കൊറോണ വൈറസ്: ബിസ്സിനസ്സ് മേഖലയിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ നിയമാനുസൃതമായി പിൻവലിക്കും

കോവിഡ്-19 നെ തുടർന്ന് അയർലണ്ടിലെ ബിസ്സിനസ്സ് മേഖലയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ തിങ്കളാഴ്ച എടുത്തുമാറ്റും. എന്നാൽ എല്ലാ ബിസ്സിനസ്സുകളും പുനരാരംഭിക്കാൻ സാധിക്കില്ലെന്നും ഇതുമായി ബന്ധപ്പെട്ട നിയമഭേദഗതി വാരാന്ത്യത്തിൽ ഒപ്പിടുമെന്നും ആരോഗ്യവകുപ്പുമന്ത്രി സൈമൺ ഹാരിസ് പറഞ്ഞു.

അനുമതിയില്ലാതെ ബിസിനസ്സുകൾ പുനരാരംഭിക്കരുതെന്നും അത് നിയമവിരുദ്ധമാണെന്നും പുനരാരംഭിക്കാൻ കഴിയുന്നതും കഴിയാത്തതുമായ ബിസ്സിനസ്സുകളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കോവിഡ് -19 മൂലം ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന്റെ ആദ്യ ഘട്ടത്തിൽ ഹാർഡ്‌വെയർ ഷോപ്പുകൾ, ഗാർഡൻ സെന്ററുകൾ, ഗാരേജ് ഫോർ‌കോർട്ടുകൾ, സൈക്കിൾ റിപ്പയർ ഷോപ്പുകൾ എന്നിവ തിങ്കളാഴ്ച മുതൽ തുറക്കും.

തിങ്കളാഴ്ച മുതൽ തുറക്കാൻ അനുവദിച്ചിരിക്കുന്ന ഔട്ട്‌ലെറ്റുകളിൽ ഹോംവെയർ സ്റ്റോറുകൾ ഉൾപ്പെടുത്തിയില്ല. എന്നാൽ ഹോംവെയർ വിൽക്കുന്ന ഹാർഡ്‌വെയർ ഷോപ്പുകൾ തുറക്കുമെന്നും മന്ത്രി അറിയിച്ചു.

കോവിഡ് മാർഗനിർദ്ദേശങ്ങൾ പാലിക്കാൻ കഴിയില്ലെങ്കിൽ ബിസിനസ്സ് സ്ഥാപനങ്ങൾ തുറക്കരുതെന്നും പൊതുജനാരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാത്ത ബിസിനസുകൾ അടയ്പ്പിക്കുമെന്നുകൂടി അദ്ദേഹം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: