യുഎസിലെ സാന്‍ ഡിയേഗോയിലുള്ള മുസ്ലിം പള്ളിയില്‍ തിങ്കളാഴ്ച നടന്ന വെടിവെപ്പില്‍ മൂന്ന് മരണം. കൗമാരക്കാരായ രണ്ട് പേരാണ് വെടിയുതിര്‍ത്തത്. ശേഷം ഇവര്‍ സ്വയം വെടിവച്ച് ആത്മഹത്യ ചെയ്യുകയും ചെയ്തു.
സാന്‍ ഡിയേഗോയിലുള്ള ഇസ്ലാമിക് സെന്ററില്‍ തിങ്കളാഴ്ച രാവിലെ 11:43-ഓടെ നടന്ന ആക്രമണത്തെ വിദ്വേഷകുറ്റകൃത്യമായാണ് കാണുന്നതെന്ന് പൊലീസ് പറഞ്ഞു. എന്താണ് ആക്രമണത്തിന് കാരണമായതെന്ന് വരുംദിവസങ്ങളില്‍ പുറത്തുവരുമെന്നും സാന്‍ഡിയേഗോ പൊലീസ് മേധാവിയായ സ്‌കോട്ട് വാല്‍ പറഞ്ഞു.
അതേസമയം അക്രമികളിലൊരാളായ കൗമാരക്കാരന്റെ മാതാവ് സംഭവ ദിവസം രാവിലെ 9.:40-ഓടെ പൊലീസിനെ വിളിക്കുകയും, തന്റെ മകനെ കാണാതായെന്ന് പറയുകയും ചെയ്തിരുന്നു. ഇവരുടെ കാറും, വിവിധ ആയുധങ്ങളും മകന്‍ കൊണ്ടുപോയിരുന്നുവെന്നും അവര്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നു. ഈ കൗമാരക്കാരന്‍ ഇസ്ലാമിക് സെന്ററിന് കുറച്ചുദൂരെയായി സ്ഥിതി ചെയ്യുന്ന മാഡിസണ്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്. അക്രമികളുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
വെടിവെപ്പില്‍ മരിച്ചവരില്‍ ഒരാള്‍ പള്ളിയിലെ സുരക്ഷാ ഉദ്യോഗസ്ഥനാണ്. ആക്രമണത്തില്‍ കൂടുതല്‍ പേര്‍ കൊല്ലപ്പെടാതെ സംരക്ഷിച്ചത് ഇദ്ദേഹമാണെന്നാണ് പൊലീസിന്റെ നിഗമനം.
സാന്‍ ഡിയേഗോ കൗണ്ടിയിലെ ഏറ്റവും വലിയ പള്ളിയാണ് ആക്രമിക്കപ്പെട്ടത്. പള്ളിക്കൊപ്പം അല്‍ റാഷിദ് സ്‌കൂളും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. മുസ്ലിം ഇതര വിഭാഗക്കാരും ഇവിടെ സന്ദര്‍ശനത്തിനായി എത്താറുണ്ട്. അതേസമയം പള്ളിക്ക് നേരെ പ്രത്യേകിച്ച് ഭീഷണികളൊന്നുമില്ലായിരുന്നുവെന്നും പൊലീസ് പറയുന്നു.
ആക്രമണത്തിന് ശേഷം കുറച്ചപ്പുറത്ത് റോഡില്‍ നിര്‍ത്തിയിട്ട ഒരു വാഹനത്തിലാണ് അക്രമികളെ സ്വയം വെടിവച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments