അയർലണ്ടിലെ പ്രൈവറ്റ് കമ്പനികളിൽ 4 മുതൽ 6% വരെ ശമ്പള വർദ്ധന വേണമെന്ന് റിപ്പോർട്ട്

നിലവിലെ പണപ്പെരുപ്പം അതിജീവിക്കാനായി രാജ്യത്തെ സ്വകാര്യ മേഖലയിലെ ശമ്പളം 4 മുതല്‍ 6 ശതമാനം വരെ വര്‍ദ്ധിപ്പിക്കണമെന്ന് Irish Congress of Trade Unions (ICTU). ഈ വര്‍ഷം 3 ശതമാനത്തില്‍ കൂടുതലും, അടുത്ത രണ്ട് വര്‍ഷത്തില്‍ 5 ശതമാനത്തില്‍ കൂടുതലും ശമ്പളവര്‍ദ്ധനയാണ് ജീവിതച്ചെലവ് പിടിച്ചുനിര്‍ത്താനായി ICTU ആവശ്യപ്പെട്ടിരിക്കുന്നത്.

രാജ്യത്തെ സ്വകാര്യ തൊഴിലിടങ്ങളിലെ ശമ്പളവര്‍ദ്ധനയുമായി ബന്ധപ്പെട്ട് ഈ വര്‍ഷത്തെ റിപ്പോര്‍ട്ട് ICTU തിങ്കളാഴ്ചയാണ് പുറത്തുവിട്ടത്. സ്വകാര്യമേഖലയിലെ തൊഴിലാളി സംഘടനകള്‍ക്ക് നിലവിലെ സാഹചര്യം വ്യക്തമാക്കിക്കൊടുക്കുന്ന തരത്തിലുള്ളതാണ് റിപ്പോര്‍ട്ട്.

നിലവിലെ പണപ്പെരുപ്പ നിരക്കിനും അധികമായുള്ള ശമ്പള വര്‍ദ്ധനയാണ് ജീവിതച്ചെലവ് അതിജീവിക്കാനുള്ള മാര്‍ഗ്ഗമെന്നാണ് ICTU ജനറല്‍ സെക്രട്ടറി Owen Reidy പറയുന്നത്. ഈ വര്‍ഷം 3 ശതമാനത്തോളം പണപ്പെരുപ്പനിരക്കാണ് പ്രവചിക്കപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനാല്‍ത്തന്നെ കുറഞ്ഞ ശമ്പളത്തില്‍ 3 ശതമാനത്തിലധികം വര്‍ദ്ധന വേണം. അടുത്ത രണ്ട് വര്‍ഷത്തില്‍ 5 ശതമാനത്തിലധികവും.

ഇക്കാര്യം ഉയര്‍ത്തിക്കാട്ടി സ്വകാര്യ മേഖലയിലെ തൊഴിലാളി യൂണിയനുകള്‍ തൊഴില്‍ദാതാക്കളുമായി ചര്‍ച്ച നടത്തുന്നതാണ് അഭികാമ്യമെന്നും Reidy അഭിപ്രായപ്പെട്ടു.

ഇതിന് പുറമെ കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നും ICTU റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പുതുതായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് മെച്ചപ്പെട്ട ശമ്പളം നല്‍കുകയും വേണം.

Share this news

Leave a Reply

%d bloggers like this: