ദുബായ്: ദുബായ് ഡ്രൈവിങ് ടെസ്റ്റില്‍ മലയാളം ഉള്‍പ്പെടെ നാല് ഇന്ത്യന്‍ ഭാഷകള്‍ ഇടംപിടിച്ചു. മലയാളം, ഹിന്ദി, തമിഴ്, ബംഗാളി എന്നീ ഭാഷകളാണ് ഡ്രൈവിങ് ടെസ്റ്റുകള്‍ക്ക് അവലംബിക്കുന്ന ഭാഷകളില്‍ ഇടംപിടിച്ചിരിക്കുന്നത്. ചൈനീസ്, റഷ്യന്‍ ഭാഷകളുടെ നാല് ഇന്ത്യന്‍ ഭാഷകള്‍ക്കൊപ്പം പുതിയതായി ചേര്‍ത്തിട്ടുണ്ട്. ദി റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടേതാണ് തീരുമാനം.
നിലവില്‍ ഇംഗ്ലീഷ്, ഉറുദു, അറബിക് ഭാഷകളിലാണ് ദുബൈയില്‍ ഡ്രൈവിങ് ടെസ്്റ്റ് നടത്തുന്നത്. ഈ മൂന്നു ഭാഷകളും പരിചയമില്ലാത്തവരെ കൂടി ഡ്രൈവിങ് ടെസ്റ്റിന് സജ്ജമാക്കുന്നതിനാണ് പുതിയ നീക്കം. സെപ്തംബര്‍ മുതലാണ് പുതിയ ഭാഷകള്‍ കൂടി ഉള്‍പ്പെടുത്തിയുള്ള പരീക്ഷകള്‍ നടക്കുക.
‘സ്‌ക്രീനില്‍ ചോദ്യങ്ങളും അതുപോലെ 11 ഭാഷകളില്‍ ചോദ്യങ്ങളുടെ വിവര്‍ത്തനവും പരീക്ഷാര്‍ത്ഥിക്ക് ഹെഡ്‌ഫോണിലൂടെ കേള്‍ക്കാം. ചോദ്യം വായിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വായിച്ചുകേള്‍പ്പിക്കും. നല്‍കിയിരിക്കുന്ന ഓപ്ഷനുകളില്‍ നിന്നും ശരിയായ ഉത്തരം തെരഞ്ഞെടുക്കാം’ ഡ്രൈവേഴ്‌സ് ട്രെയിനിങ് ആന്റ് ക്വാളിഫിക്കേഷന്റെ ഡയറക്ടര്‍ ആരിഫ് അല്‍ മാലിക് പറഞ്ഞുവെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 30 മിനിറ്റ് ദൈര്‍ഘ്യമുള്ള ടെസ്റ്റിന് രണ്ടു ഭാഗങ്ങളുണ്ട്. രണ്ട് വിഭാഗത്തിലും ഒരു നിശ്ചിത മാര്‍ക്ക് ലഭിക്കുന്നവര്‍ക്കാണ് മാത്രമേ പ്രായോഗിക പരീക്ഷയ്ക്ക് യോഗ്യത ലഭിക്കുന്നത്.
-എജെ-