അയര്‍ലണ്ടില്‍ 2026 ഏപ്രില്‍ വരെയുള്ള 12 മാസങ്ങള്‍ക്കിടെ ഭവനവില 6.2% വര്‍ദ്ധിച്ചതായി സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ്. അതേസമയം മാര്‍ച്ച് മാസം വരെയുള്ള ഒരു വര്‍ഷത്തിനിടെ ഇത് 6.7% ആയിരുന്നു.
ഏപ്രിലിലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഒരു വീട് വാങ്ങാനായി മുടക്കേണ്ട ശരാശരി തുക 394,980 യൂറോ ആയിരുന്നു. ഏപ്രില്‍ മാസത്തില്‍ മാത്രം 3,741 വീടുകളുടെ വില്‍പ്പനയും നടന്നു. വില വര്‍ദ്ധന ഏറ്റവുമധികം മിഡ്‌ലാന്‍ഡ്‌സ് പ്രദേശത്താണ്- 12.5%. സൗത്ത്-ഈസ്റ്റ് പ്രദേശത്തെ വില വര്‍ദ്ധനയാകട്ടെ 8.7 ശതമാനവും. അതേസമയം കോര്‍ക്ക്, കെറി എന്നിവിടങ്ങളില്‍ ഒരു വര്‍ഷത്തിനിടെ 4.1% മാത്രമാണ് ഭവനവില വര്‍ദ്ധിച്ചത്.
ഒരു മാസത്തിനിടെ ഭവനവില നിരക്ക് കുറഞ്ഞത് ആശ്വാസകരമാണെങ്കിലും ഇത് ഏറെക്കാലമുണ്ടാകില്ലെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. രാജ്യത്ത് പണപ്പെരുപ്പം അനുഭവപ്പെടുന്ന സാഹചര്യത്തില്‍ സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളോടെ ഭവനവില ഇനിയും ഉയരാനാണ് സാധ്യത. വിലക്കയറ്റത്തിന്റെ നിരക്ക് കുറഞ്ഞെങ്കിലും വില ഉയരുക തന്നെയാണെന്നും അവര്‍ വ്യക്തമാക്കുന്നു. അതിനാല്‍ത്തന്നെ സര്‍ക്കാരിന് കീഴില്‍ നിലവില്‍ നടക്കുന്ന ഭവനനിര്‍മ്മാണം അതേ വേഗത്തില്‍ തന്നെ തുടരേണ്ടതുണ്ട്.
രാജ്യത്തെ 18-34 പ്രായക്കാരായ 61.7% പേരും ഇപ്പോഴും അവരുടെ രക്ഷിതാക്കളുടെ വീടുകളില്‍ തന്നെയാണ് താമസിക്കുന്നത് എന്നത് രാജ്യത്തെ ഭവനപ്രതിസന്ധിയുടെ നേര്‍ക്കാഴ്ചയാണെന്ന് യൂറോസ്റ്റാറ്റിന്റെ റിപ്പോര്‍ട്ടും പറയുന്നു. ഇക്കാര്യത്തില്‍ യൂറോപ്യന്‍ യൂണിയനിലെ ശരാശരി 50% ആണ്. ഇത് ആളുകളുടെ സ്വാതന്ത്ര്യം കുറയ്ക്കുന്നുവെന്നും, ജീവിതത്തില്‍ പല കാര്യങ്ങളും തിരഞ്ഞെടുക്കാനുള്ള ശേഷി കുറയ്ക്കുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഭവനപ്രതിസന്ധിക്ക് സാമൂഹികപരമായി ഇത്തരം പ്രത്യാഘാതങ്ങള്‍ കൂടിയുണ്ടെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ട്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments