Sunday, May 31, 2020

ഗ്രീന്‍ലാന്‍ഡ് വാങ്ങിക്കാനുള്ള ട്രംപിന്റെ ‘അത്യാഗ്രഹ’ത്തെ ശക്തമായി എതിര്‍ത്ത് ഡാനിഷ് പ്രധാനമന്ത്രി…

Updated on 22-08-2019 at 9:56 am

Share this news

ലോകത്തെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് ഇടപാട് എന്നു വിശേഷിപ്പിക്കപ്പെട്ട ‘ഗ്രീന്‍ലാന്‍ഡ് വില്‍പ്പന’ നടക്കില്ലെന്നു വന്നതോടെ കടുത്ത നിരാശയിലാണ് യു.എസ് പ്രസിഡന്റ് ട്രംപ്. പല രീതിയില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ നോക്കിയെങ്കിലും ഗ്രീന്‍ലാന്‍ഡും ഡെന്മാര്‍ക്കും ശക്തമായ ഭാഷയില്‍ വില്‍പ്പനക്കുള്ള രാജ്യമല്ല ഗ്രീന്‍ലാന്‍ഡ് വ്യക്തമാക്കി. പ്രകോപിതനായ ട്രംപ് അദ്ദേഹത്തിന്റെ ഡെന്‍മാര്‍ക്ക് സന്ദര്‍ശനം പൊടുന്നനെ റദ്ദാക്കി. ഇപ്പോള്‍ ഡാനിഷ് പ്രധാനമന്ത്രിയെ കടന്നാക്രമിച്ചുകൊണ്ടാണ് ട്രംപ് സംസാരിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീന്‍ലാന്‍ഡ് ഡെന്‍മാര്‍ക്കിന്റെ സ്വയംഭരണ പ്രദേശമാണ്. ദ്വീപ് വിലയ്ക്കു വാങ്ങാനായി ഡെന്‍മാര്‍ക്കുമായി ചര്‍ച്ച നടത്തുമെന്നുമായിരുന്നു ട്രംപ് പറഞ്ഞത്. എന്നാല്‍. ഗ്രീന്‍ലാന്‍ഡ് വില്‍ക്കാനുള്ളതല്ല എന്നായിരുന്നു ദ്വീപിന്റെ പ്രധാനമന്ത്രി കിം കീല്‍സന്റെ മറുപടി. വൈകാതെതന്നെ ഡാനിഷ് പ്രധാനമന്ത്രി മെറ്റി ഫ്രെഡറിക്സനും നിലപാടു വ്യക്തമാക്കി. ട്രംപിന്റെ വാക്കുകളെ ‘അസംബന്ധം’ എന്നു വിശേഷിപ്പിച്ച അവര്‍ ദ്വീപ് വിട്ടുകൊടുക്കുന്നതിനെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ പോലും താല്‍പര്യമില്ലെന്നും പറഞ്ഞു. ട്രംപിന് അരിശം മൂത്തു. ഫ്രഡറിക്സനുമായി നിശ്ചയിച്ച കൂടിക്കാഴ്ചയില്‍ നിന്നും അദ്ദേഹം ഏകപക്ഷീയമായി പിന്മാറി. സന്ദര്‍ശനം റദ്ദാക്കാനുള്ള ട്രംപിന്റെ തീരുമാനം ദുഃഖകരവും ആശ്ചര്യമുളവാക്കുന്നതുമാണെന്ന് ഫ്രെഡെറിക്‌സണ്‍ പ്രതികരിച്ചു. ട്രംപിന്റെ വരവിനു മുന്നോടിയായുള്ള തയ്യാറെടുപ്പുകള്‍ നടന്നുവരുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.

മെറ്റി ഫ്രെഡറിക്സന്റെ ശക്തമായ നിലപാടും വാക്കുകളും ട്രംപിന്റെ അത്യാഗ്രഹത്തിനേറ്റ കനത്ത പ്രഹരമായിരുന്നു. ‘സ്വയംഭരണാധികാരമുള്ള ഡാനിഷ് പ്രദേശം വാങ്ങാനുള്ള തന്റെ താല്‍പര്യം ‘വെറുമൊരു ആശയം’ മാത്രമാണ്. അതിനോട് ഇങ്ങനെയല്ല പ്രതികരിക്കേണ്ടത്. ഒട്ടും സുഖകരമല്ലാത്ത മറുപടിയാണത്. യുഎസിനോട് അല്‍പംകൂടി ബഹുമാനമൊക്കെയാകാം. കുറഞ്ഞത് ഞാന്‍ ഇവിടെയിരിക്കുമ്പോഴെങ്കിലും അമേരിക്കയോട് ആ രീതിയില്‍ സംസാരിക്കരുത്’- ട്രംപിന്റെ നിരാശയും രോഷവുമെല്ലാം ഈ വാക്കുകളില്‍ പ്രകടമാണ്.

അതേസമയം കടുത്ത ഭാഷയിലാണ് ഡാനിഷ് മുന്‍ വിദേശകാര്യ മന്ത്രി വില്ലി സോണ്ടല്‍ പ്രതികരിച്ചത്. ഡെന്‍മാര്‍ക്ക് സന്ദര്‍ശനം റദ്ദാക്കാനുള്ള ട്രംപിന്റെ തീരുമാനം ‘ആത്മരതിക്കാരനായ വിഡ്ഢി’യുടേതാണ് എന്നാണ് വില്ലി സോണ്ടല്‍ പറഞ്ഞത്. വന്‍തോതില്‍ ധാതു നിക്ഷേപമുണ്ടെന്ന് കരുതപ്പെടുന്ന ഗ്രീന്‍ലന്‍ഡ് വടക്കേ അറ്റ്ലാന്റിക് സമുദ്രത്തിനും ആര്‍ട്ടിക് സമുദ്രത്തിനുമിടയിലാണ് സ്ഥിതി ചെയ്യുന്നത്. ഗ്രീന്‍ലന്‍ഡിലൂടെ യൂറോപ്പില്‍നിന്ന് നേരിട്ട് വടക്കെ അമേരിക്കയിലേക്ക് കടക്കാനാകും. യു.എസിന്റെ വടക്കന്‍ മേഖലയിലെ ഏറ്റവുംവലിയ വ്യോമാസ്ഥാനമായ തുലേയും ഇവിടെയാണ്. ഭൂവിസ്താരത്തില്‍ മിക്ക ലോകരാജ്യങ്ങളേക്കാളും വലിപ്പമുണ്ടെങ്കിലും അരലക്ഷത്തോളം മാത്രമാണ് ഇവിടത്തെ ജനസംഖ്യ. ട്രംപിനുമുമ്പ് മുന്‍ യു.എസ്. പ്രസിഡന്റ് ഹാരി ട്രൂമാനും ഗ്രീന്‍ലന്‍ഡിനെ തങ്ങളുടെ ഭാഗമാക്കാന്‍ ശ്രമം നടത്തിയിരുന്നു. ദ്വീപ് കൈമാറുകയാണെങ്കില്‍ ഡെന്‍മാര്‍ക്കിനെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യുമെന്നായിരുന്നു ട്രംപിന്റെ വാഗ്ദാനം. ദ്വീപിലെ ഒരു ഗ്രാമത്തിനു നടുവില്‍ ട്രംപിന്റെ പേരിലുള്ള കൂറ്റന്‍ കെട്ടിടം നില്‍ക്കുന്ന ഫോട്ടോഷോപ്പ് ചിത്രം സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. അതു പ്രസിദ്ധീകരിച്ചുകൊണ്ട് ‘ഗ്രീന്‍ലാന്റിനോട് ഞാനിത് ചെയ്യില്ല’ എന്നൊക്കെ ട്രംപ് വാഗ്ദാനം ചെയ്തിട്ടുമുണ്ട്.

comments


 

Other news in this section
WhatsApp chat