നൈട്രസ് ഓക്‌സൈഡ് അഥവാ ലാഫിങ് ഗ്യാസ് ദുരുപയോഗം കാരണം ആരോഗ്യം വഷളായി അയര്‍ലണ്ടിലെ ആശുപത്രിയിലെത്തുന്നവരുടെ എണ്ണം നാലിരട്ടിയായി ഉയര്‍ന്നുവെന്ന് റിപ്പോര്‍ട്ട്. ഏപ്രില്‍ മാസത്തില്‍ പ്രസിദ്ധീകരിച്ച Irish Medical Journal (IMJ)-ല്‍ ആണ് ഈ ഗ്യാസ് ലഹരിക്കായി ഉപയോഗിച്ചതിനെത്തുടര്‍ന്ന് വിവിധ നാഡീ പ്രശ്‌നങ്ങളുമായി നിരവധി പേര്‍, പ്രത്യേകിച്ചും ചെറുപ്പക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയതായി വ്യക്തമാക്കിയിരിക്കുന്നത്.
നൈട്രസ് ഓക്‌സൈഡ് ശ്വസിക്കുന്നത് താല്‍ക്കാലികമായ ഉന്മാദം നല്‍കുമെന്നതാണ് പലരും മയക്കുമരുന്ന് പോലെ ഇത് ഉപയോഗിക്കാന്‍ കാരണം. എന്നാല്‍ അമിതമായതും, സ്ഥിരമായതുമായ ഉപയോഗം ശരീരത്തിലെ നാഡികള്‍ക്ക് പ്രശ്‌നമുണ്ടാക്കും. പ്രത്യേകിച്ചും സുഷുമ്‌നാ നാഡിയെയാണ് ഇത് ബാധിക്കുക. മാനസികാരോഗ്യവും ക്ഷയിപ്പിക്കും. മാത്രമല്ല നൈട്രസ് ഓക്‌സൈഡ് നിറച്ച ക്യാന്‍ തുറക്കുമ്പോഴുണ്ടാകുന്ന മൈനസ് 40 ഡിഗ്രി വരെയുള്ള തണുപ്പ്, അത് ഉപയോഗിക്കുന്നവരുടെ ചുണ്ട്, കൈകള്‍, തൊണ്ട എന്നിവിടങ്ങളിലെല്ലാം പരിക്കുകളുണ്ടാക്കാം. തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനം, നാഡികളുടെ പ്രവര്‍ത്തനം, ചുവന്ന രക്താണുക്കള്‍ എന്നിവയ്ക്ക് അനിവാര്യമായ ശരീരത്തിലെ വൈറ്റമിന്‍ ബി12 കുറയ്ക്കാനും നൈട്രസ് ഓക്‌സൈഡിന് സാധിക്കും.
2020 ആദ്യ പാദത്തിനും 2024 രണ്ടാം പാദത്തിനും ഇടയില്‍ ലാഫിങ് ഗ്യാസ് ഉപയോഗം കാരണം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത് 63 പേരാണ്. 2023-ലെ രണ്ടാം പാദത്തില്‍ മാത്രം 11 പേര്‍ക്കാണ് ചികിത്സ നല്‍കിയത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ ശരാശരി പ്രായം 19.68 വയസാണെന്നും, 71.4 ശതമാനം പേരും പുരുഷന്മാരും, 28.6 ശതമാനം സ്ത്രീകളുമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആകെ രോഗികളില്‍ 87.3 ശതമാനം പേരും ഡബ്ലിന്‍ പ്രദേശത്ത് നിന്നുള്ളവരായിരുന്നു എന്നും റിപ്പോര്‍ട്ട് പറയുന്നുണ്ട്.
വളരെ ചെറിയ കാലയളവിലാണ് രാജ്യത്ത് നൈട്രസ് ഓക്‌സൈഡ് ലഹരിക്കായി ഉപയോഗിക്കുന്നത് വ്യാപകമായതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍ യുവാക്കളെ ഇതിന്റെ ഉപയോഗത്തില്‍ നിന്നും പിന്തിരിപ്പിക്കാനായി പ്രത്യേക പദ്ധതി തന്നെ തയ്യാറാക്കണമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ബോധവല്‍ക്കരണം അടക്കമുള്ള കാര്യങ്ങള്‍ ഇതിന് അനിവാര്യമാണ്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments