യുഎസുമായി ധാരണയിലെത്തിയ വാണിജ്യ കരാര്‍ ഉടന്‍ നടപ്പിലാക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുടെയും, അംഗരാജ്യങ്ങളുടെയും തീരുമാനം. കരാര്‍ ഉടന്‍ നടപ്പിലാക്കിയില്ലെങ്കില്‍ ജൂലൈ 4-ഓടെ അധിക നികുതി ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിയെത്തുടര്‍ന്നാണിത്. ബുധനാഴ്ചത്തെ ചര്‍ച്ചയില്‍ കരാര്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് തീരുമാനമായിട്ടുണ്ട്. 2025 ജൂലൈയില്‍ ധാരണയിലെത്തിയ കരാര്‍ വിവിധ കാരണങ്ങളാല്‍ ഇതുവരെയും ഇയു നടപ്പിലാക്കിയിരുന്നില്ല.
കരാര്‍ പ്രകാരം ഇയുവില്‍ നിന്നും യുഎസിലെത്തുന്ന മിക്ക ഉല്‍പ്പന്നങ്ങള്‍ക്കും 15% നികുതി ഏര്‍പ്പെടുത്തും. അതേസമയം യുഎസില്‍ നിന്നും ഇയുവിലേയ്ക്ക് ഇറക്കുമതി ചെയ്യുന്ന മിക്ക ഉല്‍പ്പന്നങ്ങളുടെയും നികുതി എടുത്തുകളയുകയും ചെയ്യും.
സോഷ്യല്‍ മീഡിയ പോസ്റ്റില്‍ തീരുമാനത്തെ സ്വാഗതം ചെയ്ത യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയെന്‍, നമുക്കൊരുമിച്ച് സ്ഥിരവും, പ്രവചനാത്മകവും, സന്തുലിതവും, ഇരു കക്ഷികള്‍ക്കും ഉപകാരപ്രദവുമായ വ്യാപാരത്തിലേയ്ക്ക് എത്താമെന്ന് അംഗരാജ്യങ്ങളോട് പറഞ്ഞു.
യുഎസുമായി ഏകദേശം ഒരു വര്‍ഷം നീണ്ട വാണിജ്യ പോരാട്ടത്തിനാണ് ഇതോടെ തിരശ്ശീല വീഴുന്നത്. കഴിഞ്ഞ ജൂലൈയില്‍ സ്‌കോട്‌ലണ്ടിലെ ടേണ്‍ബറിയില്‍ വച്ചാണ് വോണ്‍ ഡെര്‍ ലെയെനും, ട്രംപും തമ്മില്‍ ധാരണാപത്രം ഒപ്പുവയ്ക്കുന്നത്. ഇതിനിടെ പലവട്ടം യുഎസ് നികുതി ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുമായി ഇയു പ്രധാന വ്യാപാര കരാറുകളിലേര്‍പ്പെട്ടെങ്കിലും, 1.6 ട്രില്യണ്‍ യൂറോ ഇടപാട് നടക്കുന്ന ഇയുവിന്റെ ഏറ്റവും വലിയ വാണിജ്യപങ്കാളിയായ യുഎസിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് ഒടുവില്‍ വഴങ്ങിയിരിക്കുകയാണ്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments