പട്ടാപ്പകൽ നടന്ന വെടിവയ്‌പിൽ നടുങ്ങി അയർലൻഡ് തലസ്ഥാനം; ഡബ്ലിനിലെ അക്രമം ഒരു ഓർമപ്പെടുത്തലെന്ന് Ballyfermot കൗൺസിലർ

ഹോട്ടലില്‍ പട്ടാപ്പകല്‍ നടന്ന വെടിവയ്പ്പില്‍ നടുങ്ങി അയര്‍ലന്‍ഡ് തലസ്ഥാനം. വെടിവയ്പിനെ ശക്തമായി അപലപിച്ചുകൊണ്ട് Ballyfermot കൗണ്‍സിലര്‍ Daithi Doolan കഴിഞ്ഞ ദിവസം രംഗത്തെത്തി. ഡബ്ലിനിലെ തോക്കുപയോഗിച്ചുള്ള കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ഒരു ഓര്‍മപ്പെടുത്തലാണ് കഴിഞ്ഞ ദിവസം ന‌‌ടന്നതെന്ന് അദ്ദേഹം പറഞ്ഞു. മേഖലയിലെ ക്രിമിനല്‍ ഗ്യാങ്ങുകള്‍ക്കെതിരെ കടുത്ത നടപടികളും അദ്ദേഹം ‍ ആവശ്യപ്പെട്ടിട്ടുണ്ട്.

“പട്ടാപ്പകല്‍ നടന്ന ആക്രമണം അവിടെയുണ്ടായിരുന്ന നിരവധി പേരെ അപകടത്തില്‍ പെടുത്തുമായിരുന്നു, തിരക്കേറിയ ഈ ഹോട്ടലില്‍ കുട്ടികളും, ടൂറിസ്റ്റുകളുമടക്കമുള്ളവര്‍ ഉണ്ടായിരുന്നു, രണ്ട് ഗ്യാങ്ങുകള്‍ തമ്മിലുള്ള പ്രശ്നം എന്നതിലുപരി ഒരു സമൂഹത്തിനെതിരായുളള ആക്രമണമായി ഇതിനെ കാണണമെന്നും അദ്ദേഹം പറഞ്ഞു.” രാജ്യത്തെ തോക്കുപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍ക്കെതിരെ അയര്‍ലന്‍ഡ് ജസ്റ്റിസ് മിനിസ്റ്റര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഡബ്ലിനിലെ Kilmainham -ലെ ഹില്‍ട്ടണ്‍ ഹോട്ടലിന്റെ കാര്‍പാര്‍ക്കിങ്ങിലായിരുന്നു കഴിഞ്ഞ ദിവസം നഗരത്തെ ഭീതിയിലാഴ്ത്തിക്കൊണ്ട് വെടിവയ്പ് നടന്നത്. 41 വയസ്സുകാരനായ ഒരാള്‍ക്ക് വെടിവയ്പില്‍ പരിക്കേറ്റിരുന്നു. ഇയാളിപ്പോള്‍ സെന്റ് ജെയിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രദേശത്തെ ഗാര്‍ഡ സ്റ്റേഷന് വെറും 300 മീറ്റര്‍ മാത്രം അകലെയാണ് ആക്രമണം നടന്ന ഹോട്ടല്‍. പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ Kilmainham Gaol ഇതിന് സമീപത്താണ്.

പ്രതികളെ കണ്ടെത്തുന്നതിനായി ഗാര്‍ഡയുടെ നേതൃത്വത്തില്‍ ഊര്‍ജ്ജിതമായ അന്വേഷണം നിലവില്‍ നടക്കുകയാണ്. Ballyfermot ഏരിയയിലുള്ള ക്രിമിനല്‍ ഗ്യാങ്ങുകള്‍ തമ്മിലുള്ള ശത്രുതയുടെ ഭാഗമായി നടന്ന വെടിവയ്പാണ് ഇതെന്നാണ് പ്രാഥമിക നിഗമനം. വെടിയേറ്റ ആള്‍ക്ക് ഇതിന് മുന്‍പ് മൂന്ന് തവണ വെടിയേറ്റിരുന്നു. അക്രമികള്‍ സഞ്ചരിച്ച സില്‍വര്‍ നിറത്തിലുള്ള കാര്‍ കണ്ടെത്തുന്നിതനായും ഗാര്‍ഡ ശ്രമം തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്നവര്‍ ഗാര്‍ഡയെ ബന്ധപ്പെടണമെന്ന അറിയിപ്പും ഗാര്‍ഡ പുറപ്പെടുവിച്ചിരുന്നു

Share this news

Leave a Reply

%d bloggers like this: