അയർലണ്ടിൽ മൂന്ന് പേർക്ക് കൂടി മീസിൽസ് എന്ന് സംശയം; മുൻകരുതൽ അത്യാവശ്യം

അയര്‍ലണ്ടില്‍ മൂന്ന് പേര്‍ക്ക് കൂടി മീസില്‍സ് ബാധയെന്ന് സംശയിക്കുന്നതായി Health Protection Surveillance Centre (HPSC). ഫെബ്രുവരി 4 മുതല്‍ 10 വരെ തീയതികളിലാണ് മൂന്ന് രോഗികളില്‍ മീസില്‍സ് ലക്ഷണങ്ങള്‍ കണ്ടെത്തിയത്.

കഴിഞ്ഞയാഴ്ചയാണ് രാജ്യത്ത് മീസില്‍സ് ബാധിച്ച് 48-കാരന്‍ മരിച്ചത്. ഇദ്ദേഹത്തിന് യു.കെ സന്ദര്‍ശനവേളയിലാണ് രോഗം ബാധിച്ചതെന്നാണ് കരുതുന്നത്. യു.കെയില്‍ മീസില്‍സ് ഗുരുതരമായ രീതിയില്‍ പടര്‍ന്നുപിടിച്ചിരിക്കുകയാണ്.

ഇതോടെ അയര്‍ലണ്ടിലും മീസില്‍സ് ബാധ പടരുന്നതായി ആശങ്കയുയരുകയും, കുട്ടികള്‍ക്ക് വാക്‌സിന്‍ ഉറപ്പാക്കാന്‍ ആരോഗ്യവകുപ്പ് രക്ഷിതാക്കളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.

ജനുവരി 28-നും ഫെബ്രുവരി 3-നും ഇടയില്‍ രാജ്യത്ത് മറ്റ് ഒമ്പത് പേര്‍ക്കും മീസില്‍സ് ബാധിച്ചതായി സംശയിക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നു.

2022-ല്‍ നാല് പേര്‍ക്ക് അയര്‍ലണ്ടില്‍ മീസില്‍സ് സ്ഥിരീകരിച്ചപ്പോള്‍ 2021-ല്‍ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല.

പനി, തുമ്മല്‍, കഫക്കെട്ട് എന്നിവയോടൊപ്പം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേയ്ക്കും, മരണത്തിലേയ്ക്കും നയിക്കാവുന്ന മീസില്‍സിനെതിരെ ശക്തമായ മുന്‍കരുതലുകള്‍ അത്യാവശ്യമാണ്. യൂറോപ്പില്‍ കഴിഞ്ഞ വര്‍ഷം 45 മടങ്ങ് വര്‍ദ്ധനയാണ് മീസില്‍സ് കേസുകളില്‍ ഉണ്ടായിരിക്കുന്നതെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍.

Share this news

Leave a Reply

%d bloggers like this: