ഷിയാ പ്രതിഷേധങ്ങളില്‍ പങ്കെടുത്ത 13കാരന് സൗദിയില്‍ വധശിക്ഷ: ആംനസ്റ്റി ഇന്റര്‍നാഷണല്‍…

മുസ്ലിം ഷിയാ വംശജരുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിന്റെ പേരില്‍ 13-ാം വയസ്സില്‍ അറസ്റ്റിലായ സൌദീ പൌരനെ വധശിക്ഷക്ക് വിധിച്ചുവെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍. ‘ഭീകര സംഘടന’യില്‍ ചേര്‍ന്നു, ‘രാജ്യദ്രോഹ കുറ്റം’ ചെയ്തു തുടങ്ങിയ വകുപ്പുകളാണ് മുര്‍ത്തജ ഖുറൈറീസ് എന്ന, ഇപ്പോള്‍ പതിനെട്ടു വയസ്സുള്ള, യുവാവിനുമേല്‍ ചുമത്തിയിരിക്കുന്ന കുറ്റം.

2014 സെപ്തംബറിലാണ് ഇയാളെ അറസ്റ്റു ചെയ്തത്. അതിനുശേഷം ഇത്രയും കാലം ഏകാന്ത തടവില്‍ പാര്‍പ്പിക്കുകയും ചെയ്തു. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതുകൊണ്ട് സൗദി അറേബ്യ ഈ കേസിനെക്കുറിച്ച് പരസ്യമായി പ്രതികരിച്ചിട്ടില്ല. അതേസമയം, കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ മാത്രം സൗദിയില്‍ 37 പേരുടെ വധശിക്ഷയാണ് കൂട്ടത്തോടെ നടപ്പാക്കിയത്. അവരില്‍ ഭൂരിഭാഗവും ഷിയാ വിഭാഗക്കാരാണ് എന്നതാണ് ശ്രദ്ധേയം. അതില്‍ 16 വയസുള്ളപ്പോള്‍ അറസ്റ്റിലായ ഒരു ഷിയാ യുവാവും ഉണ്ടായിരുന്നതായി ആംനസ്റ്റി ഇന്റര്‍നാഷണല്‍ പറയുന്നു.

മുര്‍ത്തജ ഖുറൈറീസിനെതിരെ ചുമത്തിയ രാജ്യദ്രോഹകുറ്റങ്ങളില്‍ അയാള്‍ക്ക് വെറും പത്തുവയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ നടന്ന സംഭവവുമുണ്ട്. മുത്തര്‍ജയുടെ മുതിര്‍ന്ന സഹോദരന്‍ 2011-ലെ അറബ് വസന്തകാലത്ത് നടന്ന സമരങ്ങളുടെ ഭാഗമായി കൊല ചെയ്യപ്പെട്ടിരുന്നു. തുടര്‍ന്ന് നടന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്തുവെന്നതാണ് മുര്‍ത്തജക്കെതിരെ ചുമത്തിയിട്ടുള്ള ഒരു കുറ്റം. അറസ്റ്റ് നടക്കുമ്പോള്‍ അയാളുടെ പ്രായം പതിനൊന്നു വയസ്സാണ്.

സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയിലെ ഷിയാ ന്യൂനപക്ഷ പ്രക്ഷോഭകര്‍ 2011-ല്‍ തുല്യാവകാശത്തിനുവേണ്ടി സമരം ചെയ്തിരുന്നു. സര്‍ക്കാര്‍ സേവനങ്ങളൊന്നും ലഭിക്കുന്നില്ലെന്നും, സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ശക്തമായ സ്വാധീനമുള്ള വഹാബികളില്‍നിന്നും, സുന്നികളില്‍ നിന്നും കടുത്ത വിവേചനമാണ് നേരിടുന്നതെന്നും അവര്‍ പരാതിപ്പെട്ടിരുന്നു.

2014-മുതല്‍ സൗദി അറേബ്യയിലെ ഭീകരവിരുദ്ധ കോടതിക്ക് മുമ്പാകെ നൂറോളം ഷിയാ വിഭാഗക്കാരാണ് വിചാരണ ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. സര്‍ക്കാറിനോടുള്ള എതിര്‍പ്പ് പ്രകടിപ്പിച്ചതിന്റെ പേരില്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങളും കുട്ടങ്ങലുമാണ് അവര്‍ക്കുമേല്‍ ചുത്തപ്പെട്ടിരിക്കുന്നത് എന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ പറയുന്നു. 2016-ല്‍ സൌദിയിലെ ഏറ്റവും വലിയ ഷിയാ നേതാവായ ശൈഖ് നിംര്‍ അല്‍-നിംറിനെ സൗദി അറേബ്യ വധിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: