അയർലണ്ടിൽ ജനിക്കുന്ന കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്: ഇയുവിൽ ഒമ്പതാം സ്ഥാനത്ത്

അയര്‍ലണ്ടിലെ ജനനനിരക്ക് കഴിഞ്ഞ 60 വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നിലയില്‍. യൂറോപ്യന്‍ കമ്മിഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, ഇയു ശരാശരിയെക്കാള്‍ തൊട്ട് മുകളില്‍ മാത്രമാണ് നിലവില്‍ രാജ്യത്തെ ജനനനിരക്ക്. അതേസമയം 1998-2011 കാലഘട്ടത്തില്‍ യൂറോപ്യന്‍ യൂണിയനില്‍ ഏറ്റവുമധികം ജനനിരക്ക് രേഖപ്പെടുത്തിയ രാജ്യങ്ങളിലൊന്ന് അയര്‍ലണ്ടിലായിരുന്നു.

എന്നാല്‍ 2010-ന് ശേഷം രാജ്യത്തെ ജനനനിരക്ക് വളരെയധികം കുറയുന്നതായാണ് കണ്ടുവരുന്നത്. 2021-22 കാലയളവിനിടെ ഉണ്ടായ കുറവ് 13.5% ആണ്. ഇതോടെ യൂറോപ്യന്‍ യൂണിയനില്‍ ജനനിരക്കിന്റെ കാര്യത്തില്‍ ഒമ്പതാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് അയര്‍ലണ്ട്. ഒരു വര്‍ഷം മുമ്പ് അഞ്ചാം സ്ഥാനത്തായിരുന്നു രാജ്യം.

ഇയുവിലെ ശരാശരി പ്രകാരം ഒരു സ്ത്രീക്ക് ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം 1.46 ആണ്. അയര്‍ലണ്ടിലെ കണക്കെടുത്താല്‍ നിലവില്‍ ഇത് 1.54 ആണ്. 2008-ല്‍ ഇത് 2.08-ഉം, 1960-ല്‍ 4.07-ഉം ആയിരുന്നു.

കോവിഡ് പിടിമുറുക്കിയ 2021-ല്‍ രാജ്യത്ത് 60,553 കുട്ടികള്‍ ജനിച്ചപ്പോള്‍, 2022-ല്‍ ഇത് 54,411 ആയി കുറഞ്ഞു.

അതേസമയം 2022-ല്‍ യൂറോപ്യന്‍ യൂണിയനിലാകെ ജനിച്ച കുട്ടികളുടെ എണ്ണമെടുത്താലും മുന്‍കാലത്തെക്കാളും റെക്കോര്‍ഡ് കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആകെ 3.88 മില്യണ്‍ കുഞ്ഞുങ്ങളാണ് 2022-ല്‍ ഇയുവില്‍ ജനിച്ചത്. ഇതാദ്യമായാണ് നവജാതശിശുക്കളുടെ എണ്ണം 4 മില്യണില്‍ താഴുന്നത്.

ഇയുവില്‍ നിലവില്‍ ഏറ്റവുമധികം ജനനനിരക്ക് ഫ്രാന്‍സിലാണ്. ഏറ്റവും കുറവ് മാള്‍ട്ടയിലും.

Share this news

Leave a Reply

%d bloggers like this: