കകള്‍ വൃത്തിയുള്ളതായിരിക്കണം. കൂടാതെ ടോയ്ലറ്റ് സൗകര്യവും വാഷിനുള്ള സൗകര്യവും നിങ്ങള്‍ക്കുണ്ടായിരിക്കണം.

2) തുണികള്‍
നിങ്ങളുടെ വസ്ത്രങ്ങള്‍ ഗാര്‍ഡ പിടിച്ചെടുത്തിട്ടുണ്ടെങ്കില്‍ ഗാര്‍ഡ നിങ്ങള്‍ക്ക് മറ്റൊരു വസ്ത്രം നല്‍കേണ്ടതാണ്. അല്ലെങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ കുടുംബത്തില്‍പ്പെട്ടവരോടോ സുഹൃത്തുക്കളോടോ വേറെ വസ്ത്രം കൊണ്ടുവരാന്‍ പറയാവുന്നതുമാണ്.

3) ഭക്ഷണവും വെള്ളവും
നിങ്ങള്‍ സ്റ്റേഷനില്‍ ആയിരിക്കുമ്പോള്‍ നിങ്ങള്‍ക്ക് കൃത്യമായി വെള്ളവും ഭക്ഷണവും നല്‍കേണ്ട ബാന്ധ്യത ഗാര്‍ഡക്ക് ഉണ്ട്. ഇവയ്ക്ക് പണം ഈടാക്കുന്നുമില്ല.

4) വ്യായാമം
കഴിയുമെങ്കില്‍ ദിവസവും പുറത്തിറക്കുകയും ശുദ്ധവായു ശ്വസിക്കാന്‍ നിങ്ങള്‍ക്ക് അവസരം തരികയും ചെയ്യണം. വ്യായാമവും ചെയ്യാം.

5) വിശ്രമം
തടങ്കലില്‍ ഇരിക്കുന്ന 24 മണിക്കൂറില്‍ കുറഞ്ഞത് 8 മണിക്കൂര്‍ എങ്കിലും നിങ്ങള്‍ക്ക് വിശ്രമ സമയം തന്നിരിക്കണം.

6) നിങ്ങള്‍ സ്റ്റേഷനില്‍ ഉണ്ടാവുന്ന സമയത്തെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ ലഭിക്കുക
നിങ്ങള്‍ സ്റ്റേഷനില്‍ ഉള്ള അത്രയും സമയത്തെ എല്ലാ കാര്യങ്ങളും ഏഴുതി സൂക്ഷിക്കപ്പെടും. കസ്റ്റഡി റെക്കോര്‍ഡ് എന്നാണ് ഇത് അറിയപ്പെടുന്നത്. നിങ്ങള്‍ സ്റ്റേഷനില്‍ നിന്നും പോരുന്ന സമയത്ത് നിങ്ങള്‍ക്കോ നിങ്ങളുടെ വക്കീലിനോ ഈ രേഖ ലഭിക്കുന്നതിനായി ആവശ്യപ്പെടാവുന്നതാണ്.

ഗാര്‍ഡ സ്റ്റേഷനില്‍ ആയിരിക്കുമ്പോള്‍ തന്നെ എങ്ങനെ ഒരു പരാതി സമര്‍പ്പിക്കാം?

ഗാര്‍ഡയുടെ പെരുമാറ്റത്തില്‍ നിങ്ങള്‍ക്ക് ഏതെങ്കിലും രീതിയിലുള്ള അതൃപ്തി ഉണ്ടെങ്കില്‍ സ്റ്റേഷന്‍റെ ചുമതലയുള്ള ഉദ്യോഗസ്ഥന് പരാതി സമര്‍പ്പിക്കാവുന്നതാണ്. തടവില്‍ ഇരിക്കുന്ന അത്രയും സമയം നിങ്ങളുടെ ഉത്തരവാദിത്തം ഈ ഉദ്യോഗസ്ഥനായിരിക്കും. ഗാര്‍ഡ നിങ്ങളെ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെങ്കില്‍ അക്കാര്യം നിങ്ങള്‍ ഡോക്ടറോട് പറയുകയും, ദേഹത്തുള്ള മുറിവുകള്‍ രേഖപ്പെടുത്താന്‍ പറയേണ്ടതുമാണ്.

ഗാര്‍ഡ സ്റ്റേഷനില്‍ നിന്നും ഇറങ്ങിയ ശേഷം എങ്ങനെ നിങ്ങള്‍ക്ക് ഒരു പരാതി സമര്‍പ്പിക്കാം?

സ്റ്റേഷനില്‍ വച്ച് ഗാര്‍ഡയുടെ പെരുമാറ്റത്തില്‍ ഏതെങ്കിലും രീതിയിലുള്ള അതൃപ്തി നിങ്ങള്‍ക്കുണ്ടായെങ്കില്‍ Garda Síochána Ombudsman Commission (GSOC)-ലേക്ക് നിങ്ങള്‍ക്ക് പരാതി സമര്‍പ്പിക്കാവുന്നതാണ്. അതിനായി https://www.gardaombudsman.ie/make-a-complaint/ എന്ന ലിങ്കില്‍ പരാതി രേഖപ്പെടുത്തുകയോ അല്ലെങ്കില്‍ 1890 600 800 എന്ന നമ്പറില്‍ വിളിക്കുകയോ ചെയ്യുക.

Adv. Jithin Ram

Mob: 089 211 3987

Louis Kennedy Solicitors

Email: info@louiskennedysolicitors.ie

കടപ്പാട്: അഡ്വ. ജയ തറയിൽ, ലൂയിസ് കെന്നഡി സോളിസിറ്റേഴ്സ്

Share this news

Leave a Reply

%d bloggers like this: