നോ ഡീല്‍ ബ്രെക്‌സിറ്റ് സംഭവിച്ചാല്‍ അയര്‍ലണ്ടില്‍ മരുന്ന് ക്ഷാമം ഉണ്ടാകുമോ..? വിദേശകാര്യ മന്ത്രിയുടെ മറുപടി ഇങ്ങനെ

ഡബ്ലിന്‍: നോ-ഡീല്‍ ബ്രെക്സിറ്റുണ്ടായാല്‍ അയര്‍ലണ്ടില്‍ മരുന്ന് ക്ഷാമം രൂക്ഷമാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പുറകെ അനാവശ്യമായി ഇപ്പോഴേ മരുന്നുകള്‍ പൂഴ്ത്തിവയ്ക്കരുതെന്ന് വിദേശകാര്യ മന്ത്രി സൈമണ്‍ കോവ്നി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. കരാറൊന്നുമില്ലാതെ യുകെ യൂണിയന്‍ വിട്ട് പോകുന്ന സാഹചര്യത്തിന് ആക്കം കൂടിയതോടെ അയര്‍ലണ്ടിലെ അതിര്‍ത്തികളിലൂടെ സാധനങ്ങള്‍ വിനിമയം ചെയ്യുന്നതിന് കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ സാധ്യതയുള്ളതിനെ തുടര്‍ന്ന് ജനങ്ങള്‍ മരുന്നുകള്‍ നേരെത്തെ കൂട്ടി വാങ്ങി സ്റ്റോക്ക് ചെയ്യാന്‍ ആരംഭിച്ചതോടെ പല അവശ്യ മരുന്നുകള്‍ക്ക് ഇപ്പോഴേ ക്ഷാമം നേരിട്ട് തുടങ്ങിയിട്ടുണ്ട്. ഈ വിഷമസ്ഥിതി ഒഴിവാക്കാനാണ് പൊതുജനങ്ങളോടും ആശുപത്രികളോടും ഫാര്‍മസിസ്റ്റുകളോടും മന്ത്രി അഭ്യര്‍ത്ഥന നടത്തിയത്. നോ-ഡീല്‍ ബ്രെക്സിറ്റ് മുന്നില്‍ കണ്ട് 8 മുതല്‍ 12 ആഴ്ചയിലേക്കു വരെയുള്ള അവശ്യ മരുന്നുകള്‍ അയര്‍ലന്‍ഡില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ഡയബറ്റിസ് രോഗികള്‍ നാല് മാസത്തേക്ക് വരെയും അവര്‍ക്ക് ആവശ്യമുള്ളതിനേക്കാള്‍ ഇരട്ടിയും ഇന്‍സുലിന്‍ വാങ്ങി സംഭരിക്കുന്ന അവസ്ഥയാണ് നിലവില്‍ വന്നിരിക്കുന്നതെന്നും വര്‍ത്തകളുണ്‍ടായിരുന്നു. ഈ വിധത്തില്‍ ഇന്‍സുലിന്‍ കൂടുതല്‍ വാങ്ങി സംഭരിക്കുന്നത് ഇന്‍സുലിന്‍ ദൗര്‍ലഭ്യത്തിനും വഴിയൊരുക്കിയിരിക്കുന്നു. സാധാരണ മരുന്നുകളും ഈ വിധത്തില്‍ അമിതമായി സംഭരിക്കുന്നത് വര്‍ധിച്ചിരിക്കുന്നതിനാല്‍ അവയുടെ ക്ഷാമം രൂക്ഷമാവുകയും അവയ്ക്ക് അമിതമായ വില നല്‍കേണ്ട അവസ്ഥയും നിലവില്‍ വന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

അയര്‍ലണ്ടില്‍ പ്രവര്‍ത്തിക്കുന്ന നാലായിരത്തോളം മരുന്ന് കമ്പനികളില്‍ മൂന്നില്‍ രണ്ട് ഭാഗവും ബ്രിട്ടനില്‍ നിന്നാണ് മരുന്നുകള്‍ ലഭ്യമാക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ ലഭ്യമാക്കേണ്ട ജീവന്‍രക്ഷാ മരുന്നുകള്‍ക്കാണ് പ്രതിസന്ധി നേരിടാന്‍ പോകുന്നത്. മരുന്നുകളുടെ വിതരണത്തില്‍ സാരമായ കാലതാമസം വരാന്‍ സാധ്യതയുണ്ടെന്ന് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ വ്യക്തമാക്കിക്കഴിഞ്ഞു. കസ്റ്റംസ് നൂലാമാലകളില്‍പ്പെട്ടുണ്ടാകുന്ന താമസം ചില മരുന്നുകള്‍ നശിക്കാനും കാരണമായേക്കാം. നിശ്ചിത സമയം മാത്രം ആയുസുള്ളതും അന്തരീക്ഷ താപവുമായി പ്രതിപ്രവര്‍ത്തിക്കുന്നതുമായ മരുന്നുകള്‍ ഈ വിധത്തില്‍ ഉപയോഗശൂന്യമാകും. ഈ സാഹചര്യം ഒഴിവാക്കണമെങ്കില്‍ വ്യക്തമായ ധാരണകള്‍ ബ്രെക്‌സിറ്റില്‍ ഉണ്ടാകണമെന്നാണ് കമ്പനികള്‍ ആവശ്യപ്പെടുന്നത്. നിര്‍ണായക വേളയില്‍ രോഗികള്‍ക്ക് അത്യാവശ്യ മരുന്നുകള്‍ മുടക്കമില്ലാതെ ലഭിക്കുമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഉറപ്പേകേണ്ടിയിരിക്കുന്നുവെന്ന് അവര്‍ ആവശ്യപ്പെടുന്നു.

മരുന്ന് ക്ഷാമത്തെ നേരിടാന്‍ HSE യും ഹെല്‍ത്ത് പ്രോഡക്ട്സ് റെഗുലേറ്ററി ആതോറിറ്റിയും വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ജനങ്ങള്‍ പരിഭ്രാന്തരാവേണ്ട സാഹചര്യം ഇല്ലെന്നും മന്ത്രി വ്യക്തമാക്കി. പൊതുജനങ്ങളും ആശുപത്രികളും ഫാര്‍മസിസ്റ്റുകളും മരുന്നുകള്‍ പരിധിയിലധികം വാങ്ങിച്ചു കൂട്ടുന്നത് ആവശ്യക്കാരായവര്‍ക്ക് ലഭ്യമാകാത്ത സാഹചര്യത്തിന് വഴിതെളിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നോ ഡീല്‍ സാഹചര്യം നേരിടാന്‍ രാജ്യത്തെ ഒരുക്കുകയും പ്രത്യാഘാതങ്ങള്‍ പരമാവധി കുറയ്ക്കുകയുമാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഊന്നല്‍ കൊടുക്കുന്നത്. ഇതിനായി 9 വ്യത്യസ്ത ഗവണ്മെന്റ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ 16 വിഭാഗങ്ങളിലായി നിയമ നിര്‍മ്മാണം നടത്താനിരിക്കയാണ്. ഇതൊരു മെഗാ ബില്ല് ആയിരിക്കുമെന്നാണ് കോവ്നി വിശേഷിപ്പിച്ചത്. വടക്കന്‍ അയര്‍ലണ്ടില്‍ നിന്നുള്ള കുഞ്ഞുങ്ങള്‍ക്ക് ഐറിഷ് റിപ്പബ്ലിക്കില്‍ മെഡിക്കല്‍ കെയറിനുള്ള സൗകര്യമുള്‍പ്പെടെ ഈ ബില്ലില്‍ സൂചിപ്പിച്ചിട്ടുണ്ട്. മാര്‍ച്ച് 29 രാത്രി 11 മണിയോടെയാണ് യുകെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുപോകുന്നത്.

എ എം

Share this news

Leave a Reply

%d bloggers like this: