കാണാതായ ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് വിമാനം തകര്‍ന്ന നിലയില്‍; രക്ഷപ്പെട്ടവരുണ്ടോയെന്നറിയാന്‍ പരിശോധന തുടരുന്നു…

ഒരാഴ്ചയിലധികം നീണ്ട തിരച്ചിലുകള്‍ക്കൊടുവില്‍ കാണാതായ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വിമാനം എഎന്‍-32 തകര്‍ന്നുവീണ നിലയില്‍ കണ്ടെത്തിയതായി വിവരം. ലിപോയില്‍ നിന്നും വടക്ക് 16 കിലോമീറ്റര്‍ മാറിയാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇന്ത്യന്‍ എയര്‍ ഫോഴ്‌സിന്റെ എംഐ-17 ഹെലികോപ്റ്ററാണ് തെരച്ചിലിനിടെ വിമാനാവശിഷ്ടം കണ്ടെത്തിയത്. അപകടത്തില്‍ ആരെങ്കിലും രക്ഷപ്പെട്ടിട്ടുണ്ടോയെന്നറിയാനുള്ള ശ്രമങ്ങള്‍ തങ്ങള്‍ തുടരുകയാണെന്ന് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ട്വീറ്റ് ചെയ്തു.

മെന്‍ചുക്ക അഡ്വാന്‍സ് ലാന്‍ഡിംഗ് ഗ്രൗണ്ടില്‍ നിന്ന് പറന്നുയര്‍ന്ന വിമാനമാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ജൂണ്‍ മൂന്നിന് പറന്നുയര്‍ന്ന ഈ വിമാനത്തിന് ഗ്രൗണ്ട് സ്റ്റേഷനുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. എട്ട് ക്രൂ മെംബേഴ്സും അഞ്ച് യാത്രക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

വിമാനം ചൈനയുടെ ഭാഗത്തേക്ക് അടിയന്തിര ലാന്‍ഡിങ് നടത്തിയിരിക്കാമെന്ന് പ്രതീക്ഷിച്ചിരുന്നു. ചൈന അതിര്‍ത്തിയായ മക് മോഹന്‍ രേഖയ്ക്ക് ഏറ്റവും അടുത്തുള്ള, ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ ലാന്‍ഡിംഗ് ഗ്രൗണ്ട് ആണ് അരുണാചല്‍പ്രദേശിലെ വെസ്റ്റ് സിയാങ് ജില്ലയിലുള്ള മെചൂക്ക വാലിയിലെ, മെചൂക്ക ലാന്‍ഡിംഗ് ഗ്രൗണ്ട്. ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ യാത്രാവിമാനമാണ് എഎന്‍ 32. 1984 മുതല്‍ ഇത് ഉപയോഗിക്കുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: