ഡബ്ലിന്‍ സെന്‍ട്രല്‍, ഗോള്‍വേ വെസ്റ്റ് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് മെയ് 22 വെള്ളിയാഴ്ച നടത്താന്‍ തീരുമാനം.
കഴിഞ്ഞ വര്‍ഷം മുന്‍ ധനകാര്യമന്ത്രി പാസ്‌കല്‍ ഡോണഹോ വേള്‍ഡ് ബാങ്കിലെ ഉയര്‍ന്ന പദവി ഏറ്റെടുക്കാനായി രാജിവച്ചതോടെയാണ് ഡബ്ലിന്‍ സെന്‍ട്രലിലെ സീറ്റ് ഒഴിവുവന്നത്. ഗോള്‍വേ വെസ്റ്റ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ടിഡിയായിരുന്ന കാതറിന്‍ കോനലി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ച് വിജയിച്ചതോടെയാണ് ഇവിടെയും സീറ്റ് ഒഴിവുവന്നത്.
ആകെ 57,000 വോട്ടര്‍മരാണ് ഡബ്ലിന്‍ സെന്‍ട്രലില്‍ ഉള്ളത്. ഗോള്‍വേ വെസ്റ്റില്‍ 103,000-വും. മെയ് 1 രാത്രി 12 മണി വരെയാണ് നാമനിര്‍ദ്ദേശപത്രികള്‍ സമര്‍പ്പിക്കാനുള്ള സമയം.
ഗോള്‍വേ വെസ്റ്റില്‍ 25-കാരനും നിലവിലെ കൗണ്‍സിലറുമായ കിലിയന്‍ കീന്‍ ആണ് ഫിയനാ ഫാളിന്റെ സ്ഥാനാര്‍ത്ഥി. ഷോണ്‍ കൈന്‍ ഫിനഗേലിന് വേണ്ടിയും, എജെ കാഹില്‍ ദി ഐറിഷ് പീപ്പിളിന് വേണ്ടിയും ഇവിടെ മത്സരിക്കും. മൈക്ക് കബ്ബാര്‍ഡ്, ഷീല ഗാരിറ്റി, തോമസ് വെല്‍ബി എന്നിവരും ഇവിടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാണ്.
പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ഷിന്‍ ഫെയ്‌ന് വേണ്ടി മണ്ഡലത്തില്‍ മാര്‍ക്ക് ലോഹനും, സോഷ്യല്‍ ഡെമോക്രാറ്റ്‌സിനായി Míde Nic Fhionnlaoich-ഉം, ഗ്രീന്‍ പാര്‍ട്ടിക്കായി നിയാല്‍ മര്‍ഫിയും, പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റിനായി ഡെന്‍മാന്‍ റൂക്കും, Aontu-വിനായി Orla Nugent-ഉം മത്സരിക്കുമ്പോള്‍ ഹെലന്‍ ഓഗ്ബു ലേബര്‍ പാര്‍ട്ടിക്ക് വേണ്ടിയും, നോയല്‍ തോമസ് ഇന്‍ഡിപെന്‍ഡന്റ് അയര്‍ലണ്ടിന് വേണ്ടിയും രംഗത്തിറങ്ങും.
ഡബ്ലിന്‍ സെന്‍ട്രലില്‍ നിലവിലെ ഡെപ്യൂട്ടി മേയറായ ജോണ്‍ സ്റ്റീഫന്‍സ് ആണ് ഫിയനാ ഫാള്‍ സ്ഥാനാര്‍ത്ഥിയാകുക. മേയറായ റേ മക്ആഡം ഫിനഗേലിന് വേണ്ടിയും മത്സരിക്കും. ഷിന്‍ ഫെയ്‌ന് വേണ്ടി കൗണ്‍സിലറായ ജാനിസ് ബോയ്‌ലനും, പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റിനായി Eoghan Ó Ceannabháin-ഉം, സോഷ്യല്‍ ഡെമോക്രാറ്റ്‌സിനായി ഡാനിയേല്‍ എന്നിസും, ഗ്രീന്‍ പാര്‍ട്ടിക്കായി കൗണ്‍സിലര്‍ ജാനറ്റ് ഹോര്‍ണറും, Aontu-വിനായി ഇയാന്‍ സ്മിത്തും, ലേബര്‍ പാര്‍ട്ടിക്കായി റൂത്ത് ഒ’ഡിയയുമാണ് ഡബ്ലിന്‍ സെന്‍ട്രലില്‍ മത്സരിക്കാനിറങ്ങുന്നത്.
സ്വതന്ത്ര കൗണ്‍സിലര്‍ Malachy Steenson-നും ഇവിടെ മത്സരിക്കാന്‍ തയ്യാറെടുത്തിട്ടുണ്ട്. മാഫിയ തലവനായ ജെറി ‘ദി മങ്ക്’ ഹച്ചും ഡബ്ലിന്‍ സെന്‍ട്രലില്‍ മത്സരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments