ഡബ്ലിന്‍: വിവാഹിതരായവര്‍ക്കും പൗരോഹിത്യം നല്‍കുന്നതു പരിഗണിക്കാന്‍ കമ്മീഷനെ നിയമിക്കുന്നതിനെക്കുറിച്ച് ബിഷപ്പുമാരുമായി ചര്‍ച്ച നടത്തിവരികയാണെന്ന് കില്‍മോര്‍ ബിഷപ്പ് ലിയോ ഒ റെയ്‌ലി. വനിതകള്‍ക്ക പൗരോഹിത്യം നല്‍കുന്നതിനെക്കുറിച്ചും കമ്മീഷന്‍ തീരുമാനമെടുക്കും. കാവന്‍ കൗണ്ടിയും സമീപപ്രദേശങ്ങളുമടങ്ങുന്നതാണ് കില്‍മോര്‍. പുരോഹിതരുടെ എണ്ണം കുറയുന്നതടക്കമുള്ള സഭ നേരിടുന്ന വെല്ലുവിളികള്‍ സംബന്ധിച്ച് കഴിഞ്ഞ പത്തു മാസമായി കില്‍മോര്‍ രൂപതയില്‍ ചര്‍ച്ചകള്‍ നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി രൂപതയ്ക്കു കീഴില്‍ അസംബ്ലി രൂപീകരിച്ചിരുന്നു.
അയര്‍ലന്‍ഡില്‍ പുരോഹിതരുടെ എണ്ണത്തില്‍ വന്‍ കുറവാണുണ്ടായിരിക്കുന്നത്. സേവനമനുഷ്ഠിക്കുന്ന പുരോഹിതരുടെ ശരാശരി പ്രായം അറുപത് വയസാണ്. അതിനാല്‍ ഭാവിയില്‍ പുരോഹിതുടെ കുറവ് കൂടുതല്‍ രൂക്ഷമാകുമെന്നാണ് കരുതുന്നത്.
2008 ല്‍ 4750 പുരോഹിതരാണ് രാജ്യത്തുണ്ടായിരുന്നതെങ്കില്‍ 2028 ആകുമ്പോഴേക്ക് പുരോഹിതരുടെ എണ്ണം 1500 ആകുമെന്നാണ് സൂചന. പുതിയ കമ്മീഷന്‍ രൂപീകരിക്കുന്നതു സംബന്ധിച്ച് ഒക്ടോബറില്‍ മെയ്‌നൂത്തില്‍ നടക്കുന്ന ബിഷപ്‌സ് കോണ്‍ഫറന്‍സില്‍ ചര്‍ച്ച ചെയ്യുമെന്ന് റെയ്‌ലി പറഞ്ഞു. പുതിയ ചര്‍ച്ച സംബന്ധിച്ച് മറ്റു ബിഷപ്പുമാര്‍ക്ക് തുറന്ന സമീപനമാണുള്ളതെന്നാണ് തന്റെ പ്രതീക്ഷയെന്നും എല്ലാ സാധ്യതകളും പരിഗണിക്കാവുന്ന സാഹചര്യം ചര്‍ച്ചയിലൂടെ ഉരുത്തിരിയുമെന്നും റെയ്‌ലി പ്രത്യാശ പ്രകടിപ്പിച്ചു.
ഇന്‍ഡിവീജുവല്‍ ബിഷപ്പുമാരെ പ്രോത്സാഹിപ്പിക്കണമെന്നും ബിഷപ്‌സ് കോണ്‍ഫറന്‍സുകള്‍ ക്രിയാത്മകമായി സഭയുടെ നല്ല ഭാവി മുന്നില്‍ക്കണ്ട് ഉപയോഗിക്കണമെന്നും ഫ്രാന്‍സിസ് മാര്‍പ്പാപ്പ വ്യക്തമാക്കിയിരുന്നു. ഇതിനുള്ള പ്രതികരണമെന്ന നിലയ്ക്കാണ് തന്റെ നിര്‍ദേശങ്ങളെന്ന് ബിഷപ്പ് റെയ്‌ലി പറയുന്നു. പുരോഹിതരുടെ എണ്ണക്കുറവിനെ തുടര്‍ന്ന് ബ്രസീലില്‍ സമാന സ്വഭാവമുള്ള കമ്മീഷന്‍ രൂപീകരിച്ചിരുന്നു. കര്‍ദിനാള്‍ ക്ലോഡിയോ ഹ്യൂംസും ബിഷപ്പ് എര്‍വിന്‍ ക്രോട്ട്‌ലറുമായിരുന്നു കമ്മീഷന്റെ അമരക്കാര്‍.
-എജെ-