ലോക്സഭയില്‍ 22 അംഗങ്ങളുള്ള ജഗന്‍മോഹന്‍ എന്‍ഡിഎയിലേക്ക്; ഡെപ്യൂട്ടി സ്പീക്കര്‍ പദവി വാഗ്ദാനം ചെയ്ത് ബിജെപി…

ആന്ധ്രയില്‍ മിന്നുന്ന വിജയം നേടിയ ജഗന്‍മോഹന്‍ റെഡ്ഡിയെ സ്വന്തം പാളയത്തിലെത്തിക്കാന്‍ ബിജെപി. ഇതിന്റെ ഭാഗമായി ലോക്സഭയിലെ ഡെപ്യുട്ടി സ്പീക്കര്‍ പദവി വൈഎസ്ആര്‍ കോണ്‍ഗ്രസിന് നല്‍കാമെന്ന് ബിജെപി വാഗ്ദാനം ചെയ്തു. ഇക്കാര്യത്തില്‍ തീരുമാനം പിന്നീട് അറിയിക്കാമെന്ന് ആന്ധ്ര മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി ബിജെപി നേതൃത്വത്തെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ബിജെപി എംപിയും വക്താവുമായ ജിവിഎല്‍ നരസിംഹറാവുവാണ് ആന്ധ്ര മുഖ്യമന്ത്രിയെ കണ്ട് വാഗ്ദാനം മുന്നോട്ട് വെച്ചത്. പാര്‍ട്ടി നേതാക്കളുമായി ആലോചിച്ച് തീരുമാനമെടുക്കാമെന്നാണ് ജഗന്‍ മോഹന്റെ നിലപാട്.

എന്‍ഡിഎയുടെ ഭാഗമാകുകയും ഡെപ്യൂട്ടി സ്പീക്കര്‍ പദവി ഏറ്റെടുക്കുകയും ചെയ്താല്‍ അത് എങ്ങനെയാവും ആന്ധ്രയില്‍ പ്രതിഫലിക്കുകയെന്നത് പരിശോധിക്കേണ്ടതുകൊണ്ടാണ് പാര്‍ട്ടി തീരുമാനം പിന്നീട് അറിയിക്കാമെന്ന് പറഞ്ഞതെന്നാണ് സൂചന. പാര്‍ട്ടിയ്ക്ക് പിന്തുണ നല്‍കിയ ന്യൂനപക്ഷ വിഭാഗങ്ങള്‍ ബിജെപിയുടെ വാഗ്ദാനത്തെ എങ്ങനെ സ്വീകരിക്കുമെന്നതാണ് ജഗന്‍മോഹനെ പെട്ടെന്നൊരു തീരുമാനമെടുക്കുന്നതില്‍ നിന്ന് തടയുന്നതെന്നാണ് വിലയിരുത്തല്‍.

ഈ മാസം 15 ന് നീതി ആയോഗിന്റെ യോഗത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയില്‍ എത്തുമ്പോള്‍ മുഖ്യമന്ത്രി ജഗന്‍മോഹന്‍ പ്രധാനമന്ത്രിയുമായി ഡെപ്യൂട്ടി സ്പീക്കര്‍ പദവിയെ സംബന്ധിച്ച് ചര്‍ച്ച നടത്തുമെന്നാണ് സൂചന. ഈ മാസം 17 നാണ് ലോക്സഭയുടെ ആദ്യ യോഗം. അംഗങ്ങളുടെ സത്യപ്രതിജ്ഞ കഴിഞ്ഞാല്‍ പിന്നീട് സ്പീക്കറുടെയും ഡെപ്യൂട്ടി സ്പീക്കറുടെയും തെരഞ്ഞെടുപ്പാണ്. ലോക്സഭ തെരഞ്ഞെടുപ്പില്‍ 22 സീറ്റുകളാണ് വൈഎസ്ആര്‍ കോണ്‍ഗ്രസിന് ലഭിച്ചത്.

ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കുന്നവര്‍ക്കാണ് തന്റെ പിന്തുണയെന്നായിരുന്നു നേരത്തെ ജഗന്‍മാഹന്‍ പറഞ്ഞത്. തെലങ്കാന സംസ്ഥാനം രൂപീകരിക്കപ്പെട്ടതിന് ശേഷമുള്ള അവസ്ഥ മറികടക്കുന്നതിന് ആന്ധ്ര പ്രദേശിന് പ്രത്യേക പദവി നല്‍കണമന്നാണ് ആന്ധ്രയിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നത്. പ്രത്യേക പദവി നല്‍കില്ലെന്ന് വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് ടിഡിപി എന്‍ഡിഎ മുന്നണി വിട്ടത്.

Share this news

Leave a Reply

%d bloggers like this: