അയർലണ്ടിൽ 2026-ലെ ആദ്യ മൂന്ന് മാസങ്ങളിൽ നിർമ്മാണം പൂർത്തിയാക്കിയത് റെക്കോർഡ് പാർപ്പിടങ്ങൾ

By Rose Malayalam Desk

അയര്‍ലണ്ടില്‍ ഈ വര്‍ഷം ആദ്യ പാദത്തില്‍ (ജനുവരി,ഫെബ്രുവരി,ഏപ്രില്‍) പണികഴിപ്പിച്ച വീടുകളുടെ എണ്ണം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെക്കാള്‍ 33% അധികമെന്ന് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് (CSO) റിപ്പോര്‍ട്ട്. ഭവനമേഖലയ്ക്ക് ആശ്വാസം പകരുന്ന പുതിയ റിപ്പോര്‍ട്ടില്‍ 2026-ലെ ആദ്യ മൂന്ന് മാസങ്ങള്‍ക്കിടെ 7,856 വീടുകള്‍ പണി പൂര്‍ത്തിയാക്കിയതായി CSO വ്യക്തമാക്കി. 2011-ന് ശേഷം ഒരു വര്‍ഷത്തിലെ ആദ്യ മൂന്ന് മാസങ്ങളില്‍ ഇത്രയധികം വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നത് ഇതാദ്യമായാണ്.

നിര്‍മ്മാണം പൂര്‍ത്തിയായ ഈ വീടുകളില്‍ മൂന്നിലൊന്നും ഡബ്ലിനിലാണ്. അഞ്ചില്‍ ഒന്ന് സമീപ കൗണ്ടികളായ ലൂ, മീത്ത്, കില്‍ഡെയര്‍, വിക്ക്‌ലോ എന്നിവിടങ്ങളിലും. കൗണ്ടി ഡബ്ലിനിലെ ക്ലോണ്‍ഡാല്‍ക്കിന്‍ ആണ് ഏറ്റവുമധികം വീടുകള്‍ നിര്‍മ്മിക്കപ്പെട്ട ലോക്കല്‍ ഇലക്ടറല്‍ ഏരിയ. 518 വീടുകളാണ് ഇവിടെ 2026-ലെ ആദ്യ മൂന്ന് മാസത്തിനിടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

ഡബ്ലിന്‍ സിറ്റിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പാര്‍പ്പിടങ്ങളില്‍ ബഹുഭൂരിപക്ഷവും (95.3%) അപ്പാര്‍ട്ട്‌മെന്റുകളാണ്. രാജ്യമെമ്പാടുമായി ആകെ 2,355 അപ്പാര്‍ട്ട്‌മെന്റുകളുടെ നിര്‍മ്മാണവും പൂര്‍ത്തിയായി.

ഭവനനിര്‍മ്മാണം ശരിയായ ദിശയില്‍ നീങ്ങുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് ഭവനമന്ത്രി ജെയിംസ് ബ്രൗണ്‍ റിപ്പോര്‍ട്ടിനോട് പ്രതികരിച്ചു. റെക്കോര്‍ഡ് നിരക്കില്‍ പണിപൂര്‍ത്തിയാക്കിയ ഈ വീടുകള്‍ക്കൊപ്പം ഇതേ കാലയളവില്‍ നിര്‍മ്മാണമാരംഭിച്ച 8,400 വീടുകള്‍ കൂടി ചേരുമ്പോള്‍ മേഖല സ്ഥിരതയോടെ മുന്നേറുകയാണെന്ന് വ്യക്തമാകുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുതിനിടെ 2025-നും 2030-നും ഇടയില്‍ രാജ്യത്ത് 303,000 വീടുകള്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിനായി വര്‍ഷം 50,500 വീടുകള്‍ വീതമാണ് നിര്‍മ്മിക്കപ്പെടേണ്ടത്. പക്ഷേ നിലവിലെ നിരക്കിലാണെങ്കില്‍ ഈ വര്‍ഷം 10,000 വീടുകളുടെ കുറവ് പൂര്‍ത്തീകരണമാകും നടക്കുകയെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അതേസമയം മോശം കാലാവസ്ഥയടക്കം പുതിയ വീടുകളുടെ നിര്‍മ്മാണത്തെ ബാധിക്കുന്നുവെന്ന് പറഞ്ഞ സാമ്പത്തികവിദഗ്ദ്ധര്‍, ഇതിനിടയിലും കൂടുതല്‍ വീടുകള്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നത് തുടരുന്നതില്‍ പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments