മെയ് മുതൽ മെന്തോൾ സിഗരറ്റുകൾക്ക്  അയർലണ്ടിൽ നിരോധനം

അനിയതമായ  ആകൃതിയിലുള്ള സിഗരറ്റ് പായ്ക്കുകൾക്കൊപ്പം മെന്തോൾ സിഗരറ്റും ഈ വർഷം മെയ് മുതൽ അയർലണ്ടിൽ നിരോധിക്കും.പുകയില ഉൽപന്നങ്ങളെക്കുറിച്ചുള്ള 2016 ലെ യൂറോപ്യൻ യൂണിയൻ നിർദ്ദേശപ്രകാരം നാല് വർഷമായി ഘട്ടം ഘട്ടമായി നിയന്ത്രണം ഏർപ്പെടുത്തിയതിനു  ശേഷമാണ് ഈ നിരോധനം ഏർപ്പെടുത്തുന്നത്. ഉൽ‌പ്പന്നത്തിന്റെ ഗന്ധം, രുചി,  പുകയുടെ  തീവ്രത എന്നിവ പരിഷ്കരിച്ച്  സിഗരറ്റ് വിതരണം ചെയ്യാൻ പാടില്ല.

മെയ് 20 മുതൽ പ്രാബല്യത്തിൽ വരുന്ന നിരോധനത്തിൽ  മെന്തോൾ സിഗരറ്റും  ഉൾപ്പെടും.  മെന്തോൾ സിഗരറ്റിൽ ഉപയോഗിക്കുന്ന സുഗന്ധദ്രവ്യങ്ങൾ സാധാരണയായി  പുകവലിക്കുമ്പോൾ തൊണ്ടയിൽ ഉണ്ടാകുന്ന  ബുദ്ധിമുട്ടുകൾ ഏറെക്കുറെ കുറയ്ക്കുന്നു. ഇത്തരത്തിലുള്ള സുഗന്ധമുള്ള സിഗരറ്റുകൾ ചെറുപ്പക്കാരെ ലക്ഷ്യം വച്ചുള്ളതാണെന്നും പുകവലി ഏറ്റെടുക്കാൻ പുതുതലമുറയെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നും ആരോഗ്യമന്ത്രി സൈമൺ ഹാരിസ് പറഞ്ഞു.
ഉപയോഗിക്കുമ്പോൾ ശ്വസന പ്രക്രിയയ്ക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നില്ലെങ്കിലും  അവ കാൻസർ, ഹൃദ്രോഗം തുടങ്ങി നിരവധി രോഗങ്ങൾക്ക് കാരണമാകുന്നു. ചില ഗവേഷണങ്ങൾ കാണിക്കുന്നത് സാധാരണ  സിഗരറ്റിനേക്കാൾ മെന്തോൾ സിഗരറ്റുകൾ കൂടുതൽ ആസക്തിയുണ്ടാക്കുന്നവയാണെന്നും അദ്ദേഹം പറഞ്ഞു.

സ്ലിം പായ്ക്കുകളും ക്രമരഹിതമായ മറ്റ് പായ്ക്കുകളുടെയും ഉല്പാദനവും വിതരണവും  അനുവദിക്കില്ലെന്നും കുട്ടികളെ  ആകർഷിക്കുന്ന ഇത്തരം  വ്യവസായങ്ങൾ അവസാനിപ്പിക്കും വരെ പ്രവർത്തിക്കും എന്നും അദ്ദേഹം അറിയിച്ചു.
രാജ്യത്ത്‌  പുരോഗതി ഉണ്ടായിട്ടും പുകയില പൊതുജനാരോഗ്യത്തിലെ ഏറ്റവും വലിയ വെല്ലുവിളിയായി തുടരുന്നുവെന്നും പുകവലി അയർലണ്ടിൽ പ്രതിവർഷം 6,000 മരണങ്ങൾക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: