അയർലണ്ടിൽ വംശീയാധിക്ഷേപങ്ങൾ ഒഴിവാക്കാൻ നഴ്സുമാർ ജോലിസ്ഥലത്തേക്കും തിരിച്ചും സംഘങ്ങളായി യാത്ര ചെയ്യുന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഐഎൻഎംഒ

By Rose Malayalam Desk

വംശീയമായ അധിക്ഷേപങ്ങളും അക്രമങ്ങളും ഒഴിവാക്കാൻ നഴ്സുമാർ ഈയിടെയായി ജോലിസ്ഥലത്തേക്കും തിരിച്ചും സംഘങ്ങളായി യാത്ര ചെയ്യുകയാണെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് ഓർഗനൈസേഷൻ (INMO) ആണ് അയർലണ്ട് പോലെ വികസിതമായ ഒരു രാജ്യത്ത് പ്രത്യേകിച്ചും വിദേശ നഴ്‌സുമാർ അനുഭവിക്കുന്ന ഈ ദുരവസ്ഥയെ പറ്റി വ്യക്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആശുപത്രി ജീവനക്കാർ ഏകദേശം 200 തവണ വംശീയ അധിക്ഷേപങ്ങൾക്കോ മുൻവിധിയോടെയുള്ള പെരുമാറ്റങ്ങൾക്കോ ഇരയായതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. HSE- യുടെ കണക്കുകൾ പ്രകാരം, ജീവനക്കാർക്ക് നേരെയുള്ള വിവേചനം, മുൻവിധി അല്ലെങ്കിൽ വംശീയ അധിക്ഷേപം എന്നിവയുടെ എണ്ണം ഓരോ വർഷവും വർദ്ധിച്ചുകൊണ്ടിരിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഇത്തരം 59 റിപ്പോർട്ടുകളാണ് ഉണ്ടായത്. ഈ സാഹചര്യത്തിലാണ് വംശീയാക്രമണങ്ങൾ ഒഴിവാക്കാൻ നഴ്‌സുമാർ കൂട്ടമായി സഞ്ചരിക്കുന്നു എന്ന റിപ്പോർട്ട്‌ പുറത്തുവന്നിരിക്കുന്നത്.

2021-ന്റെ തുടക്കം മുതൽ രേഖപ്പെടുത്തിയ 183 സംഭവങ്ങളിൽ ഭൂരിഭാഗവും നിസ്സാരമായവയായി തരംതിരിച്ചിട്ടുണ്ടെങ്കിലും ഇത്തരം സംഭവങ്ങൾ കൂടിവരുന്നത് ആശങ്കപ്പെടുത്തുന്നതാണ്. ജോലി സ്ഥലങ്ങളായ ആശുപത്രികൾ, കെയർ ഹോമുകൾ എന്നിവയ്ക്ക് പുറത്തും ആരോഗ്യ പ്രവർത്തകർക്ക് നേരെ വംശീയമായത് അടക്കം മോശം പെരുമാറ്റം ഉണ്ടാകുന്നുണ്ടെന്നും ഐഎൻഎംഒ അറിയിച്ചു.

ആശുപത്രികൾക്ക് പുറത്തുവച്ചും ആരോഗ്യ പ്രവർത്തകർക്ക് നേരെ വംശീയമായ അധിക്ഷേപങ്ങൾ നടക്കുന്നുണ്ടെന്നും, അതിൽ ഭൂരിപക്ഷവും റിപ്പോർട്ട്‌ ചെയ്യപ്പെടാതെ പോകുകയാണെന്നും ഐറിഷ് മെഡിക്കൽ ഓർഗനൈസേഷന്റെ (IMO) നിയുക്ത പ്രസിഡന്റും നിലവിൽ കൺസൾട്ടന്റ് കമ്മിറ്റി ചെയർമാനുമായ പ്രൊഫസർ മാത്യു സാഡ്‌ലിയറും പറയുന്നു. എച്ച്എസ്ഇയുടെ കയ്യിൽ ക്യാമ്പസിനുള്ളിൽ സംഭവിക്കുന്നത്തിന്റെ കണക്കുകൾ മാത്രമേ ഉള്ളൂ.

ഇന്ത്യക്കാർക്ക് എതിരായ അക്രമണങ്ങൾ

“കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ, കുടിയേറ്റ തൊഴിലാളികൾക്ക്, പ്രത്യേകിച്ച് ഇന്ത്യയിൽ നിന്നും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുമുള്ളവർക്ക് നേരെ കൂടുതൽ ഭയാനകമായ അക്രമങ്ങൾ സമൂഹത്തിൽ ഉണ്ടാകുന്നുണ്ട്.” ഐഎൻഎംഒ ജനറൽ സെക്രട്ടറി ഫിൽ നി ഷീഗ്‌ദ പറഞ്ഞു.

“കഴിഞ്ഞ വർഷം ഓഗസ്റ്റിൽ, ഇന്ത്യൻ പൗരന്മാർക്ക് നേരെയുണ്ടായ ഞെട്ടിക്കുന്ന വംശീയതയും തുടർന്നുണ്ടായ അക്രമാസക്തമായ പെരുമാറ്റവും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.” അവർ കൂട്ടിച്ചേർത്തു.

മൊത്തം എച്ച്എസ്ഇ ജീവനക്കാരിൽ 15 ശതമാനത്തിലധികം വിദേശികൾ

രാജ്യത്തെ മൊത്തം എച്ച്എസ്ഇ ജീവനക്കാരിൽ 15 ശതമാനത്തിലധികം വിദേശികളാണ്. നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി ബോർഡ് ഓഫ് അയർലണ്ട് (NMBI) രജിസ്റ്റർ ഓഫ് നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് പ്രകാരം 2025-ൽ ഏറ്റവും അധികം പേർ രജിസ്റ്റർ ചെയ്തത് ഇന്ത്യ, അയർലണ്ട്, ഫിലിപ്പൈൻസ്, യുകെ, ഘാന എന്നിവിടങ്ങളിൽ നിന്നാണ്. അതായത് രാജ്യം കുടിയേറ്റക്കാരായ നഴ്‌സുമാരെ വലിയ രീതിയിൽ ആശ്രയിക്കുഞ്ഞ്. അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു അക്കാദമിക് പേപ്പറും കാണിക്കുന്നത് അയർലണ്ട് കുടിയേറ്റ നഴ്‌സുമാരെ ആശ്രയിക്കുന്നുവെന്നും അത് തുടരുമെന്നുമാണ്.

അതേസമയംഎല്ലാ ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്ന് എച്ച്എസ്ഇ വക്താവ് പറയുന്നു. വിവേചനം, മുൻവിധി, വംശീയ അധിക്ഷേപം എന്നിവ ചിലപ്പോഴെല്ലാം സംഭവിക്കുന്നുണ്ടെങ്കിലും അവ വ്യാപകമായ ഒരു പ്രശ്നമല്ല എന്നാണ് എച്ച്എസ്ഇ നിലപാട്. എങ്കിലും, ഏതെങ്കിലും സ്റ്റാഫ് അംഗത്തെ ബാധിക്കുന്ന ഏതൊരു സംഭവവും അസ്വീകാര്യമാണ് എന്നും എച്ച്എസ്ഇ വ്യക്തമാക്കുന്നു.

ചെറിയ സംഭവം എന്ന പേരിൽ പലതും റിപ്പോർട്ട്‌ ചെയ്യപ്പെടാതെ പോകുന്നു

നഴ്‌സുമാർക്കും ആരോഗ്യ പ്രവർത്തകർക്കും നേരെ ഉണ്ടാകുന്ന പല വംശീയാധിക്ഷേപങ്ങളും താരതമ്യേന ചെറുതാണ് എന്ന പേരിൽ റിപ്പോർട്ട്‌ ചെയ്യപ്പെടാതെ പോകുന്നുണ്ടെന്ന് മൈഗ്രന്റ് നഴ്‌സസ് അയർലണ്ട് നാഷണൽ ചെയർപേഴ്‌സൺ ആയ വർഗീസ് ജോയ് പറയുന്നു.

ഒരു സഹപ്രവർത്തകനോ, സന്ദർശകനോ നടത്തുന്ന വംശീയമായ ഒരു ചെറിയ കമന്റ്, [എച്ച്എസ്ഇയുടെ] നയങ്ങളുടെ കണ്ണിലൂടെ നോക്കുമ്പോൾ നിസ്സാരമായി തോന്നിയേക്കാം. എന്നാൽ ആ വ്യക്തിയെ സംബന്ധിച്ചിടത്തോളം അത് വളരെ ആഴത്തിലുള്ള, വളരെ വേദനാജനകമായ അനുഭവമാകാം.- വർഗീസ് ജോയ് പറയുന്നു.

കഠിനമായ ജോലിയുള്ള ഒരു ദിവസം ചിലപ്പോൾ ഒരു സഹപ്രവർത്തകനിൽ നിന്നോ സന്ദർശകനിൽ നിന്നോ ആരിൽ നിന്നുമുള്ള ഏത് പരാമർശവും, അത് ശാരീരിക ആക്രമണം ആകണമെന്നില്ല, വലിയ ആഴത്തിലുള്ള മാനസികാഘാതം ഉണ്ടാക്കും, അത് ഉറപ്പാണ് – അദ്ദേഹം കൂട്ടിച്ചേർത്തു.

വാക്കുകൾ മാത്രമല്ല, ചിലയിടത്തുനിന്നും സ്വന്തം വംശം വേറെയാണ് എന്ന കാരണത്താൽ ഒഴിവാക്കപ്പെടുന്നത് പോലും വേദനയുണ്ടാക്കും.

ഇത്തരം സംഭവങ്ങൾ പരിഹരിക്കാൻ കൂടുതൽ കർക്കശമായ നയങ്ങൾ ആവശ്യമാണെന്നും വർഗീസ് ജോയ് പറയുന്നു. എച്ച്എസ്ഇക്കുള്ളിൽ ഇത്തരം സംഭവങ്ങൾ കൈകാര്യം ചെയ്യുന്നതിനു വേണ്ടി നിർദ്ദേശിക്കപ്പെട്ട ഡൈവേഴ്സിറ്റി ഓഫീസർ എന്ന തസ്തിക ഇതുവരെ നികത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഇത്തരം നടപടികൾ പരിഗണനയിലാണെന്നാണ് എച്ച്എസ്ഇയുടെ പ്രതികരണം.

എച്ച്എസ്ഇ നടപടികളും സഹായങ്ങളും

ജീവനക്കാർക്ക് എതിരായ അക്രമങ്ങളുടെയും അധിക്ഷേപങ്ങളുടെയും പശ്ചാലത്തിൽ തങ്ങൾ പിന്തുടർന്ന് പോരുന്ന Dignity at Work Policy ഈ വർഷം പുന:പരിശോധിക്കുമെന്ന് എച്ച്എസ്ഇ വക്താവ് അറിയിച്ചിട്ടുണ്ട്.

ഇതിന് പുറമെ Diversity, Equality and Inclusion team ഇത്തരം സംഭവങ്ങളിൽ അന്വേഷണത്തിന് സഹായിക്കുകയും, ഒപ്പം ജീവനക്കാരെ കൾച്ചറൽ ഡൈവേഴ്സിറ്റി നെറ്റ്‌വർക്കുമായി ബന്ധിപ്പിക്കുകയും ചെയ്യുക ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നുണ്ട് എന്നും എച്ച്എസ്ഇ പറയുന്നു.

എംപ്ലോയി അസിസ്റ്റന്റ് പ്രോഗ്രാമിലൂടെ (EAP) ആവശ്യമുള്ള ജീവനക്കാർക്ക് കൗൺസിലിംഗും ലഭ്യമാണ്. തുടക്കത്തിൽ ആറ് സെഷനുകൾ വരെ ഇങ്ങനെ ലഭിക്കും. പിന്നീട് ജീവനക്കാരെ മോശം സംഭവം എങ്ങനെ ബാധിച്ചു എന്നതിനെ ആശ്രയിച്ച് ഇത് വർദ്ധിപ്പിക്കാം. ഇതിൽ ട്രോമ കൗൺസിലിംഗും ഉൾപ്പെടുത്താവുന്നതാണ്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments