ബ്രിട്ടനിൽ വോട്ട് ചെയ്തതിന്റെ അനുഭവം പങ്കുവെച്ച് സിന്ധു ജോയ്

ലണ്ടൺ : ബ്രിട്ടനിൽ തന്റെ കന്നിവോട്ട് ചെയ്തതിന്റെ അനുഭവം പങ്കുവെക്കുകയാണ് മലയാളിയായ സിന്ധു ജോയ്. നോട്ടിങ്ഹാം സൗത്ത് ആണ് സിന്ധുവിന്റെ പാർലമെന്റ് മണ്ഡലം. ആകെ എഴുപതിനായിരത്തിൽ താഴെ മാത്രം വോട്ടർമാർ ആണ് ഇവിടെ ഉള്ളത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വീടുകളിൽ ഒന്നോ രണ്ടോ ചെറിയ കടലാസ് മാത്രമാണ് ലഭിക്കുക. അതോടൊപ്പം ഇന്ത്യയിലെയും, ബ്രിട്ടനിലെയും വോട്ടിങ്ങിന്റെ വ്യത്യാസവും ഏറെയാണെന്ന് സിന്ധു ഫേസ്ബുക്കിലൂടെ കുറച്ചു. ഇംഗ്ലണ്ടിലെ ഒരു പബ്ബിലാണ് ഇവർക്ക് പോളിങ് ബൂത്ത് ലഭിച്ചത്. വോട്ടെടുപ്പ് കഴിഞ്ഞ് അടിച്ചു ഫിറ്റാകാനുള്ള സൗകര്യവും തന്റെ പോളിംഗ് ബൂത്തിൽ ഉണ്ടായിരുന്നതായും ഇവർ തമാശ രൂപേണ പറയുന്നു.

ബ്രിട്ടീഷ് കോളനികൾ ആയിരുന്ന കോമൺ വെൽത്ത് രാജ്യങ്ങളിൽ നിന്നുള്ളവർ ബ്രിട്ടനിൽ സ്ഥിരതാമസക്കാർ ആണെങ്കിൽ അവർക്ക് ബ്രിട്ടനിൽ വോട്ട് ചെയ്യാം. ഈ അനുകൂല്യത്തിലായിരുന്നു സിന്ധു വോട്ട് ചെയ്യാനെത്തിയത്. ഇങ്ങു ഇന്ത്യയിൽ ഇലക്രോണിക് വോട്ടിംഗ് മെഷീനിൽ വോട്ട് ചെയ്ത് പരിചയമുള്ള തനിക്ക് ഇവിടെ ബാലറ്റ് പേപ്പർ ഉപയോഗിച്ചാണ് വോട്ട് ചെയ്യേണ്ടി വന്നതെന്നും സിന്ധു പറയുന്നു. വികസനമാതൃകകളുടെ കൊടുമുടിലുള്ള ബ്രിട്ടനിൽ പോലും ബാലറ്റ് ഉപയോഗിച്ചാണ് ഇപ്പോഴും തെരെഞ്ഞെടുപ്പ് നടക്കുന്നതെന്നും അവർ പറയുന്നു. നേതാക്കളുടെ പല ഭാവത്തിലും, രൂപത്തിലുമുള്ള ഫ്ളക്സ് ഇവിടെ കാണാനില്ലെന്നും, തെരഞ്ഞെടുപ്പ് ചെലവുകൾ കുറവാണെന്നും സിന്ധു ജോയ് കുറിക്കുന്നു.

‘കൊടും തണുപ്പാണ് ഇവിടെ; പോരാത്തതിന് മഴയും. എന്നാലും പോളിംഗ് ബൂത്തിൽ കുറേപ്പേരുണ്ട് വോട്ട് ചെയ്യാൻ. രാത്രി പത്തുമണി വരെ ബൂത്ത് തുറന്നിരിക്കും. ഓഫീസ് ജോലിയൊക്കെ കഴിഞ്ഞുവെന്ന് വോട്ട് ചെയ്താൽ മതി. എന്നാലും നമ്മുടെ നാട്ടിലെ അത്രയും പോളിംഗ് ശതമാനം ഒരിക്കലും ഇവിടെ ഉണ്ടാകാറില്ല. ഇലക്ഷൻ ദിനത്തിൽ ടിവി ചാനലുകൾ തുറന്നാലും നമ്മുടെ നാട്ടിലേതുപോലെ ചർച്ചയില്ല, ‘തത്സമയം പെൺകുട്ടികൾ’ ഇല്ല; ബിബിസിയിൽ പോലും മൂന്നാമത്തെ പ്രധാനവാർത്ത മാത്രമായിരുന്നു പോളിംഗ്’.. സിന്ധു പറയുന്നു. താൻ വോട്ട് ചെയ്തത് ലേബർ പാർട്ടിക്ക് ആണെന്നും സിന്ധു ജോയ് വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: