അയര്‍ലണ്ടിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ചൂടേറിയ മെയ് മാസ ദിനം റെക്കോര്‍ഡ് ചെയ്തതിന് തൊട്ടുപിന്നാലെ ഈ റെക്കോര്‍ഡ് തകര്‍ത്തുകൊണ്ട് വീണ്ടും ചൂട് ഉയര്‍ന്നു. മെയ് 25-ന് ഷാനണ്‍ എയര്‍പോര്‍ട്ടില്‍ രേഖപ്പെടുത്തിയ 28.6 ഡിഗ്രി സെല്‍ഷ്യസ് ചൂട് എന്ന റെക്കോര്‍ഡിന് പിന്നാലെ ഇന്നലെ ഷാനണ്‍ എയര്‍പോര്‍ട്ടില്‍ 30.5 ഡിഗ്രി രേഖപ്പെടുത്തിയ താപനില ചരിത്രം തിരുത്തിയെഴുതിയിരിക്കുകയാണ്.
രാജ്യത്തെ എട്ട് കൗണ്ടികളില്‍ അത്യുഷ്ണത്തെ തുടര്‍ന്ന് യെല്ലോ വാണിങ് പ്രഖ്യാപിച്ചിരിക്കുന്നതിനിടെയാണ് ചൂട് വീണ്ടും റെക്കോര്‍ഡിലെത്തിയത്. Clare, Kerry, Limerick, Tipperary, Galway, Kilkenny, Laois, Offaly എന്നീ കൗണ്ടികളില്‍ ഇന്നലെ നല്‍കിയ യെല്ലോ വാണിങ് ഇന്ന് വൈകിട്ട് 6 മണിക്കാണ് അവസാനിക്കുക. ഈ കൗണ്ടികളില്‍ താപനില 27 ഡിഗ്രി സെല്‍ഷ്യസ് കടക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. രാത്രിയില്‍ 15 ഡിഗ്രിയിലധികം ചൂടും അനുഭവപ്പെടും.
ചൂട് വര്‍ദ്ധിക്കുന്നത് കാട്ടുതീയ്ക്ക് ഇടയാക്കുകയും, ആളുകള്‍ കൂടുതലായി പുഴകള്‍, കായലുകള്‍ എന്നിവിടങ്ങളിലെത്തുന്നത് ജലത്തിന്റെ നിലവാരം കുറയ്ക്കാനും ഇടയാക്കുമെന്നും മുന്നറിയിപ്പുണ്ട്. ശക്തമായ ചൂട് സൂര്യാഘാതത്തിന് കാരണമാകുമെന്നതിനാല്‍ ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുകയും, സൂര്യപ്രകാശം നേരിട്ട് ശരീരത്തില്‍ ഏല്‍ക്കാതെ സൂക്ഷിക്കുകയും വേണം. വളര്‍ത്തുമൃഗങ്ങളെയും വെയിലത്ത് നടക്കാന്‍ കൊണ്ടുപോകുകയുമരുത്.
അതേസമയം താപനില വാരാന്ത്യത്തോടെ കുറയുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
അമിത ചൂടിന് കാരണമെന്ത്?
അയര്‍ലണ്ട് അടക്കമുള്ള രാജ്യങ്ങള്‍ ഇപ്പോള്‍ അനുഭവിക്കുന്ന ഉയര്‍ന്ന ചൂടിന് കാരണം വടക്കേ ആഫ്രിക്കയില്‍ നിന്നുമുള്ള ചൂടുകാറ്റ് ഉയര്‍ന്നമര്‍ദ്ദത്തില്‍ പെട്ടതിനെ തുടര്‍ന്ന് രൂപപ്പെട്ട ‘ഹീറ്റ് ഡോം’ ആണ്. യൂറോപ്യന്‍ രാജ്യങ്ങളായ സ്‌പെയിന്‍, ഇറ്റലി മുതലായവയും ശക്തമായ ഉഷ്ണമനുഭവിക്കുകയാണ്. സ്‌പെയിനില്‍ താപനില ഈയാഴ്ച 38 ഡിഗ്രിയിലെത്തുമെന്നാണ് കരുതുന്നത്. ഇറ്റലിയില്‍ പലയിടത്തും പുറംസ്ഥലങ്ങളില്‍ ജോലി ചെയ്യുന്നതിന് നിയന്ത്രണങ്ങളേര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
മനുഷ്യനിര്‍മ്മിതമായ കാലാവസ്ഥാ വ്യതിയാനമാണ് ഇപ്പോള്‍ കാണുന്നതെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ലോകത്തെ മറ്റിടങ്ങളെ അപേക്ഷിച്ച് യൂറോപ്പിലാണ് ചൂട് അമിതമായി ഉയരുന്നത് അധികം. യൂറോപ്പില്‍ ഉഷ്ണതരംഗങ്ങളും ഈയിടെയായി വര്‍ദ്ധിച്ചുവരികയാണ്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments