അയർലണ്ടിൽ വീട് വാങ്ങാൻ തയ്യാറെടുക്കുന്നവർക്ക് ആശ്വാസമായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (CSO) പുതിയ റിപ്പോർട്ട്. 2026 മാർച്ച് വരെയുള്ള 12 മാസങ്ങൾക്കിടെ രാജ്യത്തെ വീടുകൾക്ക് വില വർദ്ധിച്ചത് 6.5% ആണ്. എന്നാൽ 2026 ഫെബ്രുവരി വരെയുള്ള 12 മാസങ്ങൾക്കിടെ ഇത് 6.7% ആയിരുന്നു. നേരിയ തോതിലാണെങ്കിലും ഭവന വില വർദ്ധനയിലെ ഈ കുറവ് പ്രതീക്ഷ പകരുന്നതാണ്. 2024 ഫെബ്രുവരിക്ക് ശേഷം (അന്ന് രേഖപ്പെടുത്തിയത് 6.2%) ഏറ്റവും കുറഞ്ഞ വാർഷിക വില വർദ്ധനയുമാണിത്.
ഡബ്ലിനിലെ കാര്യമെടുത്താൽ മാർച്ച് വരെയുള്ള ഒരു വർഷത്തിനിടെ 5.5% ആണ് ഭവനവില വർദ്ധിച്ചത്. ഡബ്ലിനു പുറത്ത് ഇത് 7.2% ആണ്.
പാർപ്പിടങ്ങളെ വീടുകളും അപ്പാർട്ട്മെന്റുകളും ആക്കി തിരിച്ചാൽ ഡബ്ലിനിൽ ഒരു വർഷത്തിനിടെ വീടുകൾക്ക് വില 5.1 ശതമാനവും, അപ്പാർട്ട്മെന്റുകൾക്ക് 7.8 ശതമാനവും ആണ് വർദ്ധന. ഡബ്ലിനിൽ വില ഏറ്റവും വർദ്ധിച്ച പ്രദേശം ഡബ്ലിൻ സിറ്റി ആണ്- 6%. ഫിൻഗാളിൽ വില 3.4 ശതമാനം മാത്രമേ വർദ്ധിച്ചുള്ളൂ.
ഡബ്ലിനു പുറത്ത് വീടുകൾക്ക് 6.8 ശതമാനം വില കൂടിയപ്പോൾ, അപ്പാർട്ട്മെന്റുകൾക്ക് 12 ശതമാനമാണ് വില വർദ്ധിച്ചത്. ഇവിടെ വില ഏറ്റവുമധികം വർദ്ധിച്ചത് മിഡ്‌ലാൻഡ്‌സിലെ Laois, Longford, Offaly, Westmeath എന്നിവിടങ്ങളിലാണ്- 13.4%. എന്നാൽ മറുവശത്ത് കോർക്ക്, കെറി എന്നിവിടങ്ങളിലെ വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ 3.6 ശതമാനം മാത്രമാണ് 12 മാസങ്ങൾക്കിടെയുള്ള ഭവന വില വർദ്ധന.
മാർച്ച് വരെയുള്ള ഒരു വർഷത്തിനിടെ അയർലണ്ടിൽ വീട് വാങ്ങാൻ ആളുകൾ മുടക്കിയത് ശരാശരി 390,461 യൂറോ ആണെന്നും CSO റിപ്പോർട്ട് വ്യക്തമാക്കുന്നു. ഏറ്റവും ഉയർന്ന ശരാശരി വില ഉണ്ടായിരുന്ന പ്രദേശം Dún Laoghaire-Rathdown ആണ്- 685,000 യൂറോ. ഏറ്റവും കുറഞ്ഞ ശരാശരി വിലയായ 200,000 യൂറോയ്ക്ക് വീടുകൾ വിറ്റുപോയത് Donegal, Longford എന്നിവിടങ്ങളിലും.
മാർച്ച് മാസത്തിൽ രാജ്യത്താകെ 4,123 വീടുകളുടെ വിൽപ്പനയാണ് നടന്നത്. 2025 മാർച്ചിൽ ഇത് 3,617 ആയിരുന്നു. 14% ആണ് ഇക്കാര്യത്തിലെ വർദ്ധന.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments