നഴ്‌സുമാരുടെ സമരം : സര്‍ക്കാര്‍ നടപടി ഉണ്ടാകും – MA ബേബി ; സര്‍ക്കാര്‍ മുന്നോട്ടു വരണം – രമേശ് ചെന്നിത്തല .

മെല്‍ബണ്‍ : കേരളത്തിലെ സ്വകാര്യ നഴ്‌സുമാരുടെ വിലപ്പെട്ട സേവനത്തിനു ന്യായമായ വേതനം ഉറപ്പു വരുത്താന്‍ കേരളത്തിലെ ഇടതു പക്ഷ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും അതിനുള്ള നടപടികള്‍ പിണറായി സര്‍ക്കാര്‍ സ്വീകരിക്കുമെന്നും സി പി ഐ എം പോളിറ്റ് ബ്യുറോ അംഗം എം എ ബേബി ഉറപ്പു നല്‍കി . സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്ക് ഐക്യ ദാര്‍ഢ്യം പ്രകടിപ്പിച്ചു മെല്‍ബണ്‍ ഇടതുപക്ഷ മതേതര കൂട്ടാഴ്മ മെല്‍ബണ്‍ റോയല്‍ പാര്‍ക്ക് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച യോഗത്തെ ഫോണിലൂടെ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു .ആരോഗ്യ മേഖലയില്‍ ഡോക്റ്റര്മാര്ക്ക് തുല്യമായ അമൂല്യമായ സേവനമാണ് രാവും പകലുമായി ജോലിചെയ്യുന്ന നഴ്‌സുമാരുടെതും എന്നാല്‍ അവര്‍ക്ക് അര്‍ഹമായ വേതനം നല്‍കാന്‍ ഇന്നും ഭൂരിപക്ഷം മാനേജ്‌മെന്റുകളും തയാറാകുന്നില്ല , ഇത്തരം അനീതികള്‍ക്കെതിരെ പ്രതികരിക്കുന്ന നഴ്‌സിംഗ് സമൂഹത്തോട് പിന്തുണ നല്‍കുവാന്‍ ആയിരകണക്കിന് കിലോമീറ്റര്‍ അകലെയുള്ള ഓസ്‌ട്രേലിയില്‍ നിന്നും അവിടെയുള്ള മതേതര ഇടതുപക്ഷ കൂട്ടാഴ്മ മുന്നോട്ടു വന്നതില്‍ അഭിനന്ദനവും അതിലുപരി ധീരമായ നടപടിയുമാണെന്നു എം എ ബേബി പറഞ്ഞു .

കൂടുതല്‍ സമയം ജോലിയും കുറഞ്ഞ വേതനവും ലഭിക്കുന്ന നഴ്‌സുമാരുടെ സ്ഥിതി വളരെ പരിതാപകരമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു , സമര രംഗത്തുള്ളവര്‍ ഉന്നയിക്കുന്ന ആവശ്യം തികച്ചും ന്യായമാണ് . സ്വകാര്യ ആശുപത്രി ഉടമകളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി ബുദ്ധിമുട്ടു അനുഭവിക്കുന്ന നഴ്‌സുമാരുടെ സമരം അടിയന്തിരമായി ഒത്തു തീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടു വരണമെന്ന് രമേശ് ചെന്നിത്തല ഫോണിലൂടെ നല്‍കിയ സന്ദേശത്തില്‍ പറഞ്ഞു .

സുപ്രിം കോടതി പറഞ്ഞ തുല്യ ജോലിക്ക് തുല്യ വേതനം ലഭിക്കുന്നത് വരെ നഴ്‌സുമാരുടെ അതിജീവനത്തിനായുള്ള സമരം തുടരുകതന്നെ ചെയ്യുമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ വൈസ് പ്രസിഡണ്ട് ബെല്‍ജോ അഭിപ്രായപ്പെട്ടു , സര്‍ക്കാര്‍ സര്‍വ്വീസിലെ പോലെ 28000 രൂപ പ്രതിമാസ അടിസ്ഥാന വേതനം ലഭിക്കന്നത് വരെ സമര രംഗത്തു ഉറച്ചു നില്‍ക്കുമെന്ന് ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് ശിഹാബ് സന്ദേശത്തില്‍ പറഞ്ഞു . ഷോര്‍ട്ട് നോട്ടീസിലൂടെ കൊടും തണുപ്പിലും മെല്‍ബണ്‍ നഗരത്തിന്റെ ഹൃദയ ഭാഗത്തു എത്തി ചേര്‍ന്ന മുഴുവന്‍ പേരെയും ഐക്യ ദാര്‍ഢ്യ കൂട്ടാഴ്മയില്‍ അധ്യക്ഷത വഹിച്ച പ്രസിഡണ്ട് തിരുവല്ലം ഭാസി അഭിവാദ്യം ചെയ്തു . നൂറു കണക്കിന് മലയാളി സംഘടനകളും പതിനായിരത്തിലേറെ നഴ്‌സുമാര്‍ ഓസ്‌ട്രേലിയില്‍ ഉണ്ടായിട്ടും ഒരു മാസം പിന്നിട്ട നഴ്‌സുമാരുടെ സമരത്തിന് പിന്തുണ നല്‍കാന്‍പോലും നാളിതുവരെ ആരും രംഗത്തു വന്നിട്ടിട്ടില്ലെന്നു തിരുവല്ലം ഭാസി ചൂണ്ടി കാട്ടി .എങ്കിലും ചില നഴ്‌സുമാര്‍ ഡ്യൂട്ടിക്കിടയില്‍ സമരത്തിന് പിന്തുണ നല്‍കുന്ന ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചതു സമര രംഗത്തുള്ളവര്‍ക്ക് ആശ്വാസം പകരുന്നതായിരുന്നു .

പ്രിന്‍സിപ്പല്‍ സോളിസിറ്റര്‍ ബിന്ദു കുറുപ്പ് , ഒഐസിസി ഓസ്‌ട്രേലിയ ജനറല്‍ സെക്രട്ടറി സോബന്‍ പൂഴിക്കുന്നേല്‍ , ട്രഷറര്‍ അരുണ്‍ പാലക്കലോടി , ഹയാസ് വെളിയം കോട് , ചാള്‍സ് മാത്യു ,ലോകന്‍ രവി എന്നിവര്‍ സംസാരിച്ചു . മെല്‍ബണ്‍ ഇടതുപക്ഷ മതേതര കൂട്ടാഴ്മ വൈസ് പ്രസിഡണ്ട് ഗീതു എലിസബത്ത് സ്വാഗതവും , സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ പ്രതീഷ് മാര്‍ട്ടിന്‍ നന്ദിയും പറഞ്ഞു . ബിനീഷ് കുമാര്‍ , എബി പൊയ്ക്കാട്ടില്‍ , ലിജോ ചിറാപുറത്തു , സോജന്‍ വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി .

 

വാര്‍ത്ത : എബി പൊയ്ക്കാട്ടില്‍

Share this news

Leave a Reply

%d bloggers like this: