ഡബ്ലിന്‍: ആറുവയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ ജിപി കെയര്‍ നല്‍കുന്ന പദ്ധതി ആരോഗ്യമേഖലയ്ക്ക് ഹാനികരമെന്ന് മുന്നറിയിപ്പുമായി ജിപിമാര്‍ രംഗത്ത്. സൗജന്യ ജിപി കെയര്‍ ലഭിക്കാന്‍ 6 വയസില്‍ താഴെയുള്ള കുട്ടികളുടെ മാതാപിതാക്കള്‍ രജിസ്‌ട്രേഷന്‍ ഫോം പൂരിപ്പിച്ചു നല്‍കേണ്ട നടപടിക്രമങ്ങള്‍ നാളെ മുതല്‍ ആരംഭിക്കാനിരിക്കെയാണ് ജിപിമാര്‍ മുന്നറിയിപ്പുമായി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. ജൂലൈ ഒന്നുമുതലാണ് പദ്ധതി പ്രാബല്യത്തില്‍ വരുന്നത്. ഇതുവരെ 1400 ജീപിമാരാണ് അതായത് 58 ശതമാനം പേരാണ് പദ്ധതിയെ അനുകൂലിച്ച് കരാറിലൊപ്പുവെച്ചിരിക്കുന്നത്.
ജിപിമാരുടെ മൊത്തത്തിലുള്ള സര്‍വ്വീസിനെ ഈ പദ്ധതി പ്രതികൂലമായി ബാധിക്കുമെന്ന് ഗ്രെസ്റ്റോണില്‍ പ്രാക്ടീസ് ചെയ്യുന്ന ഡോ.സിയറ കെല്ലി പറയുന്നു. രോഗികളെയും പാവപ്പെട്ടവരെയുമാണ് കൂടുതല്‍ പ്രതികൂലമായി ബാധിക്കുകയെന്നും സൗജന്യ ജിപി നല്‍കുന്ന ആറുവയസില്‍ താഴെയുള്ള പകുതിയിലേറെ കുട്ടികളും മിഡില്‍ ക്ലാസ് ഫാമിലിയിലുള്ളവരാണെന്നും ഇവര്‍ വ്യക്തമാക്കി. ഈ സേവനം നല്‍കാനുള്ള കപ്പാസിറ്റിയില്ലെന്നും ഇത് സമ്മര്‍ദ്ദത്തിനിടയാക്കുമെന്നും അവര്‍ സൂചിപ്പിക്കുന്നു. ഈ പദ്ധതി മൂലം പൊതുജനങ്ങള്‍ക്ക് ജിപിമാരെ കാണാനുള്ള കണ്‍സള്‍ട്ടേഷന്‍ സമയത്തില്‍ കുറവനുഭവപ്പെടുകയും കൂടുതല്‍ സമയം വെയ്റ്റിംഗ് ലിസ്റ്റില്‍ കാത്തിരിക്കേണ്ടി വരുകയും ചെയ്യുമെന്നും കെല്ലി പറഞ്ഞു.
-എജെ-