‘സ്ത്രീപുരുഷ സമത്വം നടക്കാത്ത കാര്യമാണ്, സ്ത്രീകള്‍ക്ക് പ്രസവിക്കാന്‍ മാത്രമേ കഴിയൂ, ലോകത്തിന്റെ നിയന്ത്രണശക്തി പുരുഷന്‍മാര്‍ക്കാണ്’ വിവാദപ്രസ്താവനയുമായി കാന്തപുരം

കോഴിക്കോട്: ലിംഗ സമത്വമെന്ന ആശയത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി കാന്തപുരം അബൂബക്കര്‍ മുസലിയാര്‍ രംഗത്ത്. ലിംഗസമത്വം പ്രകൃതിവിരുദ്ധവും ഇസ്‌ലാമിക വിരുദ്ധവുമാണെന്ന് അദ്ദേഹം പറഞ്ഞു. എസ്എസ്എഫിന്റെ ക്യാംപസ് പഠന ക്യാംപ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അബൂബക്കര്‍ മുസ്ലിയാര്‍ വിവാദ പ്രസ്താവനകള്‍ നടത്തിയത്.

‘ലിംഗസമത്വം ഇസ്‌ലാമികവും മനുഷ്യത്വപരവും ബുദ്ധിപരവും അല്ല. ആണ്ണും പെണ്ണും ഒന്നിച്ചിരുന്ന് പഠിക്കണമെന്ന് പറയുന്നത് ഒളിയമ്പാണ്. ഇത് ഇസ്‌ലാമിനെയും സംസ്‌കാരത്തേയും നശിപ്പിക്കാനുള്ള ആസൂത്രിത ശ്രമമാണ്. ഇതിനെ അംഗീകരിക്കാനാവില്ല’ അദ്ദേഹം പറഞ്ഞു.

സ്ത്രീപുരുഷ സമത്വം ഒരിക്കലും നടക്കാത്ത കാര്യമാണ്. സ്ത്രീകള്‍ക്ക് പ്രസവിക്കാന്‍ മാത്രമേ കഴിയൂ. ലോകത്തിന്റെ നിയന്ത്രണശക്തി പുരുഷുന്‍മാര്‍ക്കാണ്. വലിയ ശസ്ത്രക്രിയകള്‍ നടത്താന്‍ സ്ത്രീകള്‍ക്ക് മനോധൈര്യമില്ല. പ്രതിസന്ധിയുണ്ടാകുമ്പോള്‍ സ്ത്രീ വിറച്ച് പോകും. ഹൃദയശസ്ത്രക്രിയ നടത്താന്‍ കെല്‍പ്പുള്ള ഒരു വനിതാ ഡോക്ടറെങ്കിലുമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

ചുംബന സമരത്തിനെതിരേ താന്‍ മുന്‍പ് തന്നെ രംഗത്ത് എത്തിയിരുന്നു. ചുംബന സമരം മനുഷ്യത്വവിരുദ്ധമാണ്. സമരത്തിന്റെ നേതാക്കളെ തന്നെ പെണ്‍വാണിഭത്തിന് അറസ്റ്റ് ചെയ്തതോടെ ഇക്കാര്യങ്ങള്‍ തെളിഞ്ഞുവെന്നും കാന്തപുരം പറഞ്ഞു മദ്രസകളില്‍ പീഡനം നടക്കുന്നുവെന്ന വെളിപ്പെടുത്തലിലും അദ്ദേഹം പ്രതികരിച്ചു. മദ്രസകളില്‍ ഒരു തരത്തിലുള്ള പീഡനവും ഇല്ല. ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ തെളിവ് ഹാജരാക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.

-എജെ-

Share this news

Leave a Reply

%d bloggers like this: