ഡബ്ലിന്‍: ലെഡ് പൈപ്പുകള്‍ മാറ്റുന്നതിന് വീട്ടുടമസ്ഥര്‍ക്ക് സര്‍ക്കര്‍ ഗ്രാന്റ് നല്‍കുുമെന്ന് പരിസ്ഥിതി വകുപ്പ് മന്ത്രി അലന്‍കെല്ലി പ്രസ്താവിച്ചു. അയര്‍ലന്‍ഡിലെ രണ്ട് ലക്ഷത്തോളം വീടുകളിലെങ്കിലും ലെഡ് പൈപ്പുകളുണ്ടാകുമെന്ന് ഐറിഷ് വാട്ടര്‍ ഇന്ന് വ്യക്തമാക്കിയിരുന്നു. മീറ്റര്‍ ഘടിപ്പിക്കുന്നതിനിടയില്‍ ഐറിഷ് വാട്ടര്‍ 26,000 വീടുകളില്‍ ലെഡ് പൈപ്പുകള്‍ ഉള്ളതായി കണ്ടെത്തിയിരുന്നു. 28,000 വീടുകളിലേക്ക് ഐറിഷ് വാട്ടര്‍ കത്ത് നല്‍കിയിട്ടുണ്ട്. ഡബ്ലിനില്‍ അനുവദനീയമായതിനേക്കാള്‍ എണ്‍പത് മടങ്ങ് വരെ അധികമാണ് കുടിവെള്ളത്തിലെ ലെഡിന്റെ അളവ്. ഇവിടെ ഇരുപത് വീടുകളില്‍ ഏറ്റവും കൂടിയ തോതില്‍ ലെഡ് അടങ്ങിയ വെള്ളം ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. . ഇതേതുടര്‍ന്നാണ് കുടിവെള്ള വിതരണ സംവിധാനത്തില്‍ നിന്ന് ലെഡ് പൈപ്പുകള്‍ ഒഴിവാക്കുന്നതിന് വേണ്ട പദ്ധതി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച ചെയ്തത്. ചര്‍ച്ചയെ തുടര്‍ന്ന് ലെഡ് പൈപ്പുകള്‍ മാറ്റി സ്ഥാപിക്കാനുള്ള പദ്ധതിയ്ക്ക് ദേശീയ തലത്തില്‍ അംഗീകാരം നല്‍കി.
ഗ്രാന്റ് അനുവദിക്കുന്നത് എല്ലാവര്‍ക്കും വേണ്ടെന്നും താഴ്ന്ന വരുമാനക്കാര്‍ക്ക് മതിയെന്നുമാണ് പരിസ്ഥിതി മന്ത്രി അലന്‍ കെല്ലിയുടെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭൂവുടമയുടെ ഭൂമിക്ക് പുറത്ത് പൊതുസ്ഥലത്തും റോഡിലും ഉള്ള ലെഡ് പൈപ്പുകളുടെ ഉത്തരവാദിത്തം ഐറിഷ് വാട്ടറിനാണ്. അതേ സമയം വീട്ടിലേക്ക് വരുന്ന പൈപ്പ് (സ്വന്തം ഭൂമിക്ക് അകത്തുള്ളതിന്റെ) ലെഡു കൊണ്ടാണെങ്കില്‍ അതിന്റെ ഉത്തരവാദിത്വം വീട്ടുടമയ്ക്കാണ്. പൈപ്പുകള്‍ ലെഡ് കൊണ്ടുള്ളതാണോ എന്ന് നോക്കാനും മാറ്റാനും അധികൃതര്‍ ആവശ്യപ്പെടുന്നുണ്ട് . എച്ച്എസ്ഇ, ഇപിഎ ഐറിഷ് വാട്ടര്‍ എന്നിവയുമായി സഹകരിച്ച് പ്രശ്‌നം പരിഹരിക്കുന്നതിന് കരട് നിര്‍ദേശങ്ങള്‍ തയ്യാറാക്കുകയാണ് ഐറിഷ് വാട്ടര്‍. 1970 വരെ നിര്‍മ്മിച്ച എല്ലാ വീടുകളിലും ലെഡ് പൈപ്പുകള്‍ ഉണ്ടാകും.
കുടിവെള്ളത്തിലൂടെ ലെഡിന്റെ അംശം ശരീരത്തിലെത്തിയാല്‍ ബുദ്ധി വികാസത്തെയും ശാരീരിക വളര്‍ച്ചയെയും പ്രതികൂലമായി ബാധിക്കും. കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും വലിയ തോതില്‍ തന്നെ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണ് ലെഡിന്റെ സാന്നിദ്ധ്യം. ഇത് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവെയ്ക്കുകയും ചെയ്യും.
-എജെ-