അയർലൻഡിൽ ഇന്ധന റേഷനിംഗ് വരികയാണെങ്കിൽ മുൻഗണന ആശുപത്രികൾക്കും കുടുംബങ്ങൾക്കുമായിരിമെന്ന് Eamon Ryan

ഉക്രെയ്‌നിനെതിരായ യുദ്ധം തുടരുന്ന സാഹചര്യത്തിൽ ഇന്ധനം റേഷൻ നൽകേണ്ടി വന്നാൽ ആശുപത്രികൾക്കും കുടുംബങ്ങൾക്കും പ്രഥമ പരിഗണന നൽകുമെന്ന് പരിസ്ഥിതി, ഗതാഗത വകുപ്പ് മന്ത്രി Eamon Ryan പറഞ്ഞു.

റേഷനിംഗ് കൂടാതെ രാജ്യത്തിന് മുന്നോട്ട് പോകാൻ കഴിയുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.എന്നാൽ യുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ കാര്യങ്ങൾ അപ്രവചനീയമാണെന്നും Eamon Ryan ഓർമിപ്പിച്ചു.

യൂറോപ്പ്യൻ യൂണിയൻ റഷ്യക്ക് മേൽ ഏർപ്പെടുത്തിയ ഉപരോധങ്ങൾക്ക് പ്രതികാരമായി ഇന്ധന വിതരണം നിർത്തലാക്കാൻ റഷ്യ നീക്കം നടത്തിയാൽ യൂറോപ്പിൽ ഇന്ധന റേഷൻ നൽകാനുള്ള സാധ്യതയെക്കുറിച്ച് അയർലണ്ടിന്റെ EU കമ്മീഷണർ Mairead McGuinness മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഫോസിൽ ഇന്ധനത്തിന്റെ കാര്യത്തിൽ ബദൽ മാർഗ്ഗങ്ങൾ തേടണമെന്നും കൂടാതെ സ്വയം പര്യാപ്തതയാണ് ഇതിനുള്ള മറുപടിയെന്നും ഗ്രീൻ പാർട്ടി ടിഡി പറഞ്ഞു, മറ്റ് ചില യൂറോപ്യൻ രാജ്യങ്ങളെപ്പോലെ അയർലൻഡിൽ ഇന്ധന പ്രതിസന്ധി ഉണ്ടാവില്ലെന്ന് കരുതുന്നുണ്ടെങ്കിലും മുന്നൊരുക്കങ്ങൾ നടത്താതിരിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ധന വില ഇനിയും ഉയരാൻ സാധ്യതയുണ്ടെങ്കിലും അയർലണ്ടിൽ വിതരണത്തിൽ പ്രശ്‌നമുണ്ടാകുമെന്ന് താൻ കരുതുന്നില്ലെന്ന് അയർലൻഡ് ഉപപ്രധാനമന്ത്രിയായ വരദ്കറും പറഞ്ഞു.

വീട്ടുടമകൾക്ക് സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കാനും മിച്ചം വരുന്ന വൈദ്യുതി ദേശീയ ഗ്രിഡിലേക്ക് തിരികെ വിൽക്കാനും അനുവദിക്കുന്ന സോളാർ ഇലക്ട്രിസിറ്റി മൈക്രോജനറേഷൻ സ്കീമും രാജ്യത്ത് ആരംഭിച്ചെന്ന് പരിസ്ഥിതി, ഗതാഗത വകുപ്പ് മന്ത്രി സൂചിപ്പിച്ചു.

കർഷകർക്കും,ചെറുകിട ബിസിനസ്സുകൾക്കും വൈദ്യുതി ചെലവ് കുറയ്ക്കാൻ മേൽക്കൂരയിൽ സോളാർ പാനലുകൾ സ്ഥാപിക്കാൻ അനുവദിക്കുന്ന പുതിയ പദ്ധതിയിലേക്ക് ഇത് വിപുലീകരിച്ചേക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

Share this news

Leave a Reply

%d bloggers like this: