‘അവള്‍ കുറ്റവാളിയല്ല’സവിതയുടെ മരണം അയര്‍ലന്‍ഡിലെ അബോര്‍ഷന്‍ നിയമങ്ങള്‍ മാറ്റുന്നില്ല

 

ഡബ്ലിന്‍: പല സ്ത്രീകളെയും ആത്മഹത്യയില്‍ കൊണ്ടുചെന്നെത്തിക്കുന്ന തരത്തിലാണ് അയര്‍ലന്‍ഡിലെ അബോര്‍ഷന്‍ നിയമങ്ങളെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകയും അഭിഭാഷകയുമായ ക്രിസ്റ്റിന സാംപസ്. രാജ്യത്തെ അബോര്‍ഷന്‍ നിയമങ്ങളെക്കുറിച്ചുള്ള ‘അവള്‍ കുറ്റവാളിയല്ല’ എന്ന ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ട് പുറത്തിറക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍. റിപ്പോര്‍ട്ട് തയാറാക്കുന്നതിനായി അഭിമുഖം ചെയ്ത സ്ത്രീകളുടെ അനുഭവങ്ങളും അവര്‍ പങ്കുവെച്ചു. തങ്ങളോട് സംസാരിച്ച സ്ത്രീകളിലൊരാള്‍ ആത്മഹത്യ ചെയ്യാന്‍ തയാറെടുക്കുകയാണെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. അബോര്‍ഷന്‍ നിയമങ്ങളുടെ കാര്യത്തില്‍ ഏറ്റവും മോശമായ അവസ്ഥയാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്നും അവര്‍ അഭിപ്രായപ്പെട്ടു.

അബോര്‍ഷന്‍ നിരസിച്ചതിനെ തുടര്‍ന്ന് മരിച്ച ഇന്ത്യന്‍ ഡോക്ടര്‍ സവിത ഹാലപ്പനാവറുടെ സംഭവത്തിനു ശേഷവും അയര്‍ലന്‍ഡിലെ സാഹചര്യങ്ങളില്‍ മാറ്റമുണ്ടായിട്ടില്ലെന്ന് ഹോള്‍സ് സ്ട്രീറ്റ് മറ്റേണിറ്റി ഹോസ്പിറ്റലിലെ ഡോ. റോണി മഹനിയും ചൂണ്ടിക്കാട്ടുന്നു. ഡോക്ടര്‍മാരുടെ മനോഭാവത്തില്‍ മാറ്റമുണ്ടായിട്ടില്ല. മാത്രമല്ല എന്തെങ്കിലും മാറ്റങ്ങളുണ്ടാകാനുള്ള സാഹചര്യം പോലും സൃഷ്ടിക്കപ്പെടുന്നില്ലെന്നും അവര്‍ പറയുന്നു. ഒരു സ്ത്രീയുടെ ജീവന് ഭീഷണിയാകുന്ന സമയം വരെ വൈദ്യപരിശോധന വൈകിപ്പിക്കാന്‍ ഡോക്ടര്‍മാരോട് നിര്‍ദേശിക്കുന്നത് തെറ്റാണ്. വൈദ്യശാസ്ത്രരംഗത്തെ ചൂതാട്ടമായി ഇതിനെ കണക്കാക്കണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ക്രിസ്മസ് കാലത്ത് ജീവന്‍രക്ഷാ മാര്‍ഗങ്ങളുടെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയ വൈദ്യശാസ്ത്രപരമായി മരണപ്പെട്ട സ്ത്രീയുടെ സംഭവം ഭീകരമായിരുന്നു. ഗര്‍ഭസ്ഥ ശിശുവിന്റെ ജീവിക്കാനുള്ള അവകാശത്തിനു മുന്നില്‍ തകര്‍ന്നടിയുന്നത് അമ്മയുടെ ജീവനും അന്തസുമാണ്. ഗര്‍ഭസ്ഥ ശിശുവിന്റെ അനാരോഗ്യം പരിശോധിക്കുകയാണ് താന്‍ ചെയ്തുവരുന്നത്. ചില സ്ത്രീകള്‍ ഗര്‍ഭാവസ്ഥ തുടരാന്‍ ഏതവസ്ഥയിലും ആഗ്രഹിക്കുന്നവരാണ്. അവരെ താന്‍ ബഹുമാനിക്കുന്നു. എന്നാല്‍ ചിലര്‍ക്ക് ഇത് അത്യന്തം വേദനാജനകമായ അനുഭവമാണ്. നിയമങ്ങള്‍ മാറിയില്ലെങ്കില്‍ സ്ത്രീകള്‍ യുകെയിലേക്ക് പോകുന്നതും ഇന്‍ര്‍നെറ്റ് വഴി ലഭിക്കുന്ന മരുന്നുകള്‍ കഴിക്കുന്നതും തുടരും. നിയമക്കുരുക്കുകളുടെ ഭയാശങ്കകളില്ലാതെ ആവശ്യമായ വൈദ്യ സഹായവും നല്‍കാന്‍ തയാറാകണമെന്നും അവര്‍ പറഞ്ഞു.

-എജെ-

Share this news

Leave a Reply

%d bloggers like this: