രാജ്യത്ത് 16,000-ഓളം ഉക്രൈൻകാർക്ക് നൽകിവരുന്ന സർക്കാർ ഉടമസ്ഥതയിലുള്ള താമസസൗകര്യം ഘട്ടംഘട്ടമായി പിൻവലിക്കാൻ സർക്കാർ തീരുമാനം.പുതുതായി എത്തുന്ന ഉക്രൈൻ അഭയാർത്ഥികൾക്ക് സർക്കാർ താമസസൗകര്യത്തിൽ കഴിയാവുന്ന സമയം 90 ദിവസത്തിൽ നിന്ന് 30 ദിവസമായി സർക്കാർ വെട്ടിക്കുറച്ചതിന് പിന്നാലെയാണ് ഈ നീക്കം. തിങ്കളാഴ്ച വൈകുന്നേരം നടന്ന മന്ത്രിസഭാ സബ് കമ്മിറ്റി യോഗത്തിൽ നീതിന്യായ മന്ത്രി ജിം ഒ’കല്ലഗൻ ഈ നടപടിക്ക് അംഗീകാരം നേടി.
2024 മാർച്ചിന് മുമ്പ് അയർലണ്ടിലെത്തിയ ഉക്രൈൻ അഭയാർത്ഥികൾക്ക് നൽകുന്ന സർക്കാർ കരാറിലുള്ള വാണിജ്യ താമസസൗകര്യങ്ങൾ പിൻവലിക്കുന്നത് ഓഗസ്റ്റ് മുതൽ ആറ് മാസത്തിനുള്ളിൽ ഘട്ടംഘട്ടമായി നടപ്പിലാക്കും. ഇതിന് മുമ്പ് ആളുകൾക്ക് കുറഞ്ഞത് മൂന്ന് മാസത്തെ നോട്ടീസ് നൽകാനാണ് സാധ്യത. ഇത്തരത്തിൽ സ്വന്തമായി മാറി താമസിക്കാൻ കഴിവ് ഇല്ലാത്തവർക്കും, മറ്റ് തടസ്സങ്ങളുള്ളവർക്കും ഇതിൽ ഇളവ് ഉണ്ടായിരിക്കും. ഇവർ സർക്കാർ നൽകുന്ന താമസസൗകര്യത്തിന്റെ ആവശ്യകത സ്വയം സാക്ഷ്യപ്പെടുത്തുകയും തെളിവുകൾ നൽകുകയും ചെയ്യേണ്ടിവരും എന്നാണ് വിവരം.
2022 ഫെബ്രുവരിയിലെ റഷ്യൻ അധിനിവേശത്തിന് ശേഷം 125,700-ലധികം ഉക്രൈൻ അഭയാർത്ഥികൾ അയർലണ്ടിലെത്തിയിട്ടുണ്ട്, അതിൽ 94,300-ലധികം പേർക്ക് സർക്കാർ പിന്തുണയുള്ള താമസസൗകര്യം നൽകിയിരുന്നു. ഇവരിൽ പലരും പിന്നീട് സ്വയം താമസസ്ഥലം കണ്ടെത്തിയെങ്കിലും നിലവിൽ ഏകദേശം 19,200 പേർ സർക്കാർ കരാറിലുള്ള താമസ സ്ഥലങ്ങളിൽ ഉണ്ട്. ഹോട്ടലുകൾ, ഗസ്റ്റ് ഹൗസുകൾ, ബി&ബി (B&Bs) എന്നിവയുൾപ്പെടെയുള്ള ബിസിനസ്സ് സ്ഥാപനങ്ങളുമായി ചേർന്നാണ് ഇവ.
ഉക്രൈൻകാർക്ക് താമസസൗകര്യം നൽകുന്നവർക്ക് നൽകുന്ന നികുതി രഹിത പ്രതിമാസ തുകയായ അക്കമഡേഷൻ റെക്കഗ്നിഷൻ പേയ്‌മെന്റ് (accommodation recognition payment) അടുത്ത വർഷം മാർച്ചോടെ നിർത്തലാക്കാനും കാബിനറ്റ് സബ് കമ്മിറ്റിയിൽ നിന്ന് ഒ’കല്ലഗൻ അംഗീകാരം നേടിയിട്ടുണ്ട്. ഏകദേശം 42,000 ഉക്രൈൻകാർ ഇത്തരം കെട്ടിടങ്ങളിൽ താമസിക്കുന്നുണ്ട്.
ഈ വർഷം നടക്കുമെന്ന് പ്രതീക്ഷിക്കുന്ന പരീക്ഷണാത്മക പദ്ധതിക്ക് ശേഷം, 2027 മാർച്ചിൽ ആരംഭിക്കാൻ സാധ്യതയുള്ള ഉക്രൈനിലേക്കുള്ള സന്നദ്ധ മടക്ക-പുനരധിവാസ പദ്ധതിയിൽ (VRRP) അയർലണ്ട് പങ്കുചേരുമെന്നും യോഗത്തിൽ അറിയിച്ചിട്ടുണ്ട്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments