കോവിഡ്-19 കോൺടാക്റ്റ് ട്രെയ്‌സിംഗുമായി ബന്ധപ്പെട്ട് വ്യാജ അറിയിപ്പുകളും തട്ടിപ്പും: ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് HSE

കോവിഡ്-19 കോൺടാക്റ്റ് ട്രേസിംഗ് ടീമിൻ്റെ പേരിൽ തട്ടിപ്പ് നടക്കുന്നതായി HSE അറിയിച്ചു. കോൺടാക്റ്റ് ട്രേസിംഗ് ടീം, ടെസ്റ്റിംഗ് സ്റ്റാഫ് എന്ന് പരിചയപ്പെടുത്തി വ്യാജ ഫോൺകോളുകളും സന്ദേശങ്ങളും പൊതുജനങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് HSE ഇക്കാര്യം അറിയിച്ചത്.

നിങ്ങളുമായി വളരെ അടുത്ത ബന്ധമുള്ള ഒരാൾ കോവിഡ് -19 പോസിറ്റീവ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും നിങ്ങൾക്ക് കോവിഡ്-19 ടെസ്റ്റിംഗ് കിറ്റ് ലഭിക്കാൻ പണം/ബാങ്ക് വിശദാംശങ്ങൾ നൽകണമെന്നും ആവശ്യപ്പെടുന്ന വ്യാജ കോളുകളും സന്ദേശങ്ങളുമാണ് പൊതുജനങ്ങൾക്ക് ലഭിക്കുന്നത്.

കോവിഡ് -19 ടെസ്റ്റിംഗ് ഉൾപ്പെടെയുള്ള സേവനങ്ങൾക്ക് പൊതുജനങ്ങളിൽ നിന്നും യാതൊരു തരത്തിലുമുള്ള പേയ്‌മെന്റുകളും ഈടാക്കുന്നില്ലെന്നും അത്തരം കോളുകളും സന്ദേശങ്ങളും വ്യാജമാണെന്നും അവ അവഗണിക്കണമെന്നും HSE അറിയിച്ചു.

കോവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ച ആളുകളുമായി അടുത്ത സമ്പർക്കം ഉണ്ടായിരുന്നവരെ കോൺ‌ടാക്റ്റ് ട്രേസിംഗ് ടീം/പബ്ലിക് ഹെൽത്ത് സ്റ്റാഫ് ഫോൺവഴി ബന്ധപ്പെട്ട് പരിശോധനയ്ക്കായി റഫർ ചെയ്യും.
പരിശോധനയ്ക്കായി പണം ഈടാക്കുകയോ പണം ആവശ്യപ്പെടുകയോ ചെയ്യില്ലെന്നും HSE പറഞ്ഞു.

കോവിഡ് പോസിറ്റീവ് ആയ ആളുമായുള്ള സമ്പർക്കം കോവിഡ് -19 ട്രാക്കർ ആപ്പ് വഴി തിരിച്ചറിഞ്ഞു കഴിഞ്ഞാൽ അടുത്ത ഘട്ടത്തിൽ എന്തുചെയ്യണമെന്നുള്ള നിർദ്ദേശങ്ങൾ ആപ്ലിക്കേഷനിൽ തന്നെ ലഭിക്കും. ഇത് പൊതുജനങ്ങൾ ഉപയോഗപ്പെടുത്തണമെന്നും HSE അറിയിച്ചു.

കോവിഡ് -19 പരിശോധനയുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് ലഭിച്ചതോ ഇനി ലഭിക്കുന്നതോ ആയ ഏതെങ്കിലും കോളുകളെക്കുറിച്ചോ സന്ദേശങ്ങളെക്കുറിച്ചോ സംശയമുണ്ടായാൽ 1850 24 1850 എന്ന നമ്പറിൽ ബന്ധപ്പെടുകയോ, ഗാർഡ ഉദ്യോഗസ്ഥരുമായോ ബന്ധപ്പെടണമെന്ന് HSE അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: