ബ്രെക്സിറ്റ്: സമയപരിധി നീട്ടും; യൂറോപ്യന്‍ യൂണിയന്റെ നിലപാടിനായി ഉറ്റുനോക്കി ലോകം

ലണ്ടന്‍: യൂറോപ്യന്‍ യൂണിയന്‍ കൂട്ടായ്മയില്‍ നിന്ന് ബ്രിട്ടന്‍ പിന്മാറുന്നത് സംബന്ധിച്ച്‌ (ബ്രെക്സിറ്റ്) ബ്രിട്ടിഷ് പാര്‍ലമെന്റില്‍ തുടര്‍ച്ചയായ 3 ദിവസങ്ങളില്‍ നടന്ന വോട്ടെടുപ്പ് പരമ്പരക്കൊടുവിൽ ഒരു പ്രമേയം പാസായി. കരാര്‍ നടപ്പാക്കുന്നത് നീട്ടിവെയ്ക്കണമെന്നാണ് പാര്‍ലമെന്റില്‍ ഭൂരിപക്ഷാഭിപ്രായം. ബ്രെക്‌സിറ്റ് നടപടികള്‍ നീട്ടിവെക്കുന്നതിനനുകൂലമായി ബ്രിട്ടീഷ് പാര്‍ലമെന്റ് വിധിയെഴുതി.

പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ 202നെതിരെ 412 വോട്ടുകള്‍ക്കാണ് പ്രമേയം പാസായത്. ബ്രെക്‌സിറ്റ് വിഷയത്തില്‍ തുടര്‍ച്ചയായ രണ്ട് വോട്ടെടുപ്പുകളിലും തിരിച്ചടി നേരിട്ടതിനെ തുടര്‍ന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് ബ്രെക്‌സിറ്റ് നടപടികള്‍ നീട്ടിവെക്കാന്‍ അനുമതി തേടിയത്.

ഭേദഗതികളോടെ കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബ്രെക്‌സിറ്റ് കരാര്‍ പാര്‍ലമെന്റ് തള്ളിയതിന് പിന്നാലെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് കരാറില്ലാതെ പുറത്തുപോകാന്‍ അനുമതി തേടുന്ന പ്രമേയവും പാര്‍ലമെന്റില്‍ പരാജയപ്പെട്ടിരുന്നു. കരാറില്ലാതെ പുറത്ത് പോകുന്നത് രാജ്യത്തിന്റെ സാമ്പത്തിക മേഖല അസ്ഥിരമാക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അംഗങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്തത്.

തീരുമാനം ഇനി യൂറോപ്യന്‍ യൂണിയന്‍ കൂടി അംഗീകരിക്കേണ്ടതുണ്ട്. ഈ മാസം 21, 22 തീയതികളില്‍ ബ്രസല്‍സില്‍ ചേരുന്ന ഉച്ചകോടിയില്‍ തീരുമാനമുണ്ടാകുമെന്നാണു പ്രതീക്ഷ. സമയപരിധി നീട്ടുന്നതിനു മുന്‍പ്, രാജ്യത്ത് എന്താണു നടക്കുന്നതെന്ന് ബ്രിട്ടന്‍ വിശദീകരിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.

ബ്രെക്സിറ്റിന്റെ പേരില്‍ പാര്‍ലമെന്റിലെ മാരത്തണ്‍ വോട്ടെടുപ്പിന് താല്‍ക്കാലികവിരാമമായെങ്കിലും രാഷ്ട്രീയ അനിശ്ചിതത്വവും അവ്യക്തതയും തുടരുകയാണ്. ബ്രെക്‌സിറ്റ് നടപടികള്‍ നീട്ടിവെക്കാനാകില്ല എന്ന നിലപാടാണ് യൂറോപ്യന്‍ യൂണിയന്‍ കൈക്കൊള്ളുന്നതെങ്കില്‍ തെരേസാ മേയ് സര്‍ക്കാരും ബ്രെക്‌സിറ്റ് നടപടികളും വീണ്ടും പ്രതിസന്ധിയിലാവും.

ഡികെ

Share this news

Leave a Reply

%d bloggers like this: