അയര്‍ലണ്ടില്‍ കഴിഞ്ഞ വര്‍ഷം 763,027 ഡോസ് അനധികൃത മരുന്നുകള്‍ പിടികൂടിയതായി Health Products Regulatory Authority (HPRA). ഡോക്ടറുടെ കുറിപ്പടിയോടെ മാത്രം ലഭിക്കുന്ന മരുന്നുകള്‍ ഇത്തരത്തില്‍ ഓണ്‍ലൈന്‍ വഴിയോ, മറ്റ് അനധികൃത വഴികളിലൂടെയോ വാങ്ങുന്നത് വളരെ ഗൗരവമായ പ്രശ്‌നമാണെന്നും റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചുകൊണ്ട് HPRA വ്യക്തമാക്കി. അതേസമയം 2024-ല്‍ ആകെ പിടികൂടിയത് 1,000,984 ഡോസേജ് ആയിരുന്നു എന്നത് വച്ചുനോക്കുമ്പോള്‍ പുതിയ കണക്കുകള്‍ ആശ്വാസം പകരുന്നതാണെങ്കിലും, അനധികൃത മരുന്നുകളുടെ ഉപയോഗവും, ആവശ്യക്കാരും കുറഞ്ഞു എന്ന് ഇതില്‍ നിന്നും അനുമാനിക്കാനാകില്ലെന്നും HPRA വ്യക്തമാക്കി.
ഈ മരുന്നുകളുടെ ഗുണനിലവാരമോ, സുരക്ഷയോ ഒന്നും തന്നെ ഉറപ്പ് തരാന്‍ സാധിക്കാത്തതായതിനാല്‍, ഇവ ഉപയോഗിക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കാമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഫാര്‍മസികള്‍, ആശുപത്രികള്‍ മുതലായ ഉത്തരവാദിത്തപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നല്ലാതെ വാങ്ങുന്ന ഇത്തരം മരുന്നുകളുടെ ഉപയോഗം ഉടന്‍ തന്നെ നിര്‍ത്തണമെന്നും HPRA പൊതുജനങ്ങള്‍ക്ക് നല്‍കിയ മുന്നറിയിപ്പില്‍ വ്യക്തമാക്കി. ഇവ ഉയോഗിച്ച് എന്തെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്‌നം നേരിട്ടാല്‍ ഉടന്‍ തന്നെ അംഗീകൃത ഡോക്ടര്‍മാരെ കണ്ട് ചികിത്സ തേടുക.
2025-ല്‍ പിടിച്ചെടുത്ത അനധികൃത മരുന്നുകളില്‍ ഏറ്റവും കൂടുതല്‍ (27%) സെഡേറ്റീവ്‌സ് ആണ്. ഉദ്ധാരണപ്രശ്‌നങ്ങള്‍ക്കുള്ള മരുന്നുകള്‍ (14%), അനബോളിക് സ്റ്റിറോയ്ഡുകള്‍ (12%), പ്രമേഹത്തിനും മെലിയാനുമുള്ള മരുന്നുകള്‍ (9%), വേദനസംഹാരികള്‍ (5%) എന്നിവയാണ് പിന്നാലെ.
ശരീരഭാരം കുറയ്ക്കുന്നതിന് എന്ന പേരിലെത്തുന്ന അനധികൃത മരുന്നുകള്‍ പിടികൂടുന്നത് 2024-നെ അപേക്ഷിച്ച് 1,582 എണ്ണം വര്‍ദ്ധിച്ച് 48,752 ആയതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത് ആശങ്കപ്പെടുത്തുന്നതാണ്. പ്രമേഹം, അമിതഭാരം എന്നിവ കുറയ്ക്കാന്‍ സഹായിക്കുന്ന semaglutide അല്ലെങ്കില്‍ tirzepatide ഈ മരുന്നുകളില്‍ അടങ്ങിയിട്ടുണ്ടെന്നാണ് പാക്കറ്റില്‍ അവകാശപ്പെടുന്നതെങ്കിലും, HPRA നടത്തിയ പരിശോധനയില്‍, പിടിച്ചെടുത്ത മരുന്നുകളില്‍ ഇവയുടെ സാന്നിദ്ധ്യം ഇല്ലെന്നാണ് കണ്ടെത്തിയത്. ഗുളികകള്‍ക്ക് പുറമെ പെന്നുകള്‍, ചെറിയ കുപ്പികള്‍ എന്നീ രൂപങ്ങളിലും ഈ മരുന്നുകള്‍ വരുന്നുണ്ട്.
വേദനസംഹാരിയായ pregabalin എന്ന മരുന്ന് പിടിച്ചെടുക്കുന്നത് 2024-ല്‍ 23,442 ആയത് 59,905 ആയി കുത്തനെ ഉയര്‍ന്നതും ആശങ്കപ്പെടുത്തുന്നതാണ്.
ഓണ്‍ലൈന്‍ വഴി അനധികൃത മരുന്നുവില്‍പ്പന തടയാനുള്ള നടപടികള്‍ തങ്ങള്‍ കൈക്കൊണ്ടുവരികയാണെന്നും HPRA അറിയിച്ചിട്ടുണ്ട്. ചില വെബ്‌സൈറ്റുകള്‍, സോഷ്യല്‍ മീഡിയ പേജുകള്‍ എന്നിവയ്‌ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments