തിരുവനന്തപുരം: ധനമന്ത്രി കെ.എം.മാണിക്കെതിരായ ബാര്‍ കോഴ കേസിന്റെ അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. അന്വേഷണം പൂര്‍ത്തിയാവുന്ന മുറയ്ക്ക് റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബാര്‍ കോഴ കേസ് അട്ടിമറിക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു ചെന്നിത്തല.
ബാര്‍ കോഴ കേസില്‍ അന്വേഷണം നീതിപൂര്‍വവും നിഷ്പക്ഷവുമായാണ് നടക്കുന്നത്. ആഭ്യന്തര വകുപ്പിനെ മുഖ്യമന്ത്രി നോക്കുകുത്തിയാക്കിയിട്ടില്ല. ആഭ്യന്തര വകുപ്പിനും വിജിലന്‍സിനും ഇത്രയുമേറെ സ്വാതന്ത്ര്യം നല്കിയ മുഖ്യമന്ത്രി വേറെ ഉണ്ടായിട്ടില്ല. എ.ഡി.ജി.പിയായിരുന്ന ജേക്കബ് തോമസിന് ബാര്‍ കോഴ കേസിന്റെ ചുമതല നല്‍കിയിരുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. സി.സി.അഗസ്റ്റിനെ വിജിലന്‍സിന്റെ ലീഗല്‍ അഡ്വൈസര്‍ ആയി നിയമിച്ചത് മുന്‍ ഇടത് സര്‍ക്കാരാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമയേത്തിന് അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
ബാര്‍ കോഴ കേസില്‍ മാണിയ്ക്കെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന് ആവശ്യപ്പെട്ടു. മാണിക്ക് ഒരു നിയമം, മന്ത്രി കെ.ബാബുവിന് ഒരു നിയമം എന്നതാണ് സര്‍ക്കാരിന്റെ രീതി. മാണിയെ നുണപരിശോധനയ്ക്ക് വിധേയനാക്കണം. എങ്കില്‍ പ്രശ്നങ്ങള്‍ അവസാനിപ്പിക്കാന്‍ തയ്യാറാണ്. അന്വേഷണ റിപ്പോര്ട്ടിന്മേല് വിജിലന്‍സ് നിയമോപദേശം തേടിയത് സുപ്രീംകോടതിയുടെ വിധികള്‍ക്ക് എതിരാണ്. കേസ് അട്ടിമറിക്കാന്‍ മുഖ്യമന്ത്രി ഇടപെടുകയാണെന്നും കോടിയേരി ആരോപിച്ചു.