ഹന്റാവൈറസ് ബാധിച്ച ക്രൂസ് കപ്പലിലുള്ള ഐറിഷ് പൗരന്മാരെ തിരികെയെത്തിക്കാന്‍ ശ്രമമാരംഭിച്ചതായി പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍. ഏപ്രില്‍ 1-നാണ് ഡച്ച് കപ്പലായ എംവി ഹോണ്ടയസ് യാത്രക്കാരും ജീവനക്കാരുമായി വിവിധ രാജ്യങ്ങളിലെ 149 പൗരന്മാരുമായി സമുദ്രസഞ്ചാരമാരംഭിച്ചത്. ഇതിനിടെ കപ്പലിലുണ്ടായ വൈറസ് ബാധയെത്തുടര്‍ന്ന് മൂന്ന് പേര്‍ മരിച്ചിരുന്നു. നിലവില്‍ എട്ട് പേര്‍ക്ക് വൈറസ് ബാധയുണ്ടായതായാണ് ലോകാരോഗ്യസംഘടന പറയുന്നത്.
രോഗബാധയെത്തുടര്‍ന്ന് യാത്ര നിര്‍ത്തിവച്ചെങ്കിലും കപ്പല്‍ കരയ്ക്കടുപ്പിക്കാന്‍ സാധിക്കാതെ പടിഞ്ഞാറന്‍ ആഫ്രിക്കയിലെ കേപ്പ് വെര്‍ഡീക്ക് സമീപം കടലില്‍ തന്നെ നങ്കൂരമിട്ട് കിടക്കുകയാണ്. രോഗം പടരുമെന്ന ആശങ്ക കാരണം യാത്രക്കാരെ കേപ്പ് വെര്‍ഡീയില്‍ ഇറക്കുന്നതിന് അധികൃതര്‍ അനുമതി നിഷേധിക്കുകയും ചെയ്തിരുന്നു. കപ്പല്‍ സ്‌പെയിനിലെ ടെനറീഫില്‍ എത്തിച്ച് യാത്രക്കാരെ വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയരാക്കാനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്.
രണ്ട് ഐറിഷ് പൗരന്മാര്‍ കപ്പലിലുണ്ടെന്ന് ടൂര്‍ ഓപ്പറേറ്റര്‍മാരായ ഓഷ്യന്‍വൈഡ് എക്‌സ്‌പെഡിഷന്‍സ് അറിയിച്ചിട്ടുണ്ട്. കപ്പലില്‍ ജോലിക്കാരായി രണ്ട് ഇന്ത്യക്കാരും ഉള്ളതായാണ് വിവരം.
എലികളില്‍ നിന്നും പകരുന്ന മാരകമായ ഹന്റാവൈറസ്, മനുഷ്യരില്‍ ശ്വാസകോശത്തെയാണ് ബാധിക്കുന്നത്. നിലവില്‍ രോഗത്തിന് കൃത്യമായ ചികിത്സയോ, വാക്‌സിനോ ഇല്ല.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments