മലയാള ചലച്ചിത്ര വിവര ശേഖരമായ എം3ഡിബിക്ക് ഫേയ്സ് ബുക്കിൽ പബ്ലിക് ഗ്രൂപ്പ്: ദിലീഷ് പോത്തന്‍ ഉദ്ഘാടനം ചെയ്തു

കൊച്ചി: മലയാള സിനിമയുടെ ഇന്നുവരെയുള്ള ചരിത്രവും ചലച്ചിത്രഗാനങ്ങളുടെ പിന്നണി പ്രവര്‍ത്തകരുടെ അടക്കം സമ്പൂര്‍ണ്ണ വിവരങ്ങളും സമാഹരിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന എം3ഡിബിയുടെ ഫേസ് ബുക്ക് ഗ്രൂപ്പ് പബ്ലിക്‌ ഗ്രൂപ്പായി മാറി. സിനിമയില്‍ താല്‍പ്പര്യമുള്ള ആര്‍ക്കും ഇനി ഗ്രൂപ്പില്‍ ചേരാം.

നേരത്തെ പ്രൈവറ്റ് ഗ്രൂപ്പായിട്ടായിരുന്നു നിലനിന്നത്. മലയാള സിനിമ സംബന്ധിച്ച വലിയൊരു ഡാറ്റാബേസായി എം3ഡിബി ഇതിനകം മാറിയിട്ടുണ്ട്. 20094 ഗാനങ്ങളുടെ വരികളും 6259 സിനിമകളെയും ആല്‍ബങ്ങളെയും 40711 സിനിമാകലാകാരന്മാരെയും പറ്റിയുമുള്ള വിവരങ്ങള്‍ സൈറ്റില്‍ ഇപ്പോള്‍ ലഭ്യമാണ്. ലോകമെമ്പാടുമുള്ള പുതിയ സംഗീത സംവിധായകർക്കും ഗാന രചയിതാക്കൾക്കും ഗായകർക്കും പ്രചോദനവും വേദിയുമായി ഈണമെന്ന എന്ന പേരിൽ സ്വതന്ത്ര ഗാനങ്ങൾ ലളിതമായി തയ്യാറാക്കി ആസ്വാദകർക്ക് സൌജന്യമായി കേൾക്കാൻ നൽകുന്ന പദ്ധതിക്കും എം3ഡിബി തുടക്കമിട്ടിട്ടുണ്ട്.

പുതിയ പബ്ലിക് ഗ്രൂപ്പ് ഉദ്ഘാടനം ചെയ്ത സംവിധായകന്‍ ദിലീഷ് പോത്തന്‍ ഫേസ് ബുക്കില്‍ ഇങ്ങനെ എഴുതി:
മലയാള സിനിമയുടെ പ്രാരംഭ ഘട്ടം മുതല്‍ ഇന്ന് വരെയുള്ള സിനിമകളുടെ സമ്പൂർണ്ണ വിവരങ്ങളോടൊപ്പം സിനിമാ ഗാനസാഹിത്യത്തെക്കുറിച്ചും അതിന്റെ പിന്നണി പ്രവർത്തകരെപ്പറ്റിയും എം3ഡിബി ഡാറ്റാബേസിലും ഈ ഫേസ്ബുക്ക് ഗ്രൂപ്പിലുമായി ശേഖരിക്കപ്പെടുന്ന അപൂർവ്വങ്ങളായ അറിവുകൾ ഒരു പ്രൈവറ്റ് ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്താതെ ഓരോ സിനിമാ സംഗീത സ്നേഹിയിലേക്കും എത്തിച്ചേരാൻ സഹായകമാവുന്ന ഈ നീക്കത്തിന്, എം3ഡിബിയുടെ ഈ പബ്ലിക് ഗ്രൂപ്പിന് , ആശംസകൾ…

ഇപ്പോഴുള്ളത് പോലെ തന്നെ ഗോസിപ്പുകള്‍ക്കും ഫാന്‍ ഫൈറ്റുകള്‍ക്കുമൊക്കെ സ്ഥാനമില്ലാത്ത ഒരു സിനിമാ സംസ്ക്കാര ചർച്ചാ ഗ്രൂപ്പായി, വിവരശേഖര ഇടമായി എം3ഡിബി നിലനില്‍ക്കുമെന്നും കൂടുതൽ ഉയരങ്ങളിലേക്ക് വളരുമെന്നും പ്രത്യാശിക്കുന്നു.

Share this news

Leave a Reply

%d bloggers like this: