ലോകസേവനം ലക്ഷ്യമാക്കിയ ജീവിതം; ജോമോൻ എടത്തലയുടെ മൂന്നാം ഓർമ്മദിനം അയർലൻഡിൽ ആചരിക്കുന്നു

ശ്രീലങ്കന്‍ ഓണററി കൗണ്‍സിലും, എഴുത്തുകാരനും, വ്യവസായിയും, ചാരിറ്റി പ്രവര്‍ത്തകനും ആയിരുന്ന ജോമോന്‍ ജോസഫ് നമ്മെ വിട്ടു പിരിഞ്ഞിട്ട് ഇന്ന് മൂന്നു വര്‍ഷം പിന്നിടുന്നു. ജോമോന്റെ ഓര്‍മ്മ ഒരു വികാരമായി സൂക്ഷിക്കുന്ന അയര്‍ലന്‍ഡ് മലയാളി സമൂഹം ഡബ്ലിനിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ദിവ്യബലിയും, അന്നദാനവും നടത്തി ഈ ദിനം ആചരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

കേരളത്തിലെ നീലേശ്വരത്ത് ജനിച്ച ജോമോന് ചെറുപ്പത്തിലെ കയ്‌പേറിയ അനുഭവങ്ങളായിരുന്നു മുന്നോട്ടുള്ള പ്രയാണത്തിന് കരുത്തായത്. യൗവനത്തിലെത്തും മുന്നേ പിതാവിനെ തളര്‍ത്തിയ പക്ഷാഘാതം ജീവിതഭാരം ചുമലില്‍ വഹിക്കാന്‍ പ്രാപ്തനാക്കിയ ജോമോന്‍, സ്വന്തം വീട്ടിലേയ്ക്ക് മാത്രമായി ഒതുങ്ങുന്നതിന് പകരം ലോകമെങ്ങും സഹായഹസ്തം നീട്ടാനായിരുന്നു ആഗ്രഹിച്ചിരുന്നത്. പരന്ന വായനയും, ആഴമേറിയ എഴുത്തുകളും അദ്ദേഹത്തെ എവിടയെും സ്വീകാര്യനാക്കാന്‍ പോന്നവിധം വളര്‍ത്തി. വ്യത്യസ്ത വിഷയങ്ങളിലെ അദ്ദേഹത്തിന്റെ നാല് പുസ്തകങ്ങളുടെ രചന ലോകം കണ്ട അറിവിന്റെയും, വ്യക്തമായ ആശയരൂപീകരണത്തിന്റെയും തെളിവാണ്.

ശ്രീലങ്കന്‍ ഓണററി കൗണ്‍സില്‍ സ്ഥാനം ലഭിച്ച ശേഷവും, ലോകമസാധാനം ലക്ഷ്യമിട്ടുള്ള യത്‌നങ്ങള്‍ തുടര്‍ന്ന ജോമോന്‍ മൂന്ന് വര്‍ഷം മുമ്പാണ് ആഭ്യന്തരപ്രതിസന്ധിയുടെ ഈറ്റില്ലമായ അപ്ഗാനിസ്ഥാനിലേയ്ക്ക് യാത്ര നടത്തുന്നത്. ആഴ്ചകളോളം ആ രാജ്യത്ത് യാത്ര ചെയ്ത് ‘അഫ്ഗാനിസ്താന്‍ ഒരു അപകടകരമായ യാത്ര’ എന്ന പുസ്തകം മാതൃഭൂമി ബുക്‌സിലൂടെ അദ്ദേഹം പ്രസിദ്ധീകരിച്ചു. അതിനാല്‍ത്തന്നെ അഫ്ഗാനിസ്ഥാനിലെ കാലിക വിഷയങ്ങളില്‍ ആധികാരികമായ അഭിപ്രായം പറയേണ്ട വ്യക്തിയായിരുന്നു ജോമോന്‍.

മുപ്പത്തെട്ടാം വയസിലെ ആ വിടവാങ്ങല്‍ മേല്‍ പറഞ്ഞ എല്ലാ മേഖലകള്‍ക്കും ഒരു തികഞ്ഞ നഷ്ടം തന്നെയാണ്. എന്നാല്‍ സാധാരണക്കാര്‍ ഒരു ജന്മമെടുത്താലും ചെയ്തുതീരാത്തത്ര കാര്യങ്ങള്‍ നാല് പതിറ്റാണ്ടുകള്‍ക്കുള്ളില്‍ പൂര്‍ത്തീകരിച്ച് യാത്രയായ ജോമോനും, അദ്ദേഹത്തിന്റെ ദര്‍ശനങ്ങളും ഇന്നും നമ്മുടെ സമൂഹത്തില്‍ പ്രസക്തിയോടെ നിലനില്‍ക്കുന്നു.

ഓര്‍മ്മദിനവുമായി ബന്ധപ്പെട്ട പരിപാടികളുടെ കൂടുതല്‍ വിവരങ്ങള്‍ക്ക് സാന്‍ജോ മുളവരിയ്ക്കലിനെ ബന്ധപ്പെടുക. ഫോണ്‍: 0831919038

Share this news

Leave a Reply

%d bloggers like this: