നഴ്‌സിങ് ഹോമിലെ ഓക്സിജൻ സിലിണ്ടറുകൾക്കടുത്ത് നിന്ന് പുകവലിക്കുന്ന ഉദ്യോഗസ്ഥൻ; അയർലണ്ടിൽ HIQA അന്വേഷണത്തിനിടെ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങൾ

ലിമറിക്കിലെ ഒരു നഴ്‌സിങ് ഹോമില്‍ പരിശോധനയ്ക്കിടെ ഓക്‌സിജന്‍ സിലിണ്ടറുകള്‍ക്കടുത്ത് നിന്നും ഒരു ഉദ്യോഗസ്ഥന്‍ സിഗരറ്റ് വലിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതായി Health Information and Quality Authority (HIQA) റിപ്പോര്‍ട്ട്. 2021 ഏപ്രിലില്‍ മുന്‍കൂട്ടി അറിയിക്കാതെ നടത്തിയ പരിശോധനയിലായിരുന്നു സംഭവം. കോവിഡ്-19-നെ നേരിടാന്‍ നഴ്‌സിങ് ഹോമുകള്‍ മതിയായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിന്റെ ഭാഗമായായിരുന്നു പരിശോധന.

ഹോമിലേയ്ക്ക് ഓക്‌സിജന്‍ ലഭ്യമാക്കുന്ന വലിയ ഓക്‌സിജന്‍ സിലിണ്ടറുകള്‍ക്ക് സമീപത്തായി നിന്ന് ഇവിടുത്തെ ഒരു ഉദ്യോഗസ്ഥന്‍ സിഗരറ്റ് വലിക്കുന്നതാണ് പരിശോധനയ്‌ക്കെത്തിയ ഇന്‍സ്‌പെക്ടറുടെ ശ്രദ്ധയില്‍പ്പെട്ടത്. എന്നാല്‍ ഓക്‌സിജന്‍ എളുപ്പത്തില്‍ തീപിടിക്കാന്‍ സാധ്യതയുള്ള വാതകമാണെന്നും, ഇവിടെ നിന്നും സിഗരറ്റ് വലിക്കുന്നത് വലിയ പൊട്ടിത്തെറിക്ക് കാരണമായേക്കാമെന്നും ഇയാള്‍ക്ക് അറിയില്ലായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ നഴ്‌സിങ് ഹോമില്‍ വേറെയും സുരക്ഷാപ്രശ്‌നങ്ങളുള്ളതായി പരിശോധനയ്ക്കിടെ കണ്ടെത്തി. തീയണയ്ക്കാനുള്ള സംവിധാനങ്ങള്‍ കാര്യക്ഷമമാണോ എന്ന് അവസാനമായി പരിശോധിച്ചത് 2019-ലാണെന്നും പരിശോധനാ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. എല്ലാ വര്‍ഷവും ഇക്കാര്യം ഉറപ്പുവരുത്തണമെന്നാണ് നിയമം. ഫയര്‍ എക്‌സിറ്റിംഗ്വിഷറുകള്‍ പലതും ഫര്‍ണ്ണിച്ചര്‍ സാധനങ്ങള്‍ക്കിടെ കുടുങ്ങിക്കിടക്കുന്ന നിലയിലുമായിരുന്നു.

ഇവിടെ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പിന്തുടരുന്നില്ലായിരുന്നുവെന്നും HIQA റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഓരോ ദിവസവും ജോലിക്കെത്തുന്നവര്‍ ശരീരോഷ്മാവ് അളക്കുക, ജോലിസമയം ഒപ്പ് രേഖപ്പെടുത്തി സൂക്ഷിക്കുക എന്നിവ ചെയ്യുന്നില്ലായിരുന്നു. ജോലിക്കെത്തുന്നവരുടെ വിവരങ്ങള്‍, സമയം അടക്കം കൃത്യമായി സൂക്ഷിക്കാതിരിക്കുന്നത് സമ്പര്‍ക്ക പട്ടിക ഉണ്ടാക്കുന്നതിലും, രോഗം പ്രതിരോധിക്കുന്നതിലും ബുദ്ധിമുട്ട് സൃഷ്ടിക്കും.

രാജ്യത്തെ വിവിധ നഴ്‌സിങ് ഹോമുകള്‍ കോവിഡിനെ പ്രതിരോധിക്കാന്‍ പര്യാപ്തമാണോ എന്ന് HIQA ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്. 2021 തുടക്കത്തില്‍ ഡോണഗലിലെ ഒരു നഴ്‌സിങ് ഹോമില്‍ ആറ് പേര്‍ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇവിടെ 35 പേര്‍ക്കായിരുന്നു രോഗം ബാധിച്ചത്. പലയിടത്തും വേണ്ടവിധം സുരക്ഷാമുമുന്‍കരുതലുകള്‍ ഇല്ലാത്തതാണ് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.

രാജ്യത്തെ പല ആശുപത്രികളിലും കോവിഡ് പ്രതിരോധസംവിധാനങ്ങള്‍ പര്യാപ്തമല്ലെന്ന് HIQA മുമ്പ് കണ്ടെത്തിയിരുന്നു.

Share this news

Leave a Reply

%d bloggers like this: