സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റേയും ദീപസ്‌തംഭങ്ങളായി ഉയര്‍ന്നു നില്‍ക്കാം; രാജമല കരിപ്പൂർ ദുരന്തങ്ങളിലെ രക്ഷപ്രവർത്തകർക്ക് മെഗാസ്റ്റാറിൻ്റെ ആദരം

കരിപ്പൂര്‍- ഇടുക്കി രാജമല അപകടങ്ങളിൽ രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയവരെ അഭിനന്ദിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി. ഈ കെട്ടകാലത്തെ വെളിച്ചത്തിലേക്കു നയിക്കുവാന്‍ സ്‌നേഹത്തിന്റെ ആ പ്രകാശത്തിനേ കഴിയൂവെന്നും നമുക്കൊരുമിച്ചു നില്‍ക്കാമെന്നും മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

പെട്ടിമുടിയില്‍ ഉരുള്‍പൊട്ടിയപ്പോഴും കരിപ്പൂരില്‍ വിമാനം വീണു തകര്‍ന്നപ്പോഴും ആളിക്കത്തിയത് ആ മനുഷ്യസ്‌നേഹത്തിന്റെ തീപ്പന്തങ്ങളാണെന്നു പറഞ്ഞ താരം പ്രതീക്ഷയുടെ വിളക്കുകള്‍ അണഞ്ഞു പോവില്ലെന്നത് ആശ്വാസകരമാണെന്നും കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം,

നമുക്ക് ഒട്ടും പരിചിതമല്ലാത്ത, നമ്മുടെ തലമുറ ഒരിക്കല്‍ പോലും അനുഭവിച്ചിട്ടില്ലാത്ത ആതുരമായ, വേദനാജനകമായ കാലത്തിലൂടെയാണ് ലോകമിപ്പോള്‍ കടന്നു പോയ്‌ക്കൊണ്ടിരിക്കുന്നത്. മനുഷ്യരാശി ഒന്നടങ്കം നിസ്സഹായരായി സ്‌തംഭിച്ചു നില്ക്കയാണ്. നമ്മെ, കേരളത്തെ സംബന്ധിച്ചിടത്തോളം പരീക്ഷണങ്ങള്‍ക്കു കാഠിന്യമേറുന്നു.

പ്രളയം, മലയിടിച്ചില്‍, വിമാന ദുരന്തം അങ്ങനെ ഓരോന്നും കനത്ത ആഘാതമാണ് എല്പിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ പ്രതീക്ഷയുടെ വിളക്കുകള്‍ അണഞ്ഞു പോവുന്നില്ലെതാണ് ആശ്വാസകരം. പ്രളയത്തില്‍ നാമതു കണ്ടതാണ്. മനുഷ്യസ്‌നേഹത്തിന്റെ, ത്യാഗത്തിന്റെ, ഉജ്ജ്വല ദൃഷ്ടാന്തങ്ങള്‍. ഏതാപത്തിലും ഞങ്ങള്‍ കുടെയുണ്ടെന്നു പറയുന്ന ഒരു ജനതയുടെ ഉദാത്തമായ ആത്മധൈര്യം.പെട്ടിമുടിയില്‍ ഉരുള്‍പൊട്ടിയപ്പോഴും കരിപ്പൂരില്‍ വിമാനം വീണു തകര്‍ന്നപ്പോഴും ആളിക്കത്തിയത് ആ മനുഷ്യസ്‌നേഹത്തിന്റെ തീപ്പന്തങ്ങളാണ്.

ഈ കെട്ടകാലത്തെ വെളിച്ചത്തിലേക്കു നയിക്കുവാന്‍ സ്‌നേഹത്തിന്റെ ആ പ്രകാശത്തിനേ കഴിയൂ. നമുക്ക് കൈകോര്‍ത്തു നില്‍ക്കാം. നമുക്കൊരു മിച്ചു നില്‍ക്കാം. സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റേയും ദീപസ്‌തംഭങ്ങളായി ഉയര്‍ന്നു നില്‍ക്കാം.

Share this news

Leave a Reply

%d bloggers like this: