ലണ്ടനില്‍ നിന്ന് കേരളത്തിലേക്ക് ആദ്യവിമാനം പുറപ്പെട്ടു; 25 പേര്‍ക്ക് ടിക്കറ്റ് ലഭിച്ചില്ല

ലണ്ടനില്‍ നിന്ന് കേരളത്തിലേക്കുള്ള ആദ്യവിമാനം യാത്രതിരിച്ചു. മുന്നൂറിലേറെ യാത്രക്കാരുള്ള വിമാനം മുംബൈ വഴി നാളെ കൊച്ചിയിലെത്തും. ലണ്ടന്‍ ഹൈക്കമ്മിഷനും എയര്‍ ഇന്ത്യയും തമ്മിലുണ്ടായ ആശയവിനിമയത്തിലെ പാളിച്ച കാരണം യാത്രയ്ക്ക് തയാറെടുത്തുവന്ന ഇരുപത്തഞ്ചുപേര്‍ക്ക് ടിക്കറ്റ് ലഭിച്ചില്ല.
വന്ദേ ഭാരത് പദ്ധതിയില്‍പ്പെടുത്തി കേരളത്തിലേക്ക് ചാര്‍ട്ടര്‍ ചെയ്ത എയര്‍ ഇന്ത്യ വിമാനം ഇന്നലെ ഉച്ചയ്ക്ക് 1.15ന് ഹീത്രൂവിമാനത്താവളത്തില്‍ നിന്ന് കൊച്ചിയിലേക്ക് യാത്രതിരിച്ചു. മുന്നൂറിലധികം യാത്രക്കാരുമായി ലണ്ടനില്‍ നിന്നുള്ള എ–വണ്‍ 130 എന്ന വിമാനം മുംബൈ വഴിയാണ് കൊച്ചിയിലേക്ക് എത്തിയത്. കൊച്ചിയില്‍ നിന്ന് വിജയവാഡയില്‍ എത്തുന്നതോടെയാണ് ഈ വിമാനത്തിന്റെ സര്‍വീസ് പൂര്‍ത്തിയാകുന്നത്.

പുലര്‍ച്ചെ 2.45 ന് മുംബൈയിലെത്തിയ വിമാനം അവിടെ നിന്ന് 4.45 ന് പുറപ്പെട്ട് രാവിലെ 6.45 നാണ് കൊച്ചിയിലെത്തിയത്. 596 പൗണ്ടാണ് ഓരോ യാത്രക്കാരനില്‍ നിന്നും കേരളത്തിലേക്ക് ഇക്കോണമി ക്ലാസിന് ഈടാക്കുന്നത്. ബിസിനസ് ക്ലാസിന് 1493 പൗണ്ടും. ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ വെബ്സൈറ്റിലൂടെ തിരികെ പോകാന്‍ താല്‍പര്യമറിയിച്ച് പേര് റജിസ്റ്റര്‍ ചെയ്തിരുന്നവരില്‍ നിന്നും മുതിര്‍ന്നവര്‍ ഗര്‍ഭിണികള്‍, രോഗികള്‍, ഉറ്റവരുടെ ചികില്‍സയ്ക്കും മരണാനന്തരചടങ്ങുകള്‍ക്കും എത്തേണ്ടവര്‍, വീസ കാലാവധി അവസാനിച്ചവര്‍ തുടങ്ങി വിദ്യാര്‍ഥികള്‍ വരെ അത്യാവശ്യം നാട്ടിലെത്തേണ്ടവരെ എംബസി തന്നെയാണ് തിരഞ്ഞെടുത്തത്. ഇവരെ പിന്നീട് എയര്‍ ഇന്ത്യയില്‍ നിന്ന് ബന്ധപ്പെട്ട് ടിക്കറ്റ് നല്‍കുകയായിരുന്നു.

എംബസിയില്‍ നിന്ന് ബന്ധപ്പെടുകയും എന്നാല്‍ രാവിലെ വരെ എയര്‍ ഇന്ത്യയില്‍ നിന്ന് ടിക്കറ്റിനായി വിളിക്കാതിരിക്കുകയും ചെയ്ത മുപ്പതുപേര്‍ തങ്ങള്‍ക്ക് ലഭിച്ച ഇ–മെയില്‍ അറിയിപ്പും അതോറിറ്റി ലെറ്ററുമായി എയര്‍പോര്‍ട്ടില്‍ എത്തിയത് ആശയക്കുഴപ്പമുണ്ടാക്കി. ഇവരെ എന്തുചെയ്യണമെന്നറിയാതെ വിഷമിച്ച എയര്‍ ഇന്ത്യ അധികൃതര്‍ ഒടുവില്‍ ഒഴിവുണ്ടായിരുന്ന ഏതാനും ടിക്കറ്റുകള്‍ വനിതകള്‍ക്ക് നല്‍കി ബാക്കി 25 പേരെ തിരിച്ചയച്ചു.

ബ്രിട്ടന്റെ വിവിധഭാഗങ്ങളില്‍ നിന്ന് ലോക്ഡൗണ‍് നിബന്ധനകള്‍ക്കിടയിലും ഒട്ടേറെ ദൂരം മണിക്കൂറുകള്‍ കാറോടിച്ചും വന്‍തുക ടാക്സിക്കൂലി നല്‍കിയും വിമാനത്താവളത്തിലെത്തിയവരാണ് മണിക്കൂറുകള്‍ കാത്തുനിന്നശേഷം ഒടുവില്‍ നിരാശരായി മടങ്ങിയത്. ഹൈക്കമ്മിഷന്റെ പിടിപ്പുകേടാണ് ഇതിനുപിന്നിലെന്ന് യാത്രക്കാര്‍ ആരോപിക്കുന്നു. ഇനിയൊരു വിമാനം ഈ ഘട്ടത്തില്‍ കേരളത്തിലേക്കോ വിജയവാഡയിലേക്കോ ഇല്ലെന്നതും നറുക്കുവീണിട്ടും യാത്രമുടങ്ങിയവരുടെ സങ്കടം ഇരട്ടിയാക്കി. ബ്രിട്ടണില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ഒന്‍പതാമത്തെ സ്പെഷ്യല്‍ വിമാനമാണ് ഇന്ന് കൊച്ചിയിലേക്ക് പുറപ്പെട്ടത്. ഇതിനകം രണ്ടായിരത്തി അഞ്ഞൂറിലധികം ഇന്ത്യക്കാര്‍ക്കാണ് പ്രത്യേകവിമാനങ്ങളില്‍ നാട്ടിലെത്താന്‍ അവസരം ലഭിച്ചത്.

Share this news

Leave a Reply

%d bloggers like this: