എച്ച്ഐവി നിരക്ക് ഏറ്റവും ഉയര്‍ന്ന തോതില്‍: ആരോഗ്യമേഖലാ ജീവനക്കാര്‍ ശ്രദ്ധിക്കുക

ഡബ്ലിന്‍: രാജ്യത്ത് അഞ്ച് വര്‍ഷം കൊണ്ട് എച്ച്ഐവി നിരക്ക് ഏറ്റവും കൂടിയ തോതിലെത്തിയെന്ന് റിപ്പോര്‍ട്ട്. സ്വവര്‍ഗ ലൈംഗിക തത്പരരായ പുരുഷന്മാര്‍ക്കും മയക്കമരുന്ന് കുത്തിവെയ്ക്കുന്നവര്‍ക്കും ഇടയിലുമാണ് വന്‍ വര്‍ധനയുള്ളത്. ഐറിഷ് ഏയ്ഡ്സ് ഡേയുടെ ഭാഗമായി പുറത്ത് വിട്ട റിപ്പോര്‍ട്ട് പ്രകാരം സ്വവര്‍ഗ ലൈംഗിക തത്പരരായ പുരുഷന്മാര്‍ക്കിടയില്‍ രോഗം പിടിപെടുന്നത് വര്‍ധിക്കുന്നത് തടയാന്‍ നടപടികള്‍ ശക്തമാക്കണമെന്ന് വ്യക്തമാക്കുന്നു. നിരക്കുയര്‍ന്നതില്‍ ആശങ്കയണ്ടെന്ന് എച്ച്ഐവി അയര്‍ലന്‍ഡ് പറയുന്നു. എച്ച്ഐവി പടരുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നിശബ്ദത മൂലം നിന്ന് പോയെന്നും കൂട്ടിചേര്‍ക്കുന്നുണ്ടിവര്‍.

കഴിഞ്ഞ വര്‍ഷം377 പേര്‍ക്കാണ് പുതിയതായി എച്ച്ഐവി കണ്ടെത്തിയത്. 2013 ല്‍341 പേര്‍ക്കായിരുന്നു പുതിയതായി എച്ച്ഐവി കണ്ടെത്തിയിരുന്നത്. ഒരു വര്‍ഷം കൊണ്ട് പതിനൊന്ന് ശതമാനത്തിന്‍റെ വര്‍ധന. 2009 ന് ശേഷം ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഈ വര്‍ഷം 168 പേര്‍ക്കും ഇതുവരെയായി എച്ച്ഐവി സ്ഥരീകരിച്ചിട്ടുണ്ട്. പരസ്പരം ലൈംഗിക ബന്ധമുള്ള പുരുഷന്മാര്‍ക്കിടയില്‍ 183 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2013ല്‍ 158 കേസുകളായിരുന്നു ഈ വിഭാഗത്തിനിടയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഒരു വര്‍ഷം കൊണ്ട് പതിനാറ് ശതമാനം വര്‍ധന ഉണ്ടായി. എതിര്‍ ലിംഗ ലൈഗിക തത്പരരില്‍ 125 പേര്‍ക്കും 2013ല്‍ 131 പേര്‍ക്കും വൈറസ് ബാധ കണ്ടെത്തി. ഈ വിഭാഗത്തില്‍ നിരക്ക് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞിരിക്കുകയാണ്.

മയക്കമരുന്ന് കുത്തിവെയ്ക്കുന്നവര്‍ക്കിടയില്‍ കഴിഞ്ഞ വര്‍ഷം 27 പേരിലും തൊട്ട് മുന്‍ വര്‍ഷം 21 പേരിലുമാണ് എച്ച്ഐവി ബാധ കണ്ടെത്തിയിരിക്കുന്നത്. 2005ന് ശേഷം സ്വവര്‍ഗ ലൈംഗികത പ്രകടമാക്കുന്ന പുരുഷന്മാരില്‍ എച്ച്ഐവി പടരുന്നത് മൂന്ന് മടങ്ങായി വര്‍ധിച്ചിരിക്കുകയാണ്. 25-29 പ്രായത്തിനിടയിലുള്ളവരാണ് ഇതേ വിഭാഗത്തിലെങ്കില്‍ വര്‍ധന അഞ്ച് മടങ്ങാണ്. ഈ വിഭാഗത്തില്‍ അഞ്ചില്‍ ഒരാള്‍ക്ക് വീതം മറ്റ് ലൈംഗിക രോഗങ്ങളും കാണപ്പെടുന്നുണ്ട്. കോണ്ടം പോലുള്ളവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയാണ് ഇവര്‍ക്കിടയില്‍ വേണ്ടതെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. ഇത് കൂടാതെ സ്വവര്‍ഗ ലൈംഗിക തത്പരരായ പുരുഷന്മാര്‍ക്ക് ലൈംഗിക അറിവിനായി മറ്റ് നടപടികളും ശക്തമാക്കണം.

വിഭിന്ന ലൈംഗിക തത്പരില്‍ കാണപ്പെടുന്ന എച്ച്ഐവിയില്‍ 58% ശതമാനം പേരും സബ് സഹാറന്‍ മേഖലയില്‍ ജനച്ചവരാണ്. അതേ സമയം മയക്കമരുന്ന് കുത്തിവെയ്പ്പിലൂടെ എച്ച്ഐവി പിടിപെട്ടവരില്‍ 85% പേരും അയര്‍ലന്‍ഡില്‍ ജനിച്ചവരുമാണ്. ഇതില്‍ തന്നെ സ്ത്രീകളാണ് കൂടുതലെന്നതും ശ്രദ്ധേയമാണ്. രണ്ട് വര്‍ഷത്തിനിടെ മയക്കമരുന്ന് കുത്തിവെയ്പ്പിലൂടെ എച്ച്ഐവി ബാധിതരാകുന്ന സ്ത്രീകളുടെ നിരക്ക് അഞ്ച് മടങ്ങ് വര്‍ധിച്ചു.

ആരോഗ്യ മേഖലയില്‍ ജോലിചെയ്യുന്നവരാണ് എന്നതിനാല്‍ മലയാളികളെ സംബന്ധിച്ചിടത്തോളം കൂടുതല്‍ ഗൗരവതരമായി കാണേണ്ട വിവരങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്.മിക്ക നഴ്‌സുമാരുടേയും അനുഭവത്തില്‍,രോഗികളായി എത്തുന്നവര്‍ക്ക് എച്ച് ഐ വി ബാധ ഉണ്ട് എന്ന് തിരിച്ചറിയുന്നത് ദിവസങ്ങള്‍ക്ക് ശേഷമാണ്. ഇതു കൊണ്ട് തന്നെ എല്ലാ രോഗീ ശുശ്രൂഷകള്‍ക്കും കയ്യുറ, ഏപ്രണ്‍ തുടങ്ങിയ ആരോഗ്യ വകുപ്പ് അനുശാസിക്കുന്ന എല്ലാ മാര്‍ഗ്ഗങ്ങളും കൈകൊള്ളുന്നത് സുരക്ഷിതവും ആരോഗ്യപരവുമായ തൊഴില്‍ മേഖല സൃഷ്ടിക്കാന്‍ ഉതകുന്നതാണന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

Share this news

Leave a Reply

%d bloggers like this: