നാല് വര്‍ഷത്തിനുള്ളില്‍ മിനിമം വേജ് സംവിധാനത്തില്‍ നിന്നും ലിവിങ് വേജ് സംവിധാനത്തിലേക്ക് മാറാനൊരുങ്ങി അയര്‍ലന്‍ഡ്; പദ്ധതി ക്യാബിനറ്റില്‍ അവതരിപ്പിച്ച് ഉപപ്രധാനമന്ത്രി

മിനിമം വേജ് സംവിധാനത്തിന് പകരമായി 2026 ഓടെ ലിവിങ് വേജ് സംവിധാനത്തിലേക്ക് മാറാനൊരുങ്ങി അയര്‍ലന്‍ഡ്. ഇതു സംബന്ധിച്ച പദ്ധതി ഉപപ്രധാനമന്ത്രി Leo Varadkar കഴിഞ്ഞ ദിവസം ക്യാബിനറ്റില്‍ അവതരിപ്പിച്ചു. ഓരോ വര്‍ഷത്തെയും മീഡിയന്‍ വേജിന്റെ 60 ശതമാനം ലിവിങ് വേജായി കണക്കാക്കണമെന്നാണ് അദ്ദേഹം മുന്നോട്ട് വച്ച നിര്‍ദ്ദേശം.

ഓരോ ജീവനക്കാരനും സാമൂഹികമായി സ്വീകാര്യമായതും, മിനിമം ജീവിതനിലവാരം ഉറപ്പുവരുത്താന്‍ അവരെ പ്രാപ്തരാക്കുന്നതുമായ വേതനം മണിക്കൂര്‍ അടിസ്ഥാനത്തില്‍ നല്‍കുക എന്നതാണ് ലിവിങ് വേജ് സ്കീമിന്റെ അടിസ്ഥാനം. ഇതു സംബന്ധിച്ച വിശദമായ പഠനങ്ങള്‍ക്കായി കഴിഞ്ഞ വര്‍ഷം ലോ-പേ കമ്മീഷനെ ഉപപ്രധാനമന്ത്രി ചുമതലപ്പെടുത്തിയിരുന്നു. കമ്മീഷന്റെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഇന്ന് ക്യാബിനറ്റില്‍ പദ്ധതിയുടെ കരട് അവതരിപ്പിച്ചത്.

നിലവില്‍ അവതരിപ്പിച്ച കരട് പദ്ധതി പ്രകാരം 2026 ല്‍ രാജ്യത്ത് ലിവിങ് വേജ് സംവിധാനം പൂര്‍ണ്ണ തോതില്‍ എത്തുന്നത് വരെ മിനിമം വേജ് സംവിധാനം തന്നെയാണ് തുടരുക. ഓരോ വര്‍ഷവും മിനിമം വേജ് പരിധി ഉയര്‍ത്തിക്കൊണ്ട് 2026 ല്‍ അത് ലിവിങ് വേജുമായി തുല്യമാക്കുക എന്നതാണ് സര്‍ക്കാരിന്റെ പദ്ധതി. 2026 മുതല്‍ മിനിമം വേജ് സംവിധാനം പൂര്‍ണ്ണമായും രാജ്യത്ത് നിന്നും എടുത്തുനീക്കും. എന്റര്‍പ്രൈസ് വകുപ്പിന്റെ കണക്കുകൂട്ടല്‍ പ്രകാരം 2022 ല്‍ രാജ്യത്ത് ലിവിങ് വേജ് സംവിധാനം നിലവിലുണ്ടായിരുന്നെങ്കില്‍ അത് മണിക്കൂറിന് 12.17 യൂറോ ആകുമായിരുന്നു. അടുത്ത വര്‍ഷം 12.54 യൂറോ, 2024 ല്‍ 12.92 യൂറോ, 2025 ല്‍ 13.30 യൂറോ, 2026ല്‍ 13.70 യൂറോ എന്നിങ്ങനെയാവും ലിവിങ് വേജ് എന്നാണ് എന്റര്‍പ്രൈസ് വകുപ്പിന്റെ കണക്കുകൂട്ടല്‍.

പദ്ധതിയുടെ അന്തിമരൂപം സര്‍ക്കാരിന് മുന്നില്‍ അവതരിപ്പിക്കുന്നതിന് മുന്‍പായി എംപ്ലോയര്‍-വര്‍ക്കര്‍ ഗ്രൂപ്പുകള്‍, യൂണിയനുകള്‍, പെതുജനം എന്നിവരുടെ ഭാഗത്തുനിന്നും അഭിപ്രായം ആരായുമെന്ന് ഉപപ്രധാനമന്ത്രി പറഞ്ഞു. ഫുള്‍ എംപ്ലോയ്മെന്റ് എന്ന നിര്‍ണ്ണായക ഘട്ടത്തിന്റെ തൊട്ടരികിലാണ് ഇപ്പോള്‍ രാജ്യമുള്ളത്, അതേസമയം ചെയ്യുന്ന ജോലിക്ക് അനുയോജ്യമായതും, മാന്യമായ ജീവിതം നയിക്കാനാവശ്യമായതുമായ വേതനം ലഭിക്കുന്നു എന്നത് ഉറപ്പു വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം ക്യാബിനറ്റ് യോഗത്തിന് ശേഷം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: