ന്യൂഡല്‍ഹി:ഡല്‍ഹിയില്‍ ശമ്പളം നല്‍കാത്തതില്‍ ശുചീകരണ തൊഴിലാളികള്‍ നടത്തുന്ന സമരത്തിന് രാഹുല്‍ ഗാന്ധിയുടെ പിന്തുണ. ശമ്പളകാര്യത്തില്‍ കേന്ദ്രസര്‍ക്കാരും ഡല്‍ഹി സര്‍ക്കാരും ഒഴിഞ്ഞു മാറുകയാണെന്ന് വിമര്‍ശിച്ച രാഹുല്‍ ഉത്തരവാദിത്തങ്ങള്‍ എറ്റെടുക്കാന്‍ താന്‍ തയ്യാറാണെന്ന് പ്രഖ്യാപനവും നടത്തി.
കഴിഞ്ഞ രണ്ട് മാസമായി ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ചാണ് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തൊഴിലാളികള്‍ സമരം നടത്തുന്നത്. 10 ദിവസമായി തുടരുന്ന സമരത്തില്‍ കിഴക്കന്‍ ഡല്‍ഹിയിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നിലച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് തൊഴിലാളികള്‍ക്ക് പിന്തുണയുമായി സമര കേന്ദ്രത്തില്‍ രാഹുല്‍ ഗാന്ധി എത്തിയത്.
എന്നാല്‍ രാഹുല്‍ ഗാന്ധി നടത്തുന്നത് രാഷ്ട്രീയ നാടകമാണെന്ന് ബിജെപി ആരോപിച്ചു. ശമ്പളം നല്‍കണമെങ്കില്‍ ഇനിയും 300 കോടി രൂപ കൂടി വേണമെന്നാണ് കോര്‍പ്പറേഷന്‍ ഭരിക്കുന്ന ബിജെപിയുടെ ആവശ്യം. ഫണ്ട് കണ്ടെത്താന്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ മാര്‍ഗങ്ങള്‍ നോക്കുന്നുണ്ടെങ്കിലും ഡല്‍ഹി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സഹായങ്ങളൊന്നും നല്‍കുന്നില്ലെന്നും ബിജെപി പറയുന്നു.
ശമ്പളം നല്‍കാന്‍ സര്‍ക്കാരിന്റെ പക്കല്‍ ഫണ്ടില്ലെന്നാണ് ആംആദ്മിയുടെ വിശദീകരണം. മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ വന്‍ അഴിമതിയാണ് നടക്കുന്നതെന്നും ആംആദ്മി ആരോപിക്കുന്നുണ്ട്. അതേസമയം വിഷയത്തില്‍ ഡല്‍ഹി ഹൈക്കോടതി ഇടപെട്ടു. എംസിഡി തൊഴിലാളികള്‍ക്ക് നല്‍കാനുള്ള ശമ്പളം ദില്ലി സര്‍ക്കാര്‍ ജൂണ്‍ 15 നകം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടു.