‘അനധികൃത കുടിയേറ്റക്കാരെ ജയിലിലടയ്ക്കണം, ജോലിക്കായി എത്തുന്ന ഇന്ത്യക്കാർക്ക് സ്വാഗതം’: ഡബ്ലിൻ സെൻട്രൽ സ്ഥാനാർത്ഥിയായ ജെറി ഹച്ച്

By Rose Malayalam Desk

അനധികൃത കുടിയേറ്റക്കാരെ തുറുങ്കിലടയ്ക്കണമെന്ന വിവാദപരമായ ആഹ്വാനവുമായി ഡബ്ലിന്‍ സെന്‍ട്രല്‍ ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയായ ജെറി ഹച്ച്. രാജ്യത്തെ നിരവധി കുറ്റകൃത്യങ്ങളില്‍ പ്രധാനിയും, മാഫിയ നേതാവുമാണ് ‘ദി മങ്ക്’ എന്ന് വിളിപ്പേരുള്ള ഹച്ച്. രാജ്യത്തെ സൈനിക ക്യാംപായ കുറായില്‍ ഇത്തരം കുടിയേറ്റക്കാരെ തടവിലടണമെന്നാണ് ഹച്ചിന്റെ ആഹ്വാനം.

തടവിലിടുന്ന കുടിയേറ്റക്കാര്‍ക്ക് ഭക്ഷണം മാത്രമേ നല്‍കാവൂ എന്നും, പണമോ, പാര്‍പ്പിടമോ നല്‍കരുത് എന്നും ഹച്ച് അഭിപ്രായപ്പെട്ടു. അതേസമയം ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ നിന്നും ജോലിക്കായി എത്തുന്നവരെ സ്വാഗതം ചെയ്യുന്നതായി പറഞ്ഞ ഹച്ച് സൊമാലിയ പോലുള്ള രാജ്യങ്ങളില്‍ നിന്നും വരുന്നവരെ തടവിലാക്കണമെന്നും കൂട്ടിച്ചേര്‍ത്തു. മക്‌ഡൊണാള്‍ഡ്‌സിലേത് പോലെ അയര്‍ലണ്ടുകാര്‍ ചെയ്യാന്‍ മടികാട്ടുന്ന ജോലികള്‍ക്കായി ഇവിടെ വിദേശികളെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞതായി ദി ഐറിഷ് എക്‌സാമിനര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതാദ്യമായാണ് ഹച്ച് തന്റെ രാഷ്ട്രീയ നിലപാടുകള്‍ പൊതുമധ്യത്തില്‍ തുറന്നുപറയുന്നത്.

അതേസമയം വലതുപക്ഷസ്വഭാവമുള്ള ഹച്ചിന്റെ വാക്കുകള്‍ ഇതിനകം വലിയ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. അയര്‍ലണ്ടുകാര്‍ തങ്ങളുടെ മക്കള്‍ മക്‌ഡൊണാള്‍ഡ്‌സ് പോലുള്ളയിടങ്ങളില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നും, അത്തരം ജോലികള്‍ കുടിയേറ്റക്കാര്‍ക്ക് നല്‍കണണമെന്നുമാണ് ഹച്ചിന്റെ വാദം.

ഹച്ചിന്റെ വാക്കുകള്‍ ഡൊണാള്‍ഡ് ട്രംപിന്റെ പാഠപപുസ്തകത്തില്‍ നിന്നുമുള്ളതാണെന്ന വിമര്‍ശനവുമായി ഡബ്ലിന്‍ സിറ്റി കൗണ്‍സിലറും, ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയുമായ ജാനറ്റ് ഹോര്‍ണര്‍ രംഗത്തെത്തി. സൊമാലിയയില്‍ നിന്നുമുള്ളവര്‍ക്കെതിരായ പ്രത്യേക പരാമര്‍ശം മുന്‍വിധിയോടെയുള്ളതും, ദോഷകരമായതുമാണെന്നും കുറ്റപ്പെടുത്തിയ ഹോര്‍ണര്‍, രാജ്യത്തേയ്ക്ക് അഭയം തേടി വരുന്ന എല്ലാവര്‍ക്കും അവരുടെ രാജ്യമോ, വംശമോ, മറ്റെന്തെങ്കിലുമോ അടിസ്ഥാനമാക്കിയല്ലാതെ, മറ്റുള്ളവര്‍ക്ക് നല്‍കുന്ന അതേ അന്തസ്സോടെ തന്നെ വേണം പരിഗണന നല്‍കാനെന്നും വ്യക്തമാക്കി. ഡബ്ലിന്‍ സെന്‍ട്രലിന് വേണ്ടത് യഥാര്‍ത്ഥത്തില്‍ പ്രശ്‌നപരിഹാരം നടത്തുന്നവരെയാണെന്നും, വിദ്വേഷവും, വിഘടനവും നടത്തുന്നതും, ഭയം സൃഷ്ടിക്കുന്നതുമായവരെയല്ലെന്നും ഹോര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. ഹച്ചിനെ പോലുള്ള തീവ്രവലതുപക്ഷ വാദികള്‍ക്കെതിരായി മെയ് 22-ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ജനം വോട്ട് ചെയ്യുമെന്നും അവര്‍ പറഞ്ഞു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments