ഗോൾവേ വെസ്റ്റ് ഉപതെരഞ്ഞെടുപ്പിൽ ഫിനഗേൽ സെനറ്റർ ഷോൺ കൈന് വിജയം. അവസാന വോട്ടെണ്ണലിൽ ഇൻഡിപെൻഡന്റ് അയർലണ്ടിന്റെ നോയൽ തോമസിനെ മറികടന്ന് കൈൻ പുതിയ ടിഡി ആയി തെരഞ്ഞെടുക്കപ്പെട്ടു. മുൻ ധനമന്ത്രി പാസ്കൽ ഡോണഹോ വേൾഡ് ബാങ്കിൽ ഉന്നത പദവി ഏറ്റെടുക്കാനായി രാജിവച്ചത്തോടെയാണ് ഇവിടെ സീറ്റ് ഒഴിവ് വന്നത്.
അതേസമയം 10,007 ഫസ്റ്റ് പ്രിഫറൻസ് വോട്ടുകളോടെ തോമസ് പോളിംഗിൽ ഒന്നാമതെത്തിയിരുന്നു. 9,647 വോട്ടുകളുമായി കൈൻ രണ്ടാമതും എത്തി. എന്നാൽ ലേബർ കൗൺസിലർ ഹെലൻ ഒഗ്ബുവിന്റെ വോട്ടുകൾ വിഭജിച്ചതിന് ശേഷം, തുടർന്നുള്ള വോട്ടെണ്ണലുകളിൽ കൈൻ വോട്ട് വിഹിതം കൂട്ടുകയും സീറ്റ് ഉറപ്പിക്കുകയും ചെയ്യുകയായിരുന്നു.
ഗോൾവേ ലോൺ ടെന്നീസ് ക്ലബ്ബിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ ഫലം പ്രഖ്യാപിച്ചപ്പോൾ അദ്ദേഹത്തെയും, ബിസിനസ്സ് മന്ത്രി പീറ്റർ ബർക്കിനെയും, ഫിന ഗേൽ നേതാവ് സൈമൺ ഹാരിസിനെയും ആളുകൾ തോളിലേറ്റുകയുണ്ടായി.
“2020-ൽ ഈ വോട്ടെണ്ണൽ കേന്ദ്രത്തിലാണ് എനിക്ക് സീറ്റ് നഷ്ടപ്പെട്ടത്, 2024-ൽ ഈ വോട്ടെണ്ണൽ കേന്ദ്രത്തിൽ വെച്ച് തന്നെ അത് തിരിച്ചുപിടിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു, അതിനാൽ ഇത് വളരെ സവിശേഷമാണ്.” വിജയത്തിന് ശേഷം കൈൻ പ്രതികരിച്ചു.
ഗോൾവേ വെസ്റ്റിലെ കൈന്റെ വിജയം “മധ്യവർത്തി രാഷ്ട്രീയത്തിന്റെ വിജയമായിരിക്കും” എന്ന് ഉപപ്രധാനമന്ത്രിയും ഫിനഗേൽ നേതാവുമായ സൈമൺ ഹാരിസ് നേരത്തെ പറഞ്ഞിരുന്നു. കൂടാതെ ഇത് ഫിനഗേൽ നല്ല നിലയിൽ തന്നെയാണ് എന്ന് കാണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments