അവിശ്വാസ പ്രമേയ വോട്ടെടുപ്പിനെ അതിജീവിച്ച് സൈമണ്‍ ഹാരിസ്; ഫിയാന ഫാള്‍ വിട്ടുനിന്നു

ഡബ്ലിന്‍: സിന്‍ ഫെയ്ന്‍ കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ ഭരണപക്ഷ അംഗങ്ങളുടെ പിന്തുണയോടെ ആരോഗ്യ മന്ത്രി സൈമണ്‍ ഹാരിസ് ഒരുവിധത്തില്‍ മറികടന്നു. വോട്ടെടുപ്പില്‍ 37 ഫിയാന ഫാള്‍ അംഗങ്ങള്‍ വിട്ടുനിന്നപ്പോള്‍ പ്രതിപക്ഷത്തിന് 53 വോട്ടുകള്‍ നേടാനേ കഴിഞ്ഞുള്ളു. സൈമണ്‍ ഹാരിസിന് അനുകൂല പക്ഷം 58 വോട്ടുകള്‍ നേടി. ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ഐറിഷ് ആരോഗ്യമന്ത്രി സൈമണ്‍ ഹാരിസിനെതിരെ അവിശ്വാസപ്രമേയത്തിന് കാരണമായത്. ഹോസ്പിറ്റല്‍ നിര്‍മ്മാണ ചിലവുകള്‍ വര്‍ധിച്ചതില്‍ ഡയലില്‍ താന്‍ ക്ഷമാപണം നടത്തിയെങ്കിലും അതുകൊണ്ട് വിവാദങ്ങള്‍ അവസാനിക്കാതെ അവിശ്വാസ പ്രമേയത്തിലേക്കെത്തുകയായിരുന്നു. എന്നാല്‍ ഡയലില്‍ സൈമണ്‍ ഹാരിസിന്റെ ഭാഗത്ത് തെറ്റൊന്നുമില്ലെന്ന് വാദിച്ച ഭരണപക്ഷ അംഗങ്ങള്‍ നേരിയ ഭൂരിപക്ഷത്തില്‍ അവിശ്വാസപ്രമേയത്തെ മറികടക്കുകയായിരുന്നു.

വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന ഫിയാന ഫാളിനെതിരെ സിന്‍ ഫെയ്ന്‍ അംഗങ്ങള്‍ വോട്ടെടുപ്പിന് ശേഷം ആരോപണവുമായി രംഗത്തെത്തി. ജനപക്ഷം മനസിലാക്കാതെയാണ് ഭരണ നേതൃത്വം പ്രവര്‍ത്തിക്കുന്നതെന്ന് സിന്‍ ഫെയ്ന്‍ വക്താവ് Louise O’Reilly അഭിപ്രായപ്പെട്ടു. ഭരണം കൈവിട്ടുപ്പോകാതിരിക്കാന്‍ അന്യായത്തിന് കൂട്ടുനില്‍കുകയാണെന്ന് അവര്‍ ആരോപിച്ചു. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് പല വിവാദങ്ങളും വിരല്‍ ചൂണ്ടുന്നത് സൈമണ്‍ ഹാരിസിന് നേര്‍ക്കാണെന്നും അദ്ദേഹം ആ പദവിയില്‍ തുടരാന്‍ യോഗ്യനല്ലാതായെന്നും സിന്‍ ഫെയ്ന്‍ പാര്‍ട്ടി നേതാവ് മേരി ലൂ മക്ഡൊണാള്‍ഡ് പ്രസ്താവിച്ചു. എന്നാല്‍ പ്രധാനമന്ത്രി ലിയോ വരേദ്കറും വിദേശകാര്യ മന്ത്രി സൈമണ്‍ കോവ്‌നിയും സൈമണ്‍ ഹാരിസിന് അനുകൂല നിലപാടുകളുമായി പ്രതിരോധമൊരുക്കി. വരേദ്കര്‍ അധികാരത്തിലെത്തിയ ശേഷം ഇത് മൂന്നാം തവണയാണ് മന്ത്രിസഭയിലെ അംഗങ്ങള്‍ അവിശ്വാസ പ്രമേയം നേരിടുന്നത്. ഇതില്‍ യോഗന്‍ മര്‍ഫി അവിശ്വാസ പ്രമേയത്തെ അതിജീവിച്ചപ്പോള്‍ ഫ്രാന്‍സിസ് ഫിറ്റ്സ്ജെറാള്‍ഡ് പരാജയപ്പെട്ടു.

നാഷണല്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ നിര്‍മ്മാണത്തിന് 2 മില്ല്യണ്‍ യൂറോയോളം ചിലവാക്കേണ്ടി വരുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതോടെയാണ് ആരോഗ്യവകുപ്പും സൈമണ്‍ ഹാരിസും സമ്മര്‍ദ്ദത്തിലായത്. ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് ചിലവുകള്‍ വര്‍ധിച്ചത് ആരോഗ്യമന്ത്രിയുടെ അറിവോടെയായിരുന്നുവെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപണം ഉയര്‍ത്തിയിരുന്നു. 2018 ആഗസ്റ്റില്‍ തന്നെ നേരത്തേ നിശ്ചയിച്ചിരുന്ന തുകയേക്കാള്‍ 391 മില്യണ്‍ യൂറോ അധികച്ചിലവ് വരുത്തിയതായി ആരോഗ്യമന്ത്രിക്ക് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. എന്നാല്‍ ഇത് പുറത്തുവിടാതെ നിര്‍മ്മാണവുമായി മുന്നോട്ടു പോകുകയാണ് മന്ത്രി ചെയ്‌തെന്ന് സിന്‍ ഫെയ്ന്‍ ആരോപിക്കുന്നു. ഒക്ടോബറിലെ ബജറ്റ് പ്രഖ്യാപനത്തിന് ശേഷം നവംബര്‍ ഒന്‍പതിനാണ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പുറംലോകമറിയുന്നത്. അധിക ചിലവ് വന്നുവെന്ന് തനിക്ക് റിപ്പോര്‍ട്ട് ലഭിച്ച ആഗസ്റ്റില്‍ തന്നെ അക്കാര്യം പ്രധാനമന്ത്രി വരേദ്കറെയും ധനകാര്യമന്ത്രി പാസ്‌ക്കല്‍ ഡോനഹോയേയും അറിയിക്കേണ്ടതായിരുന്നു. എന്നാല്‍ ഇക്കാര്യമ മറച്ചുവച്ചതില്‍ ദുരൂഹതയുണ്ടെന്നും ഈ പദവിയില്‍ തുടരാന്‍ അദ്ദേഹം യോഗ്യനല്ലെന്നുമാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം.

അയര്‍ലണ്ടിലെ നേഴ്സുമാര്‍ ആവശ്യപ്പെട്ട ശമ്പള വര്‍ധനവിന് മുടന്തന്‍ ന്യായങ്ങള്‍ പറയുന്ന വരേദ്കര്‍ ഗവണ്മെന്റ് നാഷണല്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് ചിലവുകള്‍ പുറത്തുവന്നതോടെയാണ് കൂടുതല്‍ സമ്മര്‍ദ്ദത്തിലായത്. ആശുപത്രി നിര്‍മാണത്തിന് മൊത്തം ചിലവ് നേരത്തെ നിശ്ചയിച്ചിരുന്ന 983 മില്യണ്‍ യൂറോയില്‍ നിന്ന് 2 ബില്യണ്‍ യൂറോ വരെ ആകുമെന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട്. ചിലവ് ക്രമാതീതമായി ഉയര്‍ന്നതോടെ നിര്‍മ്മാണ ചുമതല ഏറ്റെടുത്തിരുന്ന നാഷണല്‍ പീടിയാട്രിക് ഹോസ്പിറ്റല്‍ ഡെവലപ്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ ടോം കോസ്റ്റല്ലോ തന്റെ രാജി പ്രഖ്യാപിച്ചിരുന്നു. ആരോഗ്യമേഖലയിലെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ കേള്‍ക്കാതെ ധൂര്‍ത്ത് നടത്തുന്ന ആരോഗ്യവകുപ്പിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

2016 ല്‍ വരേദ്കര്‍ ആരോഗ്യമന്ത്രി ആയിരിക്കുമ്പോഴാണ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ പദ്ധതി പ്രഖ്യാപിക്കുന്നത്. ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ നിര്‍മാണം മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന 650 മില്യണ്‍ യൂറോയില്‍ നില്‍ക്കില്ലെന്ന് ലിയോ വരേദ്കര്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ വിവാദങ്ങളും ആരംഭിച്ചിരുന്നു. പിന്നീട് ഈ പദ്ധതി പൂര്‍ത്തിയാക്കാന്‍ ഗവണ്‍മെന്റില്‍ നിന്ന് 1 ബില്യണ്‍ യൂറോ ചെലവാക്കേണ്ടി വരുമെന്ന് അദ്ദേഹം പ്രസ്താവിച്ചു. നിര്‍മ്മാണമേഖലയിലെ വിലക്കയറ്റമാണ് പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ നിശ്ചയിച്ചിരുന്ന തുകയേക്കാള്‍ അധികമായി ചിലവാക്കണ്ടി വരുന്നതെന്ന വാദമാണ് ഗവണ്മെന്റ് മുന്നോട്ടുവെച്ചത്. ഏറ്റവുമൊടുവില്‍ രണ്ട് ബില്യണ്‍ യൂറോ ചിലവാക്കിയെങ്കിലേ പണി പൂര്‍ത്തീകരിക്കാന്‍ കഴിയുള്ളൂവെന്ന സ്ഥിതിയാണ്. അതേസമയം പദ്ധതി റീ-ടെന്‍ഡര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പ്രധാനമന്ത്രി ലിയോ വരേദ്കറും സൈമണ്‍ ഹാരിസും വ്യക്തമാക്കി. മൊത്തം ചിലവുകള്‍ കഴിയുമ്പോള്‍ ലോകത്തില്‍ ഏറ്റവും അധികം തുക മുടക്കി നിര്‍മിക്കുന്ന ചില്‍ഡ്രന്‍സ് ഹോസ്പിറ്റലായി ഇത് മാറും.

Share this news

Leave a Reply

%d bloggers like this: